ക്വാലലംപൂര്‍: അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിൻ്റെ (ആസിയാൻ) 11-ാമത് അംഗമായി ദക്ഷിണേഷ്യ രാജ്യമായ ഈസ്‌റ്റ് തിമോർ. മല്യഷേയിൽ നടന്ന 47-ാമത് ആസിയാൻ ഉച്ചകോടിയിലാണ് ഔദ്യോഗിക അംഗമായി ഒപ്പുവച്ചത്. മലേഷ്യയുടെ വിദേശകാര്യ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.
ഇന്നലെ(ഒക്‌ടോബർ 26) ക്വാലാലംപൂരിൽ നടന്ന ആസിയാൻ ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ ആസിയാൻ നേതാക്കളുടെയും രാഷ്ട്രത്തലവന്മാരുടെയും സാന്നിധ്യത്തിലാണ് പ്രവേശന രേഖകളിൽ ഒപ്പുവച്ചത്. ഈ സംഭവത്തെ തിമോർ ജനതയ്ക്ക് ഒരു സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു എന്നാണ് ഈസ്‌റ്റ് തിമോർ പ്രധാനമന്ത്രി സനാന ഗുസ്‌മാവോ വിശേഷിപ്പിച്ചത്.
ആസിയാൻ അംഗത്വം പ്രധാനം
1967 ലാണ് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് സ്ഥാപിതമായത്. വളരെ കാലത്തെ പരിശ്രമത്തിനൊടുവിലാണ് ഈസ്‌റ്റ് തിമോർ ഈ സംഘടനയിൽ അംഗത്വം സ്വീകരിച്ചത്. രാജ്യത്തെ ജനസംഖ്യ 1.4 ദശലക്ഷമാണ്. 1975-ൽ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് നാല് നൂറ്റാണ്ടിലേറെയായി കിഴക്കൻ ടിമോർ ഒരു പോർച്ചുഗീസ് കോളനിയായിരുന്നു. 2002 ലാണ് സ്വതന്ത്രമാകുന്നത്.
റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 42% പേർ ദേശീയ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. സർക്കാർ വരുമാനത്തിൻ്റെ പ്രധാന സ്രോതസ് എണ്ണ, വാതക വ്യവസായത്തിൽ നിന്നാണ്. എല്ലാം കൊണ്ടും ഈസ്‌റ്റ് തിമോറിന് ആസിയാൻ അംഗത്വം പ്രധാനമാണ്.
സ്വാഗതം ചെയ്‌ത് നരേന്ദ്ര മോദി
ആസിയാനിലെ പതിനൊന്നാമത്തെ അംഗരാജ്യമായി കിഴക്കൻ തിമോറിനെ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ കോലാലംപൂരിൽ നടന്ന 11-ാമത് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ)- ഇന്ത്യ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് നമ്മുടെ നൂറ്റാണ്ടാണ്, ഇന്ത്യയുടെയും ആസിയാൻ രാഷ്ട്രങ്ങളുടെയും നൂറ്റാണ്ടാണ്,” പ്രധാനമന്ത്രി മോദി തൻ്റെ വെർച്വൽ പ്രസംഗത്തിൽ പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങളെക്കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. ഇന്ത്യയും ആസിയാനും ചേർന്ന് ലോക ജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തെ പ്രതിനിധീകരിക്കുന്നുവെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.






