പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒരു പയർവർഗമാണ് ഗ്രീൻ പീസ് അഥവാ പട്ടാണി കടല. നാരുകൾ, വിറ്റാമിൻ കെ,സി, ബി തയാമിൻ, ഫോളേറ്റ്, മംഗനീസ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും പതിവായി ഉയർന്ന അളവിൽ ഗ്രീൻ പീസ് കഴിക്കുന്നത് വിപരീത ഫലം ചെയ്യും. ഇതിൽ അടങ്ങിയിട്ടുള്ള ലെക്റ്റിനുകൾ, ഫൈറ്റിക് ആസിഡ് തുടങ്ങിയ ആന്‍റി ന്യൂട്രിയന്‍റുകൾ പോഷകങ്ങളുടെ ആഗിരണത്തെ തസപ്പെടുത്തുമെന്ന് ഹാർവാർഡ് ടി എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് പറയുന്നു. കൂടാതെ ഗ്രീൻ പീസിന്‍റെ അമിത ഉപഭോഗം ദഹന സംബന്ധമായ അസ്വസ്ത്ഥതകൾക്ക് കാരണമാകുകയും ചെയ്യും. ദിവസം ഉയർന്ന അളവിൽ ഗ്രീൻ പീസ് കഴിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വയറുവീർക്കൽ
അമിത അളവിൽ ഗ്രീൻ പീസ് കഴിക്കുന്നത് വയറ് വീർക്കാനും ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾക്കും കാരണമാകും. നാരുകളും ഒലിഗോസാക്കറൈഡുകൾ പോലുള്ള ചില കാർബോഹൈഡ്രേറ്റുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പൂർണമായി ദഹിക്കാത്ത അവസ്ഥയ്ക്ക് കാരണമാകും. ദഹിക്കാതെ കാർബോ ഹൈഡ്രേറ്റുകൾ വൻകുടലിൽ ഗ്യാസും മറ്റ് അസ്വസ്ഥതകളും സൃഷ്‌ടിക്കും. ഇത്തരം ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ചെറിയ അളവിൽ മാത്രം ഗ്രീൻ പീസ് കഴിക്കുന്നതാണ് നല്ലത്.
ധാതുക്കളുടെ ആഗിരണം കുറയ്ക്കും
ഗ്രീൻ പീസിന്‍റെ അമിത ഉപഭോഗം ധാതുക്കളുടെ ആഗിരണം മന്ദഗതിയിലാക്കാൻ കാരണമാകും. ഇതിലെ ഫൈറ്റിക് ആസിഡ്, ലെക്റ്റിനുകൾ തുടങ്ങിയ ആന്‍റി-ന്യൂട്രിയന്‍റുകൾ ഇരുമ്പ്, കാത്സ്യം, സിങ്ക് തുടങ്ങിയ ധാതുക്കളുടെ ആഗിരണം കുറയ്ക്കും. ഗ്രീൻ പീസ് കുതിർത്തതിന് ശേഷം പാകം ചെയ്‌ത് കഴിക്കുമ്പോൾ ആന്‍റി ന്യൂട്രിയന്‍റുകളുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെങ്കിലും ദിവസേന വലിയ അളവിൽ കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
വൃക്കാരോഗ്യത്തെ ബാധിക്കും
സസ്യാധിഷ്‌ഠിത പ്രോട്ടീന്‍റെ മികച്ച സ്രോതസാണ് ഗ്രീൻ പീസ്. എന്നാൽ ഇത് അമിത അളവിൽ കഴിക്കുന്നത് വൃക്കകളുടെ ഭാരം വർധിപ്പിക്കുകയും ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഉയർന്ന അളവിലുള്ള പ്രോട്ടീൻ ഉപഭോഗം വൃക്കകളുടെ ജോലിഭാരം കൂട്ടുകയും അവയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. വൃക്ക തകരാറുള്ള ആളുകൾ അമിതമായി ഗ്രീൻ പീസ് കഴിക്കുന്നത് ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കും.
യൂറിക് ആസിഡ് അളവ് വർധിപ്പിക്കും
ഗ്രീൻ പീസിൽ മിതമായ അളവിൽ പ്യുരിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ എത്തുമ്പോൾ യൂറിക് ആസിഡായി വിഘടിക്കുകയും ഇതിന്‍റെ അളവ് വർധിക്കാൻ കാരണമാകുകയും ചെയ്യും. ഇത് സന്ധി വേദന, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാവാൻ ഇടയാക്കും. അതിനാൽ യൂറിക് ആസിഡ് അളവ് കൂടുതലുള്ളവരും സന്ധി വേദനയുള്ളവരും മിതമായ അളവിൽ മാത്രമേ ഗ്രീൻ പീസ് കഴിക്കാവൂ.
പോഷക സമൃദ്ധവും ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒന്നാണ് ഗ്രീൻ പീസെങ്കിലും മികച്ച ഫലങ്ങൾക്ക് കുറഞ്ഞ അളവിൽ മാത്രമേ കഴിക്കാവൂ. അല്ലാത്തപക്ഷം വിപരീത ഫലങ്ങൾക്ക് കാരണമാകും. ഗ്രീൻ പീസ് പാകം ചെയ്യുമ്പോൾ പലതരം പച്ചക്കറികൾ കൂടി ഉൾപ്പെടുത്തുന്നത് നല്ലതാണ്. കൂടുതൽ രുചികരമാക്കാനും വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.








