വീടിനുള്ളിലെ വായു ശുദ്ധമോ? അപകടം പതിയിരിക്കുന്ന ഇടങ്ങള്‍

0
32

മകാലിക സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികളിലൊന്നാണ് വായു മലിനീകരണം. വാഹനങ്ങളില്‍ നിന്നും ഫാക്‌ടറികളില്‍ നിന്നുമുള്ള പുക, പ്ലാസ്റ്റിക് അടക്കമുള്ള വസ്‌തുക്കള്‍ പൊതു സ്ഥലത്തിട്ട് കത്തിക്കുമ്പോഴുണ്ടാകുന്ന പുക തുടങ്ങിവയെല്ലാം അന്തരീക്ഷത്തില്‍ വായു മലീനികരണത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വീടിന് പുറത്ത് മാത്രമാണ് സംഭവിക്കുന്നതെന്ന് കരുതി സമാധാനിക്കാന്‍ വരട്ടെ. വീടിനുള്ളിലെ വായു ശുദ്ധമാണെന്ന് പറയാനാകുമോ?

സുരക്ഷിതയിടമെന്ന് നമ്മൾ കരുതുന്ന വീട്ടില്‍ പോലും വായു മലിനീകരണം സംഭവിക്കുന്നുണ്ട്. അത് അലർജി, ആസ്ത്മ, ശ്വാസകോശ വീക്കം, ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നുമുണ്ട്.

വീടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

വീടിന് അകത്ത് നിർമ്മാണ പ്രവർത്തനങ്ങളോ പെയിൻ്റിങ്ങോ നടക്കുമ്പോൾ രാസ സംയുക്തങ്ങൾ വായുവിൽ കലരാറുണ്ട്.

വായുവിൽ എളുപ്പത്തിൽ കലരുന്ന ജൈവ സംയുക്തങ്ങളും ഉണ്ട്. പെയിൻ്റുകളിലും വാർണിഷുകളിലും മാത്രമല്ല, നിരുപദ്രവങ്ങളെന്ന് നമ്മൾ കരുതുന്ന എണ്ണകളിൽ പോലും ഇത്തരം സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടുതലായി ഇത്തരം എണ്ണകൾ ഉപയോഗിക്കുമ്പോൾ അത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

പാചക വാതകം പോലും സുരക്ഷിതമല്ലെന്ന് വേണം പറയാന്‍. ദിവസേന ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗവിൽ നിന്ന് പുറത്ത് വരുന്ന നൈട്രജൻ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയ വാതകങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. വീടിനുള്ളില്‍ വായുസഞ്ചാരം കുറവുള്ള സാഹചര്യങ്ങളിൽ ഇത് കൂടുതലായി ശ്വസിക്കാന്‍ ഇടവരും. ഇത് ശ്വസിക്കുന്നത് അപകടകരമാണ്. തുടര്‍ച്ചയായി ഇങ്ങനെ ശ്വസിക്കുന്ന ഒരാളില്‍ കാലക്രമേണ ശ്വാസകോശ വീക്കം സംഭവിക്കുകയും പിന്നീടത് മറ്റ് അവയവങ്ങളെ ബാധിക്കുകയും ചെയ്യും. ഇതുമൂലം അണുബാധകളെ പ്രതിരോധിക്കാൻ കഴിയാതെ വരികയും ചെയ്യും.

പുറത്ത് മലിനീകരണം പെരുകുമ്പോൾ: വാഹനങ്ങളിൽ നിന്നുള്ള പുകയും നിർമ്മാണ സ്ഥലങ്ങളിൽ നിന്നുള്ള പൊടിപടലങ്ങളും അപകടകരമാണ്. ഇതുപോലുള്ള ചെറിയ കണികകൾ ശ്വാസകോശത്തിലേക്ക് ആഴത്തിൽ തുളച്ചുകയറാൻ ഇടയുണ്ട്. ശ്വാസകോശ വീക്കത്തിന് ഇവ കാരണമാവുന്നു. വ്യാവസായിക പ്ലാൻ്റുകളിൽ നിന്ന് പുറന്തള്ളുന്ന സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡ് തുടങ്ങിയ വാതകങ്ങള്‍ ശ്വാസകോശത്തിന് കൂടുതൽ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. അതോടൊപ്പം ശരീരത്തെ പ്രതിരോധ ശേഷിയെ ഇത് ഇല്ലാതാക്കുകയും ചെയ്യുന്നു.

ആർക്കാണ് ഉയർന്ന അപകടസാധ്യത?

ആസ്ത്മ, സിഒപിഡി (ക്രോണിക് ഒബ്‌സ്‌ട്രക്റ്റീവ് പൾമണറി ഡിസീസ്) പോലുള്ള ശ്വാസകോശ രോഗങ്ങൾ ബാധിച്ചവർക്ക് വായു മലിനീകരണം അപകട സാധ്യത കൂട്ടുന്നു. വായു മലിനീകരണം അവരുടെ ശ്വാസനാളത്തിന് കേടുപാടുകൾ വരുത്തുകയും ന്യുമോണിയ പോലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

ശ്വാസകോശത്തെ എങ്ങനെ സംരക്ഷിക്കാം

  1. അപകട സാധ്യത കുറയ്ക്കുന്നതിന് പ്രത്യേകിച്ച് നിർമ്മാണ പ്രവർത്തനങ്ങളോ പെയിൻ്റിങ് ജോലികളോ നടക്കുമ്പോൾ വീട് നന്നായി വായു സഞ്ചാരമുള്ളതാക്കുക.
  2. സുഗന്ധദ്രവ്യങ്ങളോ എണ്ണകളോ ഇടയ്ക്കിടെ ഉപയോഗിക്കരുത്.
  3. ഗ്യാസ് കണക്ഷനുകൾ പതിവായി പരിശോധിക്കുക.
  4. പാചകം ചെയ്യുമ്പോൾ എക്‌സ്‌ഹോസ്റ്റ് ഫാൻ ഉപയോഗിക്കുക.
  5. മലിനീകരണം കൂടുതലുള്ള പ്രദേശത്താണ് താമസിക്കുന്നതെങ്കിൽ നല്ലൊരു എയർ പ്യൂരിഫയർ വാങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here