ചരിത്രം തിരുത്തി സ്വര്‍ണം; ഇന്ന് പവന് 280 കൂടി, റെക്കോഡ് ഇനിയും തകര്‍ത്തേക്കും

0
50

കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ വില ചരിത്രത്തിലെ റെക്കോഡ് വിലയിലെത്തി.

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ്. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വിലക്കയറ്റത്തിന് വിപണി സാക്ഷ്യം വഹിക്കുന്നത്. ഇന്ന് (ജനുവരി 13) പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വര്‍ധനവുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 1,04,520 രൂപയിലും ഒരു ഗ്രാമിന് 13,030 രൂപയിലുമെത്തി.

കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണ വിലയില്‍ വര്‍ധനവാണ് തുടരുന്നത്. എന്നാലിത് ആദ്യമായാണ് 1,04,520 രൂപയിലെത്തുന്നത്. കഴിഞ്ഞ മാസവും തുടര്‍ച്ചയായി ഉയര്‍ന്നിരുന്ന നിരക്ക് ഏകദേശം ഈ വിലക്ക് അടുത്തെത്തിയിരുന്നു. ജനുവരി 27ലെ പവന്‍റെ 1,04,440 വിലയായിരുന്നു റെക്കോഡ് നിരക്ക്. എന്നാല്‍ ഈ നിരക്ക് മറികടന്നാണ് ഇന്നത്തെ കുതിപ്പ്.

22 കാരറ്റിന് മാത്രമല്ല 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് എന്നിവയിലും കൂടാതെ വെള്ളി വിലയിലും സമാന ഉയര്‍ച്ച സംഭവിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 10,740 രൂപയും പവന് 85,920 രൂപയുമായി. അതേസമയം 14 കാരറ്റിന്‍റെ ഒരു ഗ്രാമിന് 25 രൂപയും 9കാരറ്റിന് 15 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ 14 കാരറ്റിന്‍റെ ഒരു പവന് 66,920 രൂപയും ഒരു ഗ്രാമിന് 8,365 രൂപയുമായി. എന്നാല്‍ 9 കാരറ്റിന്‍റെ ഒരു പവന് 43,160 രൂപയും ഒരു ഗ്രാമിന് 5,395 രൂപയുമായി.

ഏതാനും ദിവസമായി സ്വർണത്തിന്‍റെ റെക്കോർഡ് കുതിപ്പ് തുടരുകയാണ്. അന്താരാഷ്‌ട്ര സ്വർണ വില ഇന്നലെ 4630 ഡോളർ വരെ പോയതിനുശേഷം ഇന്ന് വിപണി തുറക്കുമ്പോൾ 4595 ഡോളറിൽ ആയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 90.21. 24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് കിലോഗ്രാമിന് ഒന്നരക്കോടി രൂപയ്ക്ക് അടുത്തായി.

ചരിത്രപരമായി നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സാധാരണ നിലയിൽ വിലക്കയറ്റ കാലഘട്ടമാണ്. അതനുസരിച്ച് ഫെബ്രുവരിയോടെ സ്വർണ വില 4,600 ഡോളര്‍ മുതല്‍ 4,800 ഡോളര്‍ വരെ ആയി ഉയർന്നേക്കാം. നിലവില്‍ ഫെഡറല്‍ പലിശ നിരക്ക് കുറയ്‌ക്കലും സ്വര്‍ണ വില ഉയരാന്‍ കാരണമാകുന്നുണ്ട്.

വ്യാപാര-താരിഫ് പിരിമുറുക്കങ്ങൾ കുറഞ്ഞാലും യുഎസ് ഗവൺമെന്‍റ് അടച്ചുപൂട്ടൽ അവസാനിച്ചാലും സ്വര്‍ണ വിലയില്‍ കുറവുണ്ടാകില്ലെന്നാണ് നിലവിലെ സൂചനകളെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്‌ദുൽ നാസർ പറഞ്ഞു. വര്‍ധിച്ച് വരുന്ന യുഎസ്‌ കടവും ഡോളറിലുള്ള ആഗോള ആത്മവിശ്വാസം കുറയുന്നതുമാണ് വില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിത നിക്ഷേപമായും ആഗോള കറൻസിയായും സ്വർണത്തിന്‍റെ അടിസ്ഥാനo ശക്തമാണെന്നും അബ്‌ദുല്‍ നാസര്‍ പറഞ്ഞു. അതേസമയം വെള്ളി വിലയും വര്‍ധിക്കുകയാണ്. 86 ഡോളറിലേക്കാണ് വെള്ളി വില നീങ്ങുന്നത്. ഒരു ഗ്രാമിനെ 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമാണ് ഇന്നത്തെ വില.

LEAVE A REPLY

Please enter your comment!
Please enter your name here