ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. മറ്റ് പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റമില്ല. അഡ്മിനിസ്ട്രേറ്റീവ് കാരണങ്ങളാലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 3ന് നടത്താനിരുന്ന പരീക്ഷകൾ മാർച്ച് 11, ഏപ്രിൽ 10 തീയതികളിലേക്കാണ് മാറ്റിയത്.
ടിബറ്റൻ, ഭൂട്ടിയ, ബോഡോ, തങ്ഖുൽ, ജാപ്പനീസ്, സ്പാനിഷ്, ബഹാസ മലായു എന്നീ പ്രാദേശിക, വിദേശഭാഷാ വിഷയങ്ങളുടെയും നാഷനൽ കെഡറ്റ് കോർ (എൻസിസി), എലമെൻ്റ്സ് ഓഫ് ബുക്ക് കീപ്പിങ് ആൻഡ് അക്കൗണ്ടൻസി എന്നിവയുൾപ്പെടെയുള്ള അക്കാദമിക് ഇലക്ടീവ്സ് (ഗ്രൂപ്പ് എ2) വിഷയങ്ങളുടെയും തീയതികളിലാണ് മാറ്റം. വിശദവിവരങ്ങൾക്ക് cbse.gov.in. എന്ന വെബ്സൈറ്റിൽ ലഭിക്കും.
മാർച്ച് 3ന് നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ മാർച്ച് 11ന് നടക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ 10 ലേക്കാണ് മാറ്റിയത്. പരീക്ഷാ ടൈംടേബിളിൽ വരുത്തിയ മാറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സിബിഎസ്ഇ പുറത്തിറക്കിയിട്ടുണ്ട്.







