ലഹരി മുക്തി യോഗയിലൂടെ സാധ്യം;

0
74

വേദനസംഹാരി മരുന്നുകളായി ഉപയോഗിക്കുന്ന ഒപിയോയിഡിൻ്റെയും മറ്റ് ലഹരി ഉത്‌പന്നങ്ങളുടെയും ഉപയോഗം യോഗയിലൂടെ ശമിപ്പിക്കാമെന്ന് പുതിയ പഠനം.

ഹരി മരുന്നുകളുടെയും ഒപിയോയിഡ് ഉത്‌പന്നങ്ങളുടെയും ഉപയോഗം പാശ്ചാത്യ രാജ്യങ്ങളിൽ മാത്രമല്ല. ഇന്ത്യയിലെ യുവാക്കളുൾപ്പെടെയുള്ള വലിയൊരു ജനസമൂഹം ഇവ ഉപയോഗിച്ചു വരുന്നു. വേദനസംഹാരികളായാണ് കൂടുതലും ഒപിയോയിഡുകൾ കഴിക്കുന്നത്.

ഇവ ഉപയോഗിക്കുന്നത് വഴി വേദന ശമനമുണ്ടാകുകയും ആവർത്തിച്ച് ഉപയോഗിക്കാനുള്ള പ്രവണത കൂടുകയും ചെയ്യുന്നു. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളാകുന്നത്. ഇവയുടെയെല്ലാം അമിതോപയോഗം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ നിരവധി മാർഗങ്ങൾ സ്വീകരിക്കുന്നവരും ഏറെ.

എന്നാൽ യോഗയിലൂടെ ഒപിയോയിഡ്, ലഹരിമരുന്ന് ആസക്തി കുറയ്‌ക്കാമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഹാർവാർഡ് മെഡിക്കൽ സ്‌കൂളുമായി സഹകരിച്ച് ബെംഗളൂരുവിലെ നിംഹാൻസിലാണ് പഠനം നടത്തിയത്. ജമാ സൈക്യാട്രിയിലൂടെ ജനുവരി 7-ന് പഠനം പ്രസിദ്ധീകരിച്ചു.

പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് യോഗയിലൂടെ ലഹരിയോടുള്ള അമിതാസക്തി കുറച്ച്കൊണ്ടുവരാമെന്നും ലഹരി മുക്തി നേടാമെന്നും പഠനം കണ്ടെത്തിയത്. 8 നും 50 നും ഇടയിൽ പ്രായമുള്ള 59 പുരുഷന്മാരിലാണ് പഠനം നടത്തിയത്. സാധാരണ മെഡിക്കൽ ചികിത്സയോടൊപ്പം യോഗയും കൃത്യമായി പിന്തുടർന്നാലാണ് ഫലമുണ്ടാകുന്നതെന്ന് പഠനം പറയുന്നു. വൈദ്യചികിത്സയിലൂടെ 9 ദിവസം കൊണ്ട് പരിഹാരം കാണാൻ കഴിയുന്ന പ്രശ്‌നങ്ങളിൽ യോഗയിലൂടെ അത് 5 ദിവസം കൊണ്ട് പരിഹാരം കാണാമെന്നും പഠനം പറയുന്നു.

ഒപിയോയിഡിൻ്റെ അമിത ഉപയോഗം ശരീരത്തിൽ ബലഹീനത പോലുള്ള ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്നു. ഇതിന് പരിഹാരമായി മരുന്നുകൾ ലഭ്യമാണെങ്കിലും തത്‌ക്ഷണ ഫലമുണ്ടാകാൻ വളരെ സാധ്യത കുറവാണ്. ഈ ഘട്ടത്തിലാണ് യോഗയിലൂടെ പരീക്ഷണം നടത്തിയത്. മരുന്നുകൾക്കൊപ്പം ഒരു ആഡ്-ഓൺ ചികിത്സയായി യോഗയെ പരീക്ഷിച്ച ആദ്യത്തെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഒന്നാണിത്.

ഒപിയോയിഡിൽ നിന്ന് മുക്തി നേടാൻ സാധാരണയായി ഡോക്‌ടർമാർ നിർദേശിക്കുന്ന മരുന്നാണ് ബ്യൂപ്രെനോർഫിൻ. ഇതിനൊപ്പമാണ് യോഗയും ചികിത്സയായി ഉപയോഗിച്ചത്. എന്നാൽ ഇത് ഇടയ്‌ക്ക് വച്ച് നിർത്തുന്നത് വിപരീത ഫലം ഉണ്ടാക്കും. ലഹരി മരുന്നുകളോട് വീണ്ടും ആസക്തി തോന്നിപ്പിക്കുകയും ചികിത്സ വളരെക്കാലം തുടരേണ്ടതുമായ സാഹചര്യമുണ്ടാക്കും. ചികിത്സയുടെ ആരംഭ ഘട്ടത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും.

ആരംഭ ഘട്ടത്തിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ

  • ഉത്കണ്‌ഠ
  • മാനസിക അസ്വസ്ഥത
  • ഉറക്ക കുറവ്
  • ശരീര വേദന
  • രക്ത സമ്മർദ്ദം

ഇവയെല്ലാം ആദ്യ ഘട്ടങ്ങളിൽ മാത്രമെ പ്രകടമാകുകയുള്ളൂ. പിന്നീട് ഈ ലക്ഷണങ്ങൾ കുറഞ്ഞുവരുകയും പൂർണമായും കറുപ്പ് ഉത്പന്നങ്ങളിൽ നിന്നും മറ്റ് ലഹരി ഉത്‌പന്നങ്ങളിൽ നിന്നും മുക്തി നേടാനും സാധിക്കും. യോഗ വൈദ്യചികിത്സയ്ക്ക് പകരമാണെന്ന് ഈ പഠനം പറയുന്നില്ല.

എന്നാൽ ശരീരത്തെയും നാഡീവ്യവസ്ഥയെയും യോഗയിലൂടെ നിയന്ത്രിക്കാൻ കഴിയുമെന്ന് പഠനം പറയുന്നു. ജീവശാസ്ത്രം, മനഃശാസ്ത്രം, സമ്മർദ്ദ നിയന്ത്രണം എന്നിവ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ ഗവേഷണം ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here