നാടെങ്ങും രാമനവമി ആഘോഷം; ദർശനത്തിനായി ഒഴുകിയെത്തി ഭക്തർ,

0
45

ലഖ്‌നൗ: ഭഗവാൻ മഹാവിഷ്ണുവിൻ്റെ ഏഴാം അവതാരമായ ശ്രീരാമൻ്റെ ജന്മദിനാഘോഷമാണ് രാമനവമി. തിന്മയ്ക്ക് മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ദിനം കൂടിയാണിത്. ചൈത്രമാസത്തിലെ വെളുത്തപക്ഷത്തിലെ നവമി ദിനമായതിനാൽ ചൈത്രനവമി എന്നും ഇതറിയപ്പെടുന്നു. ചൈത്ര നവരാത്രിയുടെ ഒമ്പതാം ദിവസമായ രാമനവമിയിൽ പങ്കെടുക്കാൻ ശ്രീരാമ ജന്മഭൂമിയായ അയോധ്യയിലേക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നും നൂറുകണക്കിന് ഭക്തരാണ് ഒഴുകിയെത്തുന്നത്. തീർഥാടകരുടെ എണ്ണം നിയന്ത്രിക്കാനും സുഗമമായ ദർശനം ഒരുക്കാനും ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി.

സുരക്ഷാ ക്രമീകരണങ്ങൾ

സമഗ്രമായ സുരക്ഷ നടപടികളാണ് അയോധ്യയിൽ ഒരുക്കിയിട്ടുള്ളതെന്ന് ലഖ്‌നൗ സോൺ എഡിജി പ്രവീൺ കുമാർ വ്യക്തമാക്കി. രാമക്ഷേത്ര നിർമാണത്തിന് ശേഷമുള്ള ആദ്യത്തെ രാമനവമി ആയതിനാൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിൽ ദർശനത്തിനായി ധാരാളം ഭക്തർ എത്തുന്നതിനാൽ ഡ്രോണുകളുടെയും സിസിടിവി കാമറകളുടെയും സഹായത്തോടെ നിരീക്ഷണം ശക്തമാക്കി. ജനങ്ങളെ നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെയും വിന്യസിച്ചു.

നിയന്ത്രണങ്ങളുമായി പശ്ചിമബംഗാൾ

രാമനവമി ഘോഷയാത്രയ്ക്ക് മുമ്പ് കർശന മുന്നറിയിപ്പുമായി പശ്ചിമബംഗാൾ അധികൃതരും രംഗത്തുണ്ട്. പരിപാടിയുടെ സമയത്ത് ആയുധങ്ങളോ നിരോധിത വസ്തുക്കളോ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചു. സമാധാനപരമായ ആഘോഷം ഉറപ്പാക്കാൻ പൊലീസ് സംഘാടകരുമായി ഏകോപന യോഗങ്ങൾ ചേർന്നെന്ന് ബിഷുൻഗഡ് എസ്‌ടിപിഒ വിദ്യാഗർ അജിങ്ക്യ ആനന്ദ് സ്ഥിരീകരിച്ചു. ആരെങ്കിലും നിരോധിത വസ്തുക്കൾ കൈവശം വച്ചതായി കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഘോഷവും വിശ്വാസവും

ചൈത്രനവമി ദിനങ്ങളിൽ ഭഗവാൻ്റെ ഒമ്പത് അവതാരങ്ങളെയാണ് പൂജിക്കുക. ശ്രീരാമൻ മനുഷ്യരൂപത്തിൽ അവതരിച്ച ദിവസമാണിത്. ഇന്ത്യയിലുടനീളം വളരെ ഭക്തിയോടെയാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഉത്തർപ്രദേശിലെ പുണ്യനഗരമായ അയോധ്യയിൽ പ്രത്യേക പ്രാർഥനകളും ചടങ്ങുകളും നടക്കും. ചൈത്രനവമി ദിനങ്ങളിൽ വിശ്വാസികൾ ഒമ്പത് ദിവസം വ്രതം ആചരിക്കുന്നു. മദ്യം, പുകവലി, മാംസാഹാരം എന്നിവ ഒഴിവാക്കി പ്രാർഥനയിലും ധ്യാനത്തിലും മുഴുകുകയാണ് പതിവ്. ശ്രീരാമൻ, ലക്ഷ്മണൻ, സീത, ഹനുമാൻ തുടങ്ങിയവരെ ഈ ദിനങ്ങളിൽ ധ്യാനിക്കുകയും രാമായണം ഉൾപ്പെടെയുള്ള വേദഗ്രന്ഥങ്ങൾ വായിക്കുകയും ചെയ്യും. ക്ഷേത്രങ്ങളിലും വീടുകളിലും ഭജനകളും പ്രാർഥനകളും സംഘടിപ്പിക്കാറുണ്ട്.

ആചാര അനുഷ്ഠാനങ്ങൾ

രാമനവമി നാളിൽ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് കുളിച്ചു ശുദ്ധിയായി വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം. അതിനുശേഷം ശ്രീരാമനെയും ലക്ഷ്മണനെയും സീതാദേവിയെയും പൂജിച്ച് കുങ്കുമം, വെണ്ണ, ചന്ദനം മുതലായവ കൊണ്ട് തിലകം ചാർത്തണം. തുടർന്ന് അരിയുടേയും തുളസിയിലയുടെയും നിവേദ്യം അർപ്പിക്കാം.

ശ്രീരാമന് തുളസി വളരെ പ്രിയപ്പെട്ടതാണ്. ഇതിനുശേഷം പുഷ്പങ്ങൾ അർപ്പിക്കുകയും മധുരപലഹാരങ്ങളും വെള്ളവും സമർപ്പിക്കുകയും ചെയ്യാം. തുടർന്ന് നെയ് വിളക്കും കുന്തിരിക്കവും കത്തിക്കാം. ശ്രീരാമചരിത മാനസം, രാമരക്ഷാ സ്തോത്രം അല്ലെങ്കിൽ രാമായണം എന്നിവ പാരായണം ചെയ്യാവുന്നതാണ്. രാമനാമ ജപങ്ങളോടെ ദിവസം മുഴുവൻ ഭക്തിസാന്ദ്രമാക്കാൻ വിശ്വാസികൾ ശ്രദ്ധിക്കാറുണ്ട്. ആരതിയും മറ്റും ചെയ്ത പ്രസാദം എല്ലാവർക്കും വിതരണം ചെയ്താണ് ചടങ്ങുകൾ പൂർത്തിയാക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here