വാഷിങ്ടണ്‍: യുഎസ് ആക്രമണങ്ങളിൽ ഇറാന് കനത്ത നാശ നഷ്‌ടങ്ങൾ സംഭവിച്ചൂവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ സൈന്യത്തിന് കനത്ത നാശനഷ്‌ടമുണ്ടായെന്നും അത് പുനർനിർമ്മിക്കാൻ ഒരു ദശാബ്‌ദമെടുക്കുമെന്നും ട്രംപ് പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
സംഘർഷം അവസാനിച്ചൂവെന്ന് പ്രഖ്യാപിക്കാൻ തയ്യാറാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി യുദ്ധം അവസാനിപ്പിക്കാൻ കാരണമൊന്നും ഇല്ലാത്തതിനാൽ അവസാനിച്ചതായി പ്രഖ്യാപിക്കുന്നില്ലെന്നും ഇറാൻ ഒരുപാട് നാശനഷ്‌ടങ്ങൾ നേരിട്ടതിനാൽ ഇത് പുനർനിർമ്മിക്കാൻ 10 വർഷമോ അതിൽ കൂടുതലോ എടുക്കുമെന്നും ട്രംപ് പറഞ്ഞു.
“എന്നെ സംബന്ധിച്ചിടത്തോളം സൈനികപരമായി ഇറാനെ ഞങ്ങൾ പരാജയപ്പെടുത്തി. അവർക്ക് ഒരു ചെറിയ തിരിച്ചടി നൽകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് അറിയാവുന്നതുപോലെ, ഞങ്ങൾ അവരുടെ വ്യോമസേനയെ ഇല്ലാതാക്കി. അവരുടെ വ്യോമ പ്രതിരോധ സംവിധാനം താറുമാറായി. അവർക്ക് യാതൊരു വിധത്തിലുള്ള വ്യോമ പ്രതിരോധവുമില്ല” ട്രംപ് പറഞ്ഞു.
ഖാർഗ് ദ്വീപിലെ ഇറാൻ്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രത്തിൽ യുഎസ് നടത്തിയ ആക്രമണങ്ങളെക്കുറിച്ചും ട്രംപ് പരാമർശിച്ചു. “ഞങ്ങൾ ഖാർഗ് ദ്വീപിനെ ആക്രമിച്ചു, അവിടെ ഒരു ചെറിയ പ്രദേശം മാത്രമേ നിലനിൽക്കുന്നുള്ളൂ. എണ്ണ പൈപ്പുകളുടെ ഭാഗവും ബാക്കിയുണ്ട്. അഞ്ച് മിനിറ്റ് കൊണ്ട് ഞങ്ങൾക്ക് അത് നശിപ്പിക്കാൻ കഴിയും. പക്ഷേ ഞങ്ങൾ അത് ചെയ്യരുതെന്ന് തീരുമാനിച്ചു. എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം” ട്രംപ് കൂട്ടിച്ചേർത്തു. യുഎസ് സൈന്യം നടത്തിയ സൈനിക നടപടികളേയും ട്രംപ് അഭിനന്ദിച്ചു.
നേരത്തെ, ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടുവെന്ന ട്രംപിൻ്റെ പ്രസ്‌താവന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി നിരസിച്ചിരുന്നു. ഇറാൻ കഴിയുന്നിടത്തോളം സ്വയം പ്രതിരോധിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങളിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സൈനിക ആസ്‌തികൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇറാൻ ചർച്ചകൾക്കോ ഒരു ഉടമ്പടിക്കോ ശ്രമിച്ചൂവെന്ന ട്രംപിൻ്റെ അവകാശവാദങ്ങൾ ഇറാൻ നേതാവ് തള്ളിക്കളയുകയും ചെയ്‌തു. “ഇല്ല ഞങ്ങൾ ഒരിക്കലും വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടില്ല, ചർച്ചകൾ പോലും ആവശ്യപ്പെട്ടിട്ടില്ല. എത്ര കാലം വേണമെങ്കിലും സ്വയം പ്രതിരോധിക്കാൻ ഞങ്ങൾ തയ്യാറാണ്” അരാഗ്‌ചി പറഞ്ഞു. ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ യുഎസ് സൈന്യം നശിപ്പിച്ചുവെന്ന് ട്രംപിൻ്റെ അവകാശവാദത്തിന് ശേഷമാണ് അരാഗ്‌ചി ഈ പ്രസ്‌താവന നടത്തിയത്. യുഎസ് “നിയമവിരുദ്ധ യുദ്ധം” അവസാനിപ്പിക്കുന്നതുവരെ ഇറാൻ സൈനിക നടപടി തുടരുമെന്ന് അരാഗ്‌ചി പറഞ്ഞു.






