തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പട്ടികവര്‍ഗ (എസ്ടി) വിദ്യാര്‍ഥികളുടെ സാന്നിധ്യം കൃത്യമായി ഉറപ്പുവരുത്താന്‍ നടപടികളുമായി സര്‍ക്കാര്‍. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഗോത്രവിഭാഗം കുട്ടികളുടെ പഠന പുരോഗതി ത്വരിതപ്പെടുത്തുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചേര്‍ന്ന സംസ്ഥാനതല ഏകോപന സമിതി യോഗ തീരുമാനങ്ങളെ തുടര്‍ന്നാണ് ഈ പുതിയ നിര്‍ദേശം.
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഹാജര്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനായി എല്ലാ സ്‌കൂളുകളും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (KITE) വികസിപ്പിച്ചെടുത്ത ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പും പോര്‍ട്ടലും നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ സ്‌കൂളുകളും ‘സമ്പൂര്‍ണ പ്ലസ്’ പോര്‍ട്ടലും മൊബൈല്‍ ആപ്പും പ്രയോജനപ്പെടുത്തണം. വിദ്യാര്‍ഥികളുടെ ഹാജര്‍, പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ എന്നിവ രേഖപ്പെടുത്തുന്നതിനും രക്ഷിതാക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതിനും ഈ പ്ലാറ്റ്‌ഫോം സൗകര്യപ്രദമാണ്. ക്ലാസ് ടീച്ചര്‍മാര്‍ എസ്ടി വിദ്യാര്‍ഥികളുടെ ഹാജര്‍ വിവരങ്ങള്‍ നിര്‍ബന്ധമായും ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പിലോ പോര്‍ട്ടലിലോ രേഖപ്പെടുത്തണം. ഇത് പ്രധാനാധ്യാപകര്‍ ഉറപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.
സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളുടെയും ഹാജര്‍ ഇതിനകം ‘സമ്പൂര്‍ണ പ്ലസി’ല്‍ രേഖപ്പെടുത്തുന്നുണ്ടെങ്കില്‍ എസ്ടി വിദ്യാര്‍ഥികളുടെ ഹാജര്‍ പ്രത്യേകം രേഖപ്പെടുത്തേണ്ടതില്ല.
2025 ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ എസ്ടി വിദ്യാര്‍ഥികള്‍ ഹാജരാകാത്ത ആകെ ദിവസങ്ങളുടെ എണ്ണം സ്‌കൂളുകള്‍ ഉടന്‍ തന്നെ പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. കൂടാതെ, ഇന്നു മുതല്‍ സ്‌കൂളില്‍ ഹാജരാകുന്ന എസ്ടി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനും നിര്‍ദേശമുണ്ട്.
ഓരോ സ്‌കൂളിലുമുള്ള കുട്ടികളും കൃത്യമായി സ്‌കൂളില്‍ എത്തുന്നുണ്ടെന്ന് അതാത് സ്‌കൂളുകളിലെ പ്രധാനാധ്യാപകരും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാരും ഉറപ്പാക്കണം.
‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പും പോര്‍ട്ടലും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൈറ്റ് നിര്‍ദേശങ്ങളും യൂസര്‍ മാനുവലും പുറത്തിറക്കിയിട്ടുണ്ട്. ഇത് നിരീക്ഷിക്കുന്നതിനായി പോര്‍ട്ടലില്‍ പ്രത്യേക ഡാഷ്ബോര്‍ഡും നല്‍കുമെന്ന് എന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
സംസ്ഥാനത്ത് 1 മുതല്‍ 10 വരെ ക്ലാസുകളിലായി ആകെ 65,091 പട്ടികവര്‍ഗ കുട്ടികളാണുള്ളത്. ഇതില്‍ 39,141 കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും 25,950 കുട്ടികള്‍ എയ്ഡഡ് സ്‌കൂളുകളിലുമാണ് പഠിക്കുന്നത്. ഈ കുട്ടികളുടെ സ്ഥിരമായ സ്‌കൂള്‍ സാന്നിധ്യം ഉറപ്പാക്കി അവരുടെ വിദ്യാഭ്യാസ പുരോഗതി വര്‍ധിപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.






