ചെങ്കോട്ട സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി

0
43

അംഗവൈകല്യം സംഭവിച്ചവർക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസ്സാരമായ പരിക്കേറ്റവർക്ക് 20,000 രൂപയും സർക്കാർ നൽകും

ഡൽഹി: ഒമ്പത് പേരുടെ ജീവനെടുത്ത ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സ്ഫോടനത്തിൽ അംഗവൈകല്യം സംഭവിച്ചവർക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസ്സാരമായ പരിക്കേറ്റവർക്ക് 20,000 രൂപയുടെയും സഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്.

പരിചരണക്കുറവ് മൂലം ആർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. സംഭവം ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മാത്രമല്ല, മുഴുവൻ നഗരത്തിനും ആഴത്തിലുള്ള ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ദുഃഖകരമായ ഊ നിമിഷത്തിൽ എല്ലാ ഡൽഹി നിവാസികളും ഒറ്റക്കെട്ടായാണ് നിൽക്കുന്നതെന്നും രേഖ ഗുപ്ത പറഞ്ഞു.

ദുരിതാശ്വാസ പ്രക്രിയ വേഗത്തിലാക്കാനും അർഹതപ്പെട്ടവർക്ക് കാലതാമസമില്ലാതെ സഹായം ഉറപ്പാക്കാനും മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഒരു കുടുംബത്തിനും ഒറ്റക്കായി എന്ന തോന്നലുണ്ടാക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here