ന്യൂഡല്‍ഹി: തൊഴിലാളി അവകാശങ്ങളുടെ ചിറകരിഞ്ഞു തയാറാക്കിയ മൂന്നു സുപ്രധാന തൊഴില്‍ ചട്ടങ്ങള്‍ ഭരണപക്ഷത്തിെന്റ ഏകപക്ഷീയ ചര്‍ച്ചക്കു ശേഷം ലോക്സഭ ‘എതിര്‍പ്പില്ലാതെ’ പാസാക്കി. വ്യവസായബന്ധ ചട്ടം, സാമൂഹിക സുരക്ഷ ചട്ടം, തൊഴിലിട സുരക്ഷ ചട്ടം എന്നീ തൊഴില്‍ സംഹിതകളാണ് പ്രതിപക്ഷ ബഹിഷ്കരണം വകവെക്കാതെ പാസാക്കിയത്.
രാജ്യസഭയില്‍നിന്ന് എട്ട് എം.പിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്സഭയില്‍ ഇറങ്ങിപ്പോക്ക് നടത്തിയെങ്കിലും ബില്‍ ചര്‍ച്ചക്കെടുക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലാതെ സര്‍ക്കാര്‍ മുന്നോട്ടു പോയപ്പോള്‍, എന്‍.ഡി.എ സഖ്യകക്ഷികള്‍ക്കു പുറമെ ബി.ജെ.ഡി, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ ചങ്ങാത്ത പാര്‍ട്ടികളുടെ സഹകരണം മാത്രമാണ് സര്‍ക്കാറിന് ലഭിച്ചത്.നടപ്പു സമ്മേളനകാലം മുഴുവന്‍ ബഹിഷ്കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരിക്കേ, ഗൗരവ ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്ന തൊഴില്‍ നിയമ പരിഷ്കാരത്തിന്മേല് രാജ്യസഭയിലും ഭരണപക്ഷ ചര്‍ച്ച മാത്രമാണ് നടക്കുക. ഭരണപക്ഷവും പ്രതിപക്ഷവും ഒട്ടൊക്കെ ബലാബലം നില്ക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷത്തിെന്റ അഭാവത്തില്‍ മൂന്നു ബില്ലുകളും അനായാസം പാസാവും. പ്രതിപക്ഷ ബഹിഷ്കരണത്തിനിടയില്‍ ചൊവ്വാഴ്ച ഏഴു ബില്ലുകളാണ് രാജ്യസഭയില്‍ ചുരുങ്ങിയ സമയം കൊണ്ട് ഏകപക്ഷീയ ചര്‍ച്ചയോടെ കൈയടിച്ചു പാസാക്കിയത്.
44 തൊഴില്‍ നിയമങ്ങള്‍ എടുത്തുകളഞ്ഞ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന നാലു തൊഴില്‍ ചട്ടങ്ങളില്‍ വേതനച്ചട്ട ബില്‍ പാസാക്കിയിരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ടതിനാല്‍ മൂന്നു ചട്ടങ്ങളും പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പഠനത്തിന് വിട്ടു.
പഠനം കഴിഞ്ഞ് തൊഴിലുടമക്ക് കൂടുതല്‍ ഇളവും ആശ്വാസവും ലഭ്യമാക്കുന്ന വിധമാണ് സര്‍ക്കാര്‍ ബില്ലുകള്‍ പുതുക്കി കൊണ്ടുവന്നത്. അതാണ് പ്രതിപക്ഷ ശബ്ദമില്ലാതെ പാസാക്കിയത്.
ഇനി ‘ഹയര്‍ ആന്‍ഡ് ഫയര്‍’
തൊഴിലാളിയെ ജോലിക്ക് എടുക്കുന്നതിനും തോന്നുേമ്ബാള് പിരിച്ചുവിടുന്നതിനും തൊഴിലുടമക്ക് വര്‍ധിച്ച സ്വാതന്ത്ര്യമാണ് ചട്ടങ്ങള്‍ വഴി ലഭിക്കുക. 300ല്‍ താെഴ തൊഴിലാളികളുള്ള വ്യവസായ സ്ഥാപനം പൂട്ടാനും തൊഴിലാളികളെ പിരിച്ചു വിടാനും സര്‍ക്കാറിെന്റ പ്രത്യേകാനുമതി വേണ്ട. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിര്‍ദേശിച്ചത് 100ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ എന്നായിരുന്നു. ബില്‍ പുതുക്കിയപ്പോള്‍ അതേ സര്‍ക്കാര്‍തന്നെ നിലപാട് മാറ്റി. ഇതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സ്വമേധയാ പിരിച്ചുവിടല്‍, അടച്ചുപൂട്ടല്‍ സ്വാതന്ത്ര്യമായി. വ്യവസായ ബന്ധ ചട്ടം 2020ലെ 77(1) വകുപ്പിലാണ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നത്.
ഏതു വ്യവസായ സ്ഥാപനത്തിലും സമരം ചെയ്യാന്‍ തൊഴിലാളികള്‍ക്കുള്ള അവകാശം ചുരുങ്ങി. 14 ദിവസം മുമ്ബ് നോട്ടീസ് നല്‍കണം. അനുബന്ധ വ്യവസ്ഥകള്‍ കൂടിയാകുേമ്ബാള് പണിമുടക്ക് നടത്താന്‍ തന്നെ കഴിയില്ല. അനുരഞ്ജന ചര്‍ച്ച നടന്ന് ഏഴു ദിവസം വരെ സമരം പാടില്ല. ഒരു ൈട്രബ്യൂണല്‍ നടപടി കഴിഞ്ഞ് 60 ദിവസ സാവകാശമില്ലാതെ സമരം ചെയ്യരുത്. സമരം മാത്രമല്ല, തൊഴിലുടമയുടെ ലോക്കൗട്ടും പാടില്ല. പൊതുസേവന രംഗത്തെ സ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമാണ് സമരത്തിന് ആറാഴ്ച മുമ്ബ് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നത്.
നിശ്ചിതകാല തൊഴില്‍ സമ്ബ്രദായത്തിന് വ്യവസ്ഥ. തൊഴിലുടമയും തൊഴിലാളിയുമായി നിശ്ചിതകാല കരാറില്‍ ഏര്‍പ്പെടാം. അതു പുതുക്കിയില്ലെങ്കില്‍, യഥാസമയം തൊഴിലാളി പിരിഞ്ഞു പോകണം. സ്ഥിര നിയമനം, താല്കാലിക നിയമനം എന്നിവയില്‍നിന്ന് വ്യത്യസ്തമാണിത്. െതാഴിലാളി സംഘടനയുടെ ഇടപെടല്‍ പറ്റില്ല. ഒരേ വേതനമാകണമെന്നില്ല. പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.െഎ അവകാശങ്ങള്‍കൂടി നിശ്ചിതകാല കരാര്‍ ജീവനക്കാര്‍ക്ക് ഉണ്ടാവില്ല.
ഏതു സ്ഥാപനത്തിലെയും തൊഴില്‍ ചര്‍ച്ചകള്‍ 51 ശതമാനമെങ്കിലും അംഗങ്ങളുള്ള യൂനിയനുമായിട്ടാവും. അത്തരമൊരു യൂനിയനില്ലെങ്കില്, 20 ശതമാനമെങ്കിലും തൊഴിലാളികള്‍ അംഗങ്ങളായ വിവിധ യൂനിയനുകളെ ഉള്‍െപ്പടുത്തി ചര്‍ച്ച സമിതി രൂപവത്കരിക്കും.
അന്തര്‍സംസ്ഥാന തൊഴിലാളികളെ, തൊഴിലാളിയുടെ നിര്‍വചനത്തിന് കീഴില്‍ കൊണ്ടുവന്നു. അസംഘടിത മേഖലയില്‍ പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി സാമൂഹിക സുരക്ഷ ഇളവുകള്‍ നല്‍കുന്നതിന് ഇത് സഹായിക്കും.