കുത്താത്ത തേനീച്ചകൾ അല്ലെങ്കിൽ സ്റ്റിംഗ്ലെസ് ബീസ് (Stingless Bees), കുത്താനില്ലാത്തതും ഔഷധഗുണമുള്ള തേൻ നൽകുന്നതുമായ തേനീച്ചകളാണ്. ഇവ ആമസോൺ ഉൾപ്പെടെയുള്ള ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്നു, ഇവയുടെ തേനിന് ആൻറി ബാക്ടീരിയൽ, ആൻറി-വൈറൽ ഗുണങ്ങളുണ്ട്, കൊക്കോ, കാപ്പി, അവോക്കാഡോ പോലുള്ള വിളകളുടെ പരാഗണത്തിന് പ്രധാനമാണ്.
ലോകത്ത് ആദ്യമായി പ്രാണികൾക്ക് നിയമപരമായ അവകാശങ്ങൾ ഓർഡിനൻസിലൂടെ സ്ഥാപിച്ചു. ആമസോൺ വനങ്ങളിലെ സ്റ്റിങ്‌ലെസ് തേനീച്ചകൾക്ക് (melipona bees) അടുത്തിടെ പെറുവിലെ ചില മുനിസിപ്പാലിറ്റികൾ നിയമപരമായ അവകാശങ്ങൾ നൽകിയിരുന്നു. ഇത് ലോകത്തിലെ ആദ്യത്തെ സംഭവമാണ്. ഈ നീക്കം മറ്റ് രാജ്യങ്ങളിലെയും തേനീച്ച സംരക്ഷണ നിയമങ്ങളിൽ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതു പ്രകാരം സ്റ്റിങ്‌ലെസ് തേനീച്ചകൾക്ക് നിലനിൽക്കാനും ആരോഗ്യകരമായ ജനസംഖ്യ നിലനിർത്താനും പ്രകൃതിയുടെ സ്വാഭാവിക ചക്രങ്ങൾ പുനരുജ്ജീവിപ്പിക്കാനും മലിനീകരണം ഇല്ലാത്ത ആവാസവ്യവസ്ഥയിൽ ജീവിക്കാനും അവകാശങ്ങൾ ലഭിക്കുകയാണ്. തേനീച്ചകൾക്ക് ഭീഷണിയുണ്ടാകുമ്പോഴെല്ലാം അവരെ പ്രതിനിധീകരിച്ച് വ്യക്തികൾക്കോ സംഘടനകൾക്കോ കോടതിയെ സമീപിക്കാനും, ഓർഡിനൻസിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും കഴിയും.
ലോകത്താദ്യമായി നിയമപരമായ അവകാശങ്ങൾ ലഭിക്കുന്ന പ്രാണിവർഗമായിരിക്കുകയാണ് ആമസോൺ കാടുകളിലെ കൊമ്പില്ലാത്ത തേനീച്ചകൾ. പെറുവിലെ സാറ്റിപ്പോ, നൗറ്റ എന്നീ രണ്ട് മുനിസിപ്പാലിറ്റികൾ പുറത്തിറക്കിയ പ്രാദേശിക ഓർഡിനൻസ് പ്രകാരമാണ് നിലനിൽക്കാനും അഭിവൃത്തിപ്പെടാനുമുള്ള നിയമപരമായ അവകാശമുള്ളവരായി ഈ തേനീച്ചകൾ മാറിയത്. ലോകത്ത് ആദ്യമായാണ് പ്രാണികൾക്ക് നിയമപരമായ അവകാശങ്ങൾ ലഭിക്കുന്നത്. മനുഷ്യരെ കേന്ദ്രീകരിച്ചുള്ള സംരക്ഷണത്തിൽ നിന്ന് പ്രകൃതിയെ കേന്ദ്രീകരിച്ചുള്ള നീതിയിലേക്ക് പരിസ്ഥിതി നിയമങ്ങളെ ഇത് മാറ്റുന്നതായി പരിസ്ഥിതിപ്രവർത്തകർ പറയുന്നു.
ഭൂമിയിലെ തന്നെ ഏറ്റവും പഴയ തേനീച്ച വർഗമായ ഇവ, ആമസോണിലെ 80 ശതമാനത്തോളം വരുന്ന സസ്യങ്ങളുടെയും പരാഗണത്തിന് കാരണമാകുന്നു. തദ്ദേശീയരായ ഗോത്രവർഗക്കാരെ സംബന്ധിച്ചിടത്തോളം ഈ തേനീച്ചകൾ കേവലം പ്രാണികളല്ല. തലമുറകളായി കൈമാറിവന്ന അറിവിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. അവർ മരുന്നായി ഉപയോഗിച്ചിരുന്ന ഇവയുടെ തേനിൽ ക്യാൻസർ പ്രതിരോധം ഉൾപ്പെടെയുള്ള അത്ഭുതകരമായ ഔഷധഗുണങ്ങളുണ്ടെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.








