ഈ അടുക്കള ശീലങ്ങൾ നിങ്ങളുടെ വൃക്കകളെ തകരാറിലാക്കും

0
32

ക്ഷണം പാകം ചെയ്യുമ്പോൾ ഒഴിച്ചുകൂടാനാകാത്ത ഒരു ചേരുവയാണ് ഉപ്പ്. ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുകയെന്നത് ചിന്തിക്കാൻ പോലും നമുക്ക് സാധിക്കില്ല. എന്നാൽ അമിതമായ ഉപ്പിന്‍റെ ഉപയോഗം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഈ അടുത്തകാലത്തായി വൃക്ക സംബന്ധമായ രോഗങ്ങൾ നേരിടുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. ഇതിന്‍റെ ഒരു പ്രധാന കാരണമായി ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത് ഉപ്പിന്‍റെ അമിത ഉപയോഗമാണ്. പാക്ക്ഡ് ലഘുഭക്ഷണങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവയിലെല്ലാം അധിക അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്. വീട്ടിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ പോലും ഉയർന്ന തോതിൽ ഉപ്പ് ചേർക്കുന്നവരാണ് പലരും. അമിതമായി ഉപ്പ് കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ചെന്നൈയിലെ എഐഎൻയു ആശുപത്രിയിലെ സീനിയർ യൂറോളജിസ്റ്റും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ ഡോ വെങ്കട്ട് സുബ്രഹ്മണ്യം പറയുന്നു. ഭക്ഷണങ്ങൾക്ക് രുചി വർധിപ്പിക്കാനായി വെളുത്തുള്ളി, നാരങ്ങ, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് പോലും വളരെ ശ്രദ്ധയോടെ വേണമെന്നും അദ്ദേഹം പറയുന്നു.

ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
ദിവസേന ശുപാർശ ചെയ്യുന്നതിലും കൂടുതൽ അളവിൽ ഉപ്പ് കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ദോഷം ചെയ്യും. ഈ ശീലം കാലക്രമേണ വൃക്കയിലെ കല്ലുകൾ, ഉയർന്ന രക്തസമ്മർദ്ദം, വൃക്കകളുടെ പ്രവർത്തനം കുറയൽ എന്നിവയുൾപ്പെടെ ഗുരുതരമായ വൃക്ക പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ വൃക്ക സംബന്ധമായ രോഗ സാധ്യതയുള്ള ആളുകൾ ഉപ്പിന്‍റെ അളവിൽ വളരെയധികം ബോധവാന്മാരായിരിക്കണമെന്ന് ഡോ വെങ്കട്ട് സുബ്രഹ്മണ്യം പറയുന്നു. പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കിൽ രക്താതിമർദ്ദം പോലുള്ള അവസ്ഥകളുള്ളവർ. അമിത അളവിൽ ഉപ്പ് ശരീരത്തിൽ എത്തുമ്പോൾ സോഡിയം സന്തുലിതമാക്കാൻ വൃക്കകൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. കാലക്രമേണ ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും വൃക്ക തകരാറിന് കാരണമാകുകയും ചെയ്യുന്നു.

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ പാകം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന് ഡോ വെങ്കട്ട് സുബ്രഹ്മണ്യം പറയുന്നു. എന്നാൽ ഉപ്പിന്‍റെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭക്ഷണം പാകം ചെയ്യുമ്പോൾ മിതമായ അളവിൽ നാരങ്ങ, വെളുത്തുള്ളി, സുഗന്ധവ്യഞ്ജനങ്ങൾ എന്നീ പ്രകൃതിദത്ത ചേരുവകൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഭക്ഷണത്തിന്‍റെ രുചി വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ ദീർഘകാല ഭക്ഷണക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വൃക്കകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും ഇത് സഹായിക്കും. ഭക്ഷണക്രമത്തിൽ വരുത്തുന്ന ലളിതമായ ചെറിയ മാറ്റങ്ങൾ പോലും വൃക്കകളുടെ ആരോഗ്യത്തെ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കും. സോഡിയം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പായ്ക്ക് ചെയ്‌തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഉയർന്ന തോതിലുള്ള സോഡിയം ഉപഭോഗം ഒഴിവാക്കാൻ പാക്ക്ഡ് ഫുഡുകളിലെ ലേബലുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഭക്ഷണക്രമത്തിൽ ധാരാളം ഉൾപ്പെടുത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here