സിക്സ്-പോക്കറ്റ് സിൻഡ്രോം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ചൈനയിലെ ഒറ്റക്കുട്ടി നയത്തിന്റെ ഭാഗമായാണ്. വളരെ നല്ലതെന്ന് തോന്നിയ “ ആറ് പോക്കറ്റുകൾ “എന്ന ഈ ആശയം പെട്ടെന്നു ദോഷമായി. ഈ കുട്ടികൾ പങ്കുവെക്കാനും, വിമർശനങ്ങൾ സ്വീകരിക്കാനും, പരാജയങ്ങളെ നേരിടാനും ബുദ്ധിമുട്ടുന്നുണ്ടെന്ന് മനഃശാസ്ത്രജ്ഞർ വിലയിരുത്തി. മാത്രമല്ല, രക്ഷിതാക്കളെ പൂർണമായും ആശ്രയിക്കുന്ന അവസ്ഥയിലുമായി. കുട്ടികളിലെ ഈ അവസ്ഥയെയാണ് സിക്സ്-പോക്കറ്റ് സിൻഡ്രോം എന്നു വിളിക്കുന്നത്.
കുടുംബങ്ങളുടെ വലുപ്പം കുറഞ്ഞുവന്നതോടെ, വീട്ടിലെ മുതിർന്നവരുടെ പരിലാളനയും സ്നേഹവും ശ്രദ്ധയുമൊക്കെ ഈ ഒറ്റക്കുട്ടിയിലേക്ക് മാത്രമായി ഒതുങ്ങി. രണ്ട് മാതാപിതാക്കൾ, നാല് മുത്തശ്ശി-മുത്തശ്ശന്മാർ ആറ് പോക്കറ്റുകൾ പോലെ പ്രവർത്തിക്കുകയും ഇവരിൽ നിന്ന് കുട്ടിക്ക് അമിതമായ ലാളനയും സ്നേഹവും ശ്രദ്ധയും പിന്തുണയും അനുകമ്പയും ലഭിക്കുകയും ചെയ്തു. ചൈനയിൽ ഒറ്റക്കുട്ടി നയം പ്രാബല്യത്തിൽ ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് ‘സിക്സ് പോക്കറ്റ് സിൻഡ്രോം’ വലിയ തോതിൽ ഉയർന്നു വന്നത്. ലിറ്റിൽ എംപറർ സിൻഡ്രോം എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കുട്ടികളുടെ തെറ്റുകൾ തിരുത്തപ്പെടുകയോ അവർക്ക് മതിയായ ശിക്ഷണം ലഭിക്കുകയോ ചെയ്യുന്നില്ല. അമിതമായ സുഖസൗകര്യങ്ങൾ, സ്നേഹവും സമൃദ്ധിയും ആവോളം അനുഭവിച്ച് അതിർവരമ്പുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണിവർ വളരുന്നത്.
അമിതമായ വാത്സല്യവും സ്നേഹവും കുട്ടികളെ വിമർശനങ്ങൾ നേരിടാൻ കഴിയാത്തവരും പരാജയം അംഗീകരിക്കാൻ കഴിയാത്തവരും പങ്കിടൽ സ്വഭാവം ഇല്ലാത്തവരുമാക്കുന്നു. അതുപോലെ തന്നെ അനിയന്ത്രിതമായ നിശ്ചയദാർഢ്യവും ദോഷകരമാണ്, മാത്രമല്ല അതിരുകളോ ഉത്തരവാദിത്തങ്ങളോ, ഇല്ലാതെ വരുന്നു. . വാത്സല്യവും ശ്രദ്ധയും അത്യാവശ്യമാണ്, എന്നാൽ ഉത്തരവാദിത്തം, സഹാനുഭൂതി, സ്വയം നിയന്ത്രണം എന്നിവ പഠിപ്പിക്കുന്നത് കുട്ടികളെ സ്വതന്ത്രരും സമർത്ഥരുമായി വളരാൻ സഹായിക്കുന്നു.
ഉത്തരവാദിത്വത്തോടെ വളരാൻ സന്തുലിതമായ രക്ഷാകർതൃത്വം:
- അതിരുകൾ നിശ്ചയിക്കുക: സ്ക്രീൻ സമയം, പോക്കറ്റ് മണി, അധിക സൗകര്യങ്ങൾ എന്നിവ പരിമിതപ്പെടുത്തുക.
- ഉത്തരവാദിത്തങ്ങൾ നിയോഗിക്കുക: പ്രായത്തിനനുസരിച്ചുള്ള ദൈനംദിന ജോലികൾ കുട്ടികളെ കൊണ്ട് ചെയ്പ്പിക്കുക.
- സാമൂഹിക ഇടപെടൽ പ്രോത്സാഹിപ്പിക്കുക: കുട്ടികൾ സമപ്രായക്കാരോടൊപ്പമോ ഗ്രൂപ്പ് പ്രവർത്തനങ്ങളിലോ സമയം ചെലവഴിക്കാൻ അനുവദിക്കുക.
- മണി മാനേജ്മെന്റ്: ചെറിയ ചെലവുകളിലോ സമ്പാദ്യ തീരുമാനങ്ങളിലോ കുട്ടികളെ ഉൾപ്പെടുത്തുക.
- മാതൃകാപരമായ വൈകാരിക നിയന്ത്രണം: നിരാശകളെ ശാന്തമായി കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കുക.
- പരിശ്രമത്തെ പ്രശംസിക്കുക: പരീക്ഷഫലം വരുമ്പോൾ മാത്രമല്ല, കുട്ടികളുടെ ക്ഷമ, കഠിനാധ്വാനം പോലുള്ള കാര്യങ്ങളെയും അഭിനന്ദിക്കുക.
- സന്തുലിതമായ രക്ഷാകർതൃത്വം – സ്നേഹവും ഉത്തരവാദിത്തവും കൂട്ടിക്കലർത്തുന്നതായിരിക്കണം രക്ഷാകർതൃത്വം.









