ന്യൂഡൽഹി: സമ്മർദ്ദം ഒഴിവാക്കി ഭയമില്ലാതെ പരീക്ഷകളെ നേരിടണമെന്നും അതിനായി ആദ്യം നിങ്ങളുടെ മനസിനെ പരിശീലിപ്പിക്കണമെന്നും വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ പേ ചർച്ചയുടെ 2-ാം എപ്പിസോഡിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പരീക്ഷാ പേ ചർച്ചയുടെ ഭാഗമായി.
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അടക്കം നാലരക്കോടിയിലേറെ ആളുകൾ ഇത്തവണ പരീക്ഷാ പേ ചർച്ചയ്ക്കായി രജിസ്റ്റർ ചെയ്‌തു. പരീക്ഷാ സമ്മർദ്ദം കുറയ്ക്കുക എന്നതായിരുന്നു 9-ാം പതിപ്പിൻ്റെ ലക്ഷ്യം. 2047 ഓടെ രാജ്യത്തിൻ്റെ വികസനത്തിന് സംഭാവന നൽകാനുള്ള അവരുടെ താൽപ്പര്യത്തെ അദ്ദേഹം പ്രശംസിച്ചു. വികസിത രാജ്യങ്ങളിൽ കാണുന്ന അച്ചടക്കത്തെ പ്രതിഫലിപ്പിക്കുന്ന ശീലങ്ങൾ സ്വീകരിക്കാൻ പ്രധാനമന്ത്രി വിദ്യാർഥികളോട് ആഹ്വാനം ചെയ്‌തു.
‘അടിസ്ഥാന പൗര ശീലങ്ങൾ ദേശീയ പുരോഗതിയിലേക്കുള്ള അനിവാര്യമായ ചുവടുവയ്പ്പാണ്. വികസിത ഭാരതം യാഥാർഥ്യമാക്കുന്നതിന് യുവാക്കൾ അവരുടെ ദൈനംദിന ജീവിതത്തിലും മാറ്റങ്ങൾ വരുത്തണം’ എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 10, 12 ക്ലാസുകളിലെ വിദ്യാർഥികൾ ഇതിനകം തന്നെ വികസിത ഭാരതത്തിനായി പ്രയത്‌നിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പങ്കുവച്ചു.
‘ഡിജിറ്റൽ ലോകത്ത് ചുരുങ്ങിപോകരുത്’
മൊബൈൽ ഫോണുകൾക്കും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനും വിദ്യാർഥികൾ അടിമകളാകരുതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ അവ പൂർണമായും ഒഴിവാക്കണമെന്നല്ലെന്നും കഴിവുകൾ വർധിപ്പിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ജീവിതത്തിൽ ശുചിത്വവും അച്ചടക്കവും പാലിക്കണമെന്നും മോദി വിദ്യാർഥികളോട് നിർദേശിച്ചു.
പരീക്ഷകളെ സമ്മർദ്ദം കൂടാതെ നേരിടുന്നതിനെ കുറിച്ച് വിദ്യാർഥികൾ ചോദിച്ച ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകി. പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ മുൻകാല പേപ്പറുകൾ പരിശീലിക്കാനും പ്രധാനമന്ത്രി വിദ്യാർഥികളോട് പറഞ്ഞു. “പരീക്ഷകൾക്ക് നന്നായി തയ്യാറെടുത്താൽ മറ്റ് പേടിയോ സമ്മർദ്ദമോ നിങ്ങൾക്ക് ഒഴിവാകും. പഠനത്തോടൊപ്പം ആരോഗ്യകാര്യത്തിലും ശ്രദ്ധ ഉണ്ടാകണം. ക്യത്യമായ ഇടവേളകളിൽ വിശ്രമവും ഭക്ഷണവും ഉറക്കവുമെല്ലാം ഉണ്ടാകണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷാ പേ ചർച്ചയുടെ ഒമ്പതാം പതിപ്പിൻ്റെ ആദ്യ എപ്പിസോഡ് കഴിഞ്ഞ ആഴ്‌ച സംപ്രേഷണം ചെയ്‌തു. 2018 ൽ ആരംഭിച്ച പരീക്ഷാ പേ ചർച്ച, ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സെഷനിൽ ഒന്നായി മാറി. 2023-ൽ ഏകദേശം 38.8 ലക്ഷമായിരുന്നു രജിസ്ട്രേഷനുകൾ. 2024-ൽ 2.26 കോടിയായി ഉയർന്നു. 2025-ൽ 3.53 കോടിയിലെത്തുകയും ഒമ്പതാം പതിപ്പിൽ 4.5 കോടിയിലധികം രജിസ്ട്രേഷനുകളോടെ മുൻ റെക്കോഡുകൾ തകർക്കുകയും ചെയ്‌തു.






