ലോകമെമ്പാടുമുള്ള എയർ ട്രാവൽ ഈ വാരാന്ത്യത്തിൽ താളം തെറ്റും. എയർബസ് എ320 വിമാനങ്ങൾ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡിനായി ഗ്രൗണ്ട് ചെയ്യുകയാണ്. ഇന്ത്യയിൽ ഇൻഡിഗോയുടെയും എയർ ഇന്ത്യ ഗ്രൂപ്പിന്റെയും 350ൽ അധികം എ320 വിമാനങ്ങൾ ഈ അപ്‌ഗ്രേഡിൻ്റെ ഭാഗമാകും.
ന്യൂഡൽഹി: എയർബസ് എ320 വിമാനങ്ങൾ സോഫ്റ്റ്‌വെയർ (ഹാർഡ്‌വെയർ) അപ്ഗ്രഡേഷൻ നടത്താനൊരുങ്ങുന്നു. കടുത്ത സൗരവികിരണം മൂലം എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാമെന്ന സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് എയർബസ് എ320 വിമാനങ്ങൾ നടപടികളിലേക്ക് കടക്കുന്നത്. ലോകമെമ്പാടുമായി ഏകദേശം 6,000 വിമാനങ്ങളെ ഈ തീരുമാനം ബാധിക്കാൻ സാധ്യത.
അപ്ഗ്രഡേഷൻ നടപടി ഏകദേശം 2 മുതൽ 3 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വിമാനങ്ങൾ വീണ്ടും പറന്നുതുടങ്ങുമെന്നും പ്രതീക്ഷിക്കുന്നു. നിലവിലെ പ്രശ്നം പരിഹരിക്കാൻ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ആവശ്യമാണ്. പുതിയ എ320 വിമാനങ്ങളിൽ ഈ ജോലിക്ക് ഏകദേശം അരമണിക്കൂർ സമയം മതിയാകും. പഴയ എ320 വിമാനങ്ങളിൽ ചില ഹാർഡ്‌വെയർ മാറ്റങ്ങളും വേണ്ടിവരും അതിനാൽ ഈ ജോലികൾക്ക് കൂടുതൽ സമയമെടുക്കും.
എയർബസ് എ320 വിമാനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഇൻഡിഗോയ്ക്ക് തീരുമാനം പ്രതിസന്ധിയുണ്ടാക്കും. ഇൻഡിഗോയുടെ 350 വിമാനങ്ങളും എയർ ഇന്ത്യയുടെ 120 വിമാനങ്ങളും എ320 ശ്രേണിയിൽപ്പെട്ടതാണ്. ഒക്ടോബർ 30ന് മെക്സിക്കോയിൽ നിന്ന് ന്യൂജേഴ്സിയിലേക്ക് പറന്ന ജെറ്റ് ബ്ലൂ വിമാനക്കമ്പനിയുടെ എ320 വിമാനം ഫ്ലോറിഡയിൽ അടിയന്തരമായി ഇറക്കേണ്ടിവന്നിരുന്നു.
എയർ ഇന്ത്യ എക്സ്പ്രസിന് 40 വിമാനങ്ങളുമുണ്ട്. ഇവയ്ക്കു സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷൻ നടത്തുന്നതു മൂലം വിമാന സർവീസ് വൈകാൻ സാധ്യതയുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു. യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി എയർബസ് എ320 ഫാമിലി വിമാനങ്ങൾക്ക് അടിയന്തര എയർവർത്തിനസ് ഡയറക്ടീവ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരുമാനം വിമാനങ്ങളുടെ സമയപ്പട്ടികയിൽ തടസ്സങ്ങൾക്കും യാത്രക്കാർക്ക് അസൗകര്യത്തിനും കാരണമായേക്കാം.
ഇന്ത്യയിൽ ഇൻഡിഗോയുടെ എ320 വിമാനങ്ങളിൽ ഭൂരിഭാഗവും പുതിയ മോഡലുകളാണ്. പഴയ എ320 വിമാനങ്ങൾ വളരെ കുറച്ചുമാത്രമേയുള്ളൂ. അതിനാൽ ഇൻഡിഗോയുടെ 350ൽ അധികം എ320 വിമാനങ്ങളിൽ ആവശ്യമായ 250 വിമാനങ്ങളുടെ അപ്‌ഗ്രേഡ് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. എയർ ഇന്ത്യയുടെ കൈവശം ഏകദേശം 120-125 എ320 വിമാനങ്ങളുണ്ട്. ഇതിൽ 100ൽ അധികം വിമാനങ്ങളെ ഈ അപ്‌ഗ്രേഡ് ബാധിക്കും.
സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രധാന നടപടിയാണ്. അപ്‌ഗ്രേഡ് കാരണം യാത്രക്കാർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും വിമാനയാത്രയുടെ സുരക്ഷയ്ക്ക് ഇത് അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു. വിമാനക്കമ്പനികൾ യാത്രക്കാർക്ക് കാലതാമസത്തെക്കുറിച്ച് മുൻകൂട്ടി അറിയിക്കുകയും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്യുന്നുണ്ട്. ഈ പ്രശ്നം വേഗത്തിൽ പരിഹരിച്ച് സാധാരണ നിലയിലേക്ക് മടങ്ങിവരാൻ എല്ലാവരും ശ്രമിച്ചുവരികയാണ്.








