പ്രമേഹ ചികിത്സയെ തകർക്കുന്ന ജോലിസ്ഥലത്തെ സ്ട്രെസും ജീവിതശൈലിയും

0
34

ജോലിസ്ഥലത്തെ സ്ട്രെസ്, ദീർഘനേരമുള്ള ഇരുത്തം, തെറ്റായ ജീവിതശൈലി എന്നിവ പ്രമേഹനിയന്ത്രണത്തെ എങ്ങനെ തകർക്കുന്നുവെന്നും രോഗികൾ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ഇ ടിവി ഭാരതിനോട് വിശദീകരിക്കുകയാണ് ഡോ. ജ്യോതിദേവ് കേശവദേവ്

ലോകമെമ്പാടുമുള്ള 412 ദശലക്ഷം പ്രമേഹരോഗികളിൽ പകുതിയോളം പേർക്കും തങ്ങൾ രോഗബാധിതരാണെന്ന് അറിയില്ലെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം നിലനിൽക്കേയാണ് ഈ വർഷത്തെ ലോക പ്രമേഹദിനം കടന്നുപോകുന്നത്. പ്രമേഹം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പലരും രോഗമുണ്ടെന്ന് തിരിച്ചറിയുന്നത്. എന്നാൽ, ഈ ആപത്ത് പ്രമേഹം കാരണമാണ് സംഭവിച്ചതെന്നും പലരും മനസ്സിലാക്കുന്നില്ല.

ഈ വർഷം ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ (IDF) പ്രമേഹദിനത്തിനായി തിരഞ്ഞെടുത്ത തീം ‘ഡയബറ്റിസ് ആൻഡ് വെൽബീയിങ്’ (പ്രമേഹവും സൗഖ്യവും) എന്നതാണ്. അതോടൊപ്പം, കാമ്പയിൻ തീം ‘ഡയബറ്റിസ് ആൻഡ് വർക്ക്‌പ്ലേസ്’ (പ്രമേഹവും ജോലിസ്ഥലവും) എന്നും നിശ്ചയിച്ചിരിക്കുന്നു. #DiabetesLife ആണ് ഈ വർഷത്തെ പ്രമേഹദിനത്തിൻ്റെ ഹാഷ്ടാഗ്. ജോലിസ്ഥലത്തെ സ്ട്രെസ്, ദീർഘനേരമുള്ള ഇരുത്തം, തെറ്റായ ജീവിതശൈലി എന്നിവ പ്രമേഹനിയന്ത്രണത്തെ എങ്ങനെ തകർക്കുന്നുവെന്നും രോഗികൾ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ഇ ടിവി ഭാരതിനോട് വിശദീകരിക്കുകയാണ് ജ്യോതിദേവ്സ് ഡയബറ്റിസ് ആന്‍ഡ് റിസര്‍ച്ച് സെൻ്റര്‍ ഡയറക്ടര്‍ ഡോ. ജ്യോതിദേവ് കേശവദേവ്.

സിറ്റിങ് ഈസ് ദ ന്യൂ സ്മോക്കിങ്’

ജോലി സ്ഥലത്ത് പ്രമേഹരോഗികള്‍ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ജോലിക്ക് വേണ്ടി ദീർഘദൂരം യാത്ര ചെയ്യുന്നതും മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയും പ്രമേഹരോഗികൾക്ക് വലിയ ഭീഷണിയാണ്. 60 ശതമാനത്തിലേറെപ്പേരും മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരുന്ന് ജോലി എടുക്കുന്നവരാണ്. ഇത് പ്രമേഹസാധ്യത പതിന്‍മടങ്ങ് വര്‍ധിപ്പിക്കുകയും പ്രമേഹമുള്ളവരുടെ കണ്‍ട്രോള്‍ തീരെ ഇല്ലാതാക്കുകയും ചെയ്യും. ‘ദീർഘസമയം ഇരിക്കുന്നത് പുകവലി രക്തധമനികളിൽ ബ്ലോക്കുണ്ടാക്കുന്നത് പോലെ രക്തധമനികളിൽ ബ്ലോക്കുണ്ടാക്കും’. രാവിലെ വ്യായാമം ചെയ്താലും മണിക്കൂറുകളോളം ഇരിക്കുന്നത് ആ ഗുണം നഷ്ടപ്പെടുത്തും.

വർക് പ്ലേസ് സ്ട്രെസും ദുശീലങ്ങളും

സമയബന്ധിതമായി ജോലി പൂർത്തിയാക്കാനുള്ള സമ്മർദം (സ്ട്രെസ്) പ്രമേഹത്തെ നേരിട്ട് ബാധിക്കുന്നു. സ്ട്രെസ് വർധിക്കുമ്പോൾ അത് കുറയ്ക്കാൻ പലരും ആശ്രയിക്കുന്നത് പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങളെയാണ്. പുകവലിക്കുന്ന ഭൂരിഭാഗം പേര്‍ക്കും അതൊരു അഡിക്ഷനായി മാറുന്നത് ആസ്വദിക്കാന്‍ അല്ലെങ്കില്‍ സ്ട്രെസ് കുറയ്ക്കാനാണ്.വര്‍ക് പ്ലേസിലെ സ്ട്രെസ് കുറയ്ക്കാനുള്ള മാര്‍ഗം അവിടെനിന്ന് കിട്ടാതിരിക്കുമ്പോള്‍ സ്വന്തമായികണ്ടെത്തുന്ന മാര്‍ഗങ്ങള്‍ കൊണ്ടെത്തിക്കുന്നതാകട്ടെ ഇതുപോലുള്ള ദുശീലങ്ങളിലേക്കായിരിക്കും. വർക്ക് പ്ലേസ് സ്ട്രെസ് ഉറക്കത്തെ ബാധിക്കുന്നത് ഗ്ലൂക്കോസ് നില കൂടാൻ കാരണമാകുന്നു.

ആഹാരക്രമം തെറ്റുന്നു

സ്ട്രെസ് കൂടുമ്പോൾ അറിയാതെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും. മിക്ക ജോലിസ്ഥലങ്ങളിലെ കാൻ്റീനുകളിലും ഹെൽത്തി ഫുഡ് ലഭ്യമല്ലാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. ഇന്‍ജക്ഷനും ഗുളികകളുമൊക്കെ വേണ്ടവര്‍ക്ക് ജോലിക്കിടയ്ക്ക് പലപ്പോഴും കൃത്യസമയത്ത് അത് ചെയ്യാന്‍ സാധിക്കുന്നുമില്ല. ഇടയ്ക്കിടെ ഗ്ലൂക്കോസ് പരിശോധിച്ച് അതിന്‍പ്രകാരം ചെയ്യേണ്ട കാര്യങ്ങളും നടക്കില്ല.

വേണം ഒരുമിച്ചുള്ള പരിശ്രമം

ഈ വര്‍ഷത്തെ ലോക പ്രമേഹദിനത്തിൻ്റെ കാംപയിനായി ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ (ഐഡിഎഫ്) ഡയബറ്റിസ് ആന്‍ഡ് വര്‍ക്പ്ലേസ് തിരഞ്ഞെടുത്തതിന് കാരണം, ഡോക്ടർമാർ നിർദ്ദേശിക്കുന്ന ചികിത്സാരീതികൾ വിജയിക്കണമെങ്കിൽ കുടുംബവും ജോലിസ്ഥലവും കൂടെ നിൽക്കണം എന്നതിനാലാണ്.

സ്റ്റിഗ്മ ഒഴിവാക്കുക: 10 പ്രമേഹരോഗികളിൽ ഏഴ് പേരും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരാണ് (വർക്കിങ് ഏജ് ഗ്രൂപ്പ്). പ്രമേഹമുള്ള ആളുകൾ രോഗം കാരണം ഉണ്ടാകുന്ന സ്റ്റിഗ്മയിൽ (ഒളിപ്പിച്ചു വെക്കാനുള്ള പ്രവണത) പെട്ടുപോകാതെ, സഹപ്രവർത്തകർ പിന്തുണ നൽകുന്ന അന്തരീക്ഷം ജോലിസ്ഥലങ്ങളിൽ ഉണ്ടാകണം.

അവബോധം സൃഷ്ടിക്കണം: ജോലിസ്ഥലങ്ങളിലെ ഉന്നതാധികാരികൾക്ക് പ്രമേഹത്തെക്കുറിച്ച് അവബോധം നൽകുകയും തെറ്റിദ്ധാരണകൾ മാറ്റുകയും ചെയ്യണം. ഐടി കമ്പനികളിലേത് പോലെ വ്യായാമ സൗകര്യങ്ങളും പ്ലേ ഗ്രൗണ്ടുകളും ഉൾപ്പെടെയുള്ള സുരക്ഷിതമായ തൊഴിലിടങ്ങൾ പ്രമേഹ ചികിത്സയെ സഹായിക്കും.

മാനസിക വെല്ലുവിളികൾ

ലോകത്ത് പ്രമേഹമുള്ള ഓരോ നാല് രോഗികളിൽ മൂന്ന് പേർക്കും ആശങ്ക, നിരാശ തുടങ്ങിയ എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ട്. പ്രമേഹം കാരണം ജോലി ഒരു ഭയമായി മാറുകയും ജോലിയിൽ സന്തോഷം കണ്ടെത്താൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയുണ്ട്.

വ്യായാമം ചെയ്യണം, ഭക്ഷണം ശ്രദ്ധിക്കണം, മരുന്ന് കഴിക്കണം തുടങ്ങിയ കാര്യങ്ങൾ ഓർത്തോർത്ത് ചെയ്യുന്നതുമൂലമുണ്ടാകുന്ന ‘ഡയബറ്റിസ് ബേൺ ഔട്ട്’ ആകട്ടെ ഓരോ അഞ്ച് പ്രമേഹരോഗികളിൽ നാല് പേർക്കുമുണ്ട്. ഇത് ചികിത്സാ മടുപ്പിന് കാരണമാകുന്നു.

ചികിത്സാ പരാജയത്തിൻ്റെ പ്രധാന കാരണങ്ങൾ

ഇത്രയധികം സംവിധാനങ്ങളും ചികിത്സയും നടത്തിയിട്ടും പ്രമേഹ ചികിത്സ എന്തുകൊണ്ട് പരാജയപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ഒരു സര്‍വേയും ജ്യോതിദേവ്സ് ഡയബറ്റിസ് റിസര്‍ച്ച് സെൻ്റര്‍ സംഘടിപ്പിച്ചിരുന്നു. പലവിധ കാരണങ്ങളാണ് ഇതിലൂടെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും ഡോ. ജ്യോതിദേവ് വിശദീകരിച്ചു.

ശാസ്ത്രീയമല്ലാത്ത ചികിത്സ: ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മരുന്നുകൾ കഴിക്കാതെ, പരസ്യങ്ങളിൽ ആകൃഷ്ടരായി പരീക്ഷണങ്ങൾ നടത്താത്ത മരുന്നുകൾക്ക് പിറകേ പോകുന്നത്.

സ്വയം ചികിത്സ നിർത്തൽ: പ്രമേഹം നന്നായി ചികിത്സിക്കാൻ 6-7 മരുന്നുകൾ ആവശ്യമായി വരുമ്പോൾ, അത് ആവശ്യമില്ലെന്ന് കരുതി രോഗി സ്വയം മൂന്നോ നാലോ മരുന്നുകൾ നിർത്തുന്നത്.

പ്രമേഹ വിദ്യാഭ്യാസം: പ്രമേഹവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമില്ലെന്നു കരുതുന്നവരാണ് അധികവും. ഒരു കുറിപ്പ് വാങ്ങിപ്പോയി മരുന്ന് കഴിക്കുകയല്ല വേണ്ടത്. രോഗികൾക്ക് ജീവിതകാലം മുഴുവൻ പ്രമേഹ വിദ്യാഭ്യാസം നൽകിക്കൊണ്ടിരിക്കേണ്ടതുണ്ട്.

അജ്ഞത: പ്രമേഹരുന്നുകള്‍ ഉപയോഗിക്കുന്നതിന് സമയവും രീതിയുമുണ്ട്. ഇന്‍സുലിന്‍ എടുക്കുന്നതിലും മരുന്ന് സൂക്ഷിക്കുന്നതിലും ശ്രദ്ധ വേണ്ടതുണ്ട്. പലരും അത് വ്യക്തമായി മസിലാക്കില്ല പ്രമേഹ വിദ്യാഭ്യാസ പരിപാടികളില്‍ പങ്കെടുത്താണ് ഇത് തിരിച്ചറിയേണ്ടത്.

ചികിത്സാ ചെലവ്: പുതിയതും ഫലപ്രദവുമായ മരുന്നുകളുടെ വില കൂടുതലായതുകൊണ്ട് കഴിക്കാതിരിക്കുകയും, അവസ്ഥ ഗുരുതരമാകുമ്പോൾ അതേ മരുന്നുകൾ കഴിക്കേണ്ടിവരികയും ചെയ്യുന്നത്.

ലൈഫ് സ്റ്റൈൽ: അഞ്ച് ശതമാനം പേര്‍ക്ക് മാത്രമാണ് വ്യായാമം സാധ്യമാകുന്നത്. രണ്ട് ശതമാനം പേര്‍ക്കു മാത്രമാണ് ഡയറ്റ് പിന്തുടരാന്‍ പറ്റുന്നത്. പ്രമേഹത്തെ വളർത്തുന്ന സാഹചര്യമാണ് ചുറ്റുമുള്ളത്.

സ്വയം നിരീക്ഷണത്തിൻ്റെ കുറവ്: ഗ്ലൂക്കോമീറ്ററിലോ സിജിഎമ്മിലോ ഗ്ലൂക്കോസ് നിരീക്ഷിച്ചില്ലെങ്കില്‍ പ്രമേഹ ചികിത്സ പരാജയപ്പെടും. സ്വയം പ്രമേഹം നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം. മാത്രമല്ല അത് സ്ട്രക്ചേര്‍ഡ് ആയി ചെയ്യുകയും വേണം.

ഇന്‍ഷുറന്‍സ് പരിരക്ഷ: ഇന്‍ഷുറന്‍സിൻ്റെ ഗണം ലഭിക്കുന്നത് പ്രമേഹത്തിൻ്റെ അനുബന്ധ രോഗങ്ങള്‍ ചികിത്സിക്കാനാണ്. അതായത് പ്രമേഹം ചികിത്സിച്ച് പരാജയപ്പടുമ്പോള്‍ സംഭവിക്കുന്ന വൃക്കരോഗം, ഹൃദ്രോഗം, കണ്ണിലെ രോഗം തുടങ്ങിയവ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ പെടും. പക്ഷേ പ്രമേഹത്തിൻ്റെ ഔട്ട് പേഷ്യൻ്റ് ചകിത്സയ്ക്ക് ലഭ്യമല്ല.

പകുതിയിലധികം പ്രമേഹരോഗികൾക്കും തങ്ങൾക്ക് രോഗമുണ്ടെന്ന് അറിയില്ല എന്നത് ചികിത്സാ രംഗത്തെ വലിയ വെല്ലുവിളിയായി തുടരുകയാണ്. ടൈപ്പ് 1 പ്രമേഹമുള്ള ഒരു കുട്ടിക്ക് നഷ്ടമാകുന്നതാകട്ടെ ശരാശരി ഫലപ്രദമായ 45 വർഷങ്ങളാണ്.

മനുഷ്യന്‍ എന്ന ജന്‍മം ഉണ്ടായ ശേഷം ഏറ്റവും ആയുസുള്ള വര്‍ഷമാണ് 2025. പ്രമേഹം എന്നത് ഒരു രോഗമല്ല, ഏകദേശം 250 ഓളം രോഗങ്ങൾക്ക് നൽകിയിരിക്കുന്ന ഒരു പേരാണ്. അതിനാൽ ഫലപ്രദമായി ചികിത്സിക്കാൻ ആറേഴ് മരുന്നുകൾ ആവശ്യമാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ചികിത്സ തുടര്‍ന്നാല്‍ ഒരുപരിധിവരെ ഈ രോഗത്തെയും നിയന്ത്രിച്ചുകൊണ്ടുപോകാം.

LEAVE A REPLY

Please enter your comment!
Please enter your name here