യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

0
67

യുഎസ് – ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം അഞ്ചിലൊരുഭാഗം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപനം വന്നതിന് തൊട്ടു പിറകേ തന്നെ വിപണിയിൽ ചലനങ്ങളുണ്ടായി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കത്തിക്കയറി നിന്നിരുന്ന എണ്ണവില കുത്തനെ ഇടിഞ്ഞു.ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 109.77 ഡോളറില്‍ നിന്ന് 94.57 ഡോളറായി കുറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ഇന്ധനമാണ് ബ്രെന്‍ഡ് ക്രൂഡ്. വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിറകെ യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ഓയില്‍ വിലയും ബാരലിന് ഏകദേശം 20 ഡോളറോളം താഴ്ന്നു. ആഴ്ചകളോളം നീണ്ടുനിന്ന തടസങ്ങള്‍ക്ക് ശേഷം നിലവിലെ സാഹചര്യത്തിൽ എണ്ണ വിതരണം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

ഫെബ്രുവരി 28 മുതൽ ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ടെഹ്‌റാനെ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ പ്രേരിപ്പിച്ചു. അതോടെ ടാങ്കറുകൾ ഈ വഴി ഒഴിവാക്കി. സ്ഥിരം പാതയിലൂടെയുള്ള ചരക്കുനീക്കം മാറ്റിയത് ഇൻഷുറൻസ് ചെലവുകൾ ഉൾപ്പെടെ കുതിച്ചുയരാൻ കാരണമായി. തുടർന്ന് മാർച്ചിൽ എണ്ണവില 50 ശതമാനത്തിലധികം ഉയർത്തുകയായിരുന്നു. വിപണിയിൽ സമീപകാലത്ത് രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിമാസ വർധനവാണ് കഴിഞ്ഞമാസം എണ്ണവിലയിലുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here