കോഴിക്കോട് | ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബൈ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനം മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കി. ഇന്നലെ വൈകുന്നേരത്തോടെയാണ് വിമാനങ്ങള്‍ക്ക് ദുബൈയില്‍ നിരോധനമേര്‍പ്പെടുത്തിയതായുള്ള അറിയിപ്പ് വന്നത്. 15 ദിവസത്തേക്കായിരുന്നു നിരോധനം. എന്നാല്‍ ഇന്ത്യന്‍ എംബസിയുടെയും കേന്ദ്രത്തിന്റെയും ഇടപെടലുകളെ തുടര്‍ന്ന് നാല് മണിക്കൂറിനുള്ളില്‍ തന്നെ നിരോധനം നീക്കിയതായുള്ള അറിയിപ്പ് പുറത്തു വന്നു.
ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ പതിവ് പോലെ നടക്കുമെന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു.എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ രണ്ട് കൊവിഡ് രോഗികള്‍ ദുബൈയില്‍ എത്തുകയും യാത്രക്കാര്‍ക്ക് മുഴുവന്‍ ക്വാറന്റൈന്‍ വേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് നിരോധനമേര്‍പ്പെടുത്തിയത്. തുടര്‍ന്ന് നേരത്തേ ദുബൈയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം നല്‍കി. എന്നാല്‍, ദുബൈയില്‍ അടിയന്തരമായി എത്തേണ്ട യാത്രക്കാര്‍ക്കായി ഷാര്‍ജയിലേക്ക് അധിക സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു.
ആഗസ്റ്റ് 28, സെപ്തംബര്‍ നാല് തീയതികളില്‍ ഡല്‍ഹി, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ട് യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കാന്‍ ദുബൈ സിവില്‍ വ്യോമയാന അധികൃതര്‍ നിര്‍ദേശം നല്‍കിയത്. രണ്ട് വിമാനത്തിലെയും യാത്രക്കാര്‍ ക്വാറന്റൈനില്‍ പോകണമെന്നും കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്നും ദുബൈ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ദുബൈ അധികൃതരോട് മാപ്പ് പറഞ്ഞു. കുറ്റക്കാരായ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് വിഭാഗം അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചുണ്ട്