ഒരുപാട് കറികൾ ഉള്ളതിലും നല്ലതാണ് പോഷകസമ്പന്നമായ ഒരു കറി. ഉച്ചയൂണ് രുചികരവും പോഷകസമ്പന്നവുമാക്കാൻ ഈ റെസിപ്പി ഒരു തവണ ട്രൈ ചെയ്യൂ
കിട്ടുന്ന സമയം മുഴുവൻ അടുക്കളയിൽ ചിലവഴിക്കേണ്ട കാര്യമില്ല. രുചികരവും എന്നാൽ എളുപ്പത്തിലും തയ്യാറാക്കാൻ സാധിക്കുന്ന വിഭവങ്ങൾ ട്രൈ ചെയ്യൂ. ഒരുപാട് കറികളുള്ള ഒരു ഉച്ചയൂണിലും നല്ലത് അത് പോഷകസമ്പന്നമാക്കുക എന്നതാണ്. കഞ്ഞിയും പയറും മാത്രം കഴിച്ചിരുന്ന ഒരു കാലം മലയാളിക്കുണ്ടായിരുന്നു. ഊർജ്ജവും ഉന്മേഷവും കരുത്തുമുള്ള ശരീരം നേടാൻ അത് സഹായിച്ചിരുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ്, ഇരുമ്പ് തുടങ്ങിയവയുടെ സമ്പന്നമായ ഉറവിടമാണ് ചെറുപയർ. കൊഴുപ്പ് കുറവായതിനാൽ ശരീരഭാര കുറയ്ക്കാനോ കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനോ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ അനുയോജ്യമായിരിക്കും. ചെറുപയർ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനുള്ള ഒരു അടിപൊളി റെസിപ്പിയാണ് ഷിജോ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ചുവന്നുള്ളി- 6-7 എണ്ണം
- കുരുമുളക്- 1/4 ടീസ്പൂൺ
- വെളുത്തുള്ളി- 4-5 അല്ലി
- വറ്റൽമുളക്- 3 എണ്ണം
- വെളിച്ചെണ്ണ- ആവശ്യത്തിന്
- കറിവേപ്പില- 1 തണ്ട്
- ഉപ്പ്- ആവശ്യത്തിന്
- ചെറുപയർ- 11/2 കപ്പ്
തയ്യാറാക്കുന്ന വിധം
- അഞ്ചോ ആറോ ചുവന്നുള്ളിയും, കാൽ ടീസ്പൂൺ കുരുമുളകും, നാലോ അഞ്ചോ വെളുത്തുള്ളി അല്ലിയും ചതച്ചെടുക്കാം.
- ഇതിലേയ്ക്ക് മൂന്ന് വറ്റൽമുളക് ചേർത്ത് ചതയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ചതച്ചെടുത്തവ ചേർത്തിളക്കാം.
- അതിലേയ്ക്ക് ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് ഇളക്കാം.
ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കാം. - ഇതിലേയ്ക്ക് വേവിച്ച വെച്ചിരിക്കുന്ന ചെറുപയർ ചേർത്ത് കുറഞ്ഞ തീയിൽ വഴറ്റിയെടുക്കാം.





