അമീബിക് മസ്തിഷ്കജ്വര ഭീഷണിക്ക് എതിരെ ജാഗ്രത നടപടികളുമായി തൃശൂര്‍ ജില്ലാ ഭരണകൂടം മുന്നോട്ട്. സംസ്ഥാനത്ത് ഉടനീളം അമീബിക് മസ്തിഷ്കജ്വരം വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട്, മലപ്പുറം എന്നീ അയല്‍ ജില്ലകളില്‍ കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂര്‍ ജില്ലാ ഭരണകൂടം പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയത്. ജില്ലയിലെ കുളങ്ങളില്‍ ഇറങ്ങുന്നതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൂണ്ടൽ പഞ്ചായത്തിലെ മൂന്ന് കുളങ്ങളിൽ ഇറങ്ങുന്നതിനു അധികൃതര്‍ നേരിട്ടെത്തി വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. തായങ്കാവ് ശ്രീധർമശാസ്താ ക്ഷേത്രത്തിലെയും പയ്യൂർക്കാവ് സുബ്രഹ്മണ്യക്ഷേത്രത്തിലെയും പയ്യൂർക്കാവ് ക്ഷേത്രത്തിനു സമീപത്തെ പൊതുകുളത്തിലുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു നിർദേശം ഉണ്ടാകുന്നതു വരെ ആളുകൾ കുളത്തിലിറങ്ങരുതെന്ന് കാട്ടി പഞ്ചായത്ത് സെക്രട്ടറി നോട്ടീസും പതിച്ചിട്ടുണ്ട്.
സാമൂഹികമാധ്യമങ്ങളിലൂടെ ഈയിടെയായി തായങ്കാവ് ക്ഷേത്രക്കുളത്തിന് വൻ പ്രചാരം ലഭിച്ചിരുന്നു. വിദൂര സ്ഥലങ്ങളിൽ നിന്നു പോലും ഏറെപ്പേർ കുളത്തിൽ നീന്തുകയും കുളിക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗാമായാണ് അധികൃതരുടെ നടപടി
ജില്ലയില്‍ മഴക്കാല പൂർവ ശുചീകരണം, ഫോഗിങ്, കിണർ ക്ലോറിനേഷൻ തുടങ്ങിയ ശുചിത്വ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്” എന്ന് ഹെൽത്ത് ഇൻസ്പെക്ടർ മേരി നിഷ പ്രതികരിച്ചു. അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും രോഗത്തെ പ്രതിരോധിക്കുന്നതിനായുള്ള നടപടികൾ എല്ലാം പൂർത്തീകരിച്ചു വരികയാണെന്നും ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. വിവിധ മേഖലകളിലായി ജനങ്ങളുടെ ബോധവൽക്കരണം തുടരുകയാണന്നും കലക്ടർ അറിയിച്ചു.
ജലസ്രോതസുകളിൽ ഖര മാലിന്യം നിക്ഷേപിക്കുന്നത് തടയണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, 97 ശതമാനമാണ് അമീബിക് മസ്തിഷ്കജ്വരത്തിൻ്റെ മരണ നിരക്ക്. ആഗോളതലത്തിൽ 500 ൽ താഴെ കേസുകളും കേരളത്തിൽ 120 കേസുകളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സർക്കാർ മാർഗരേഖ
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വർധിക്കുന്ന പശ്ചാത്തലത്തിൽ ജലാശയങ്ങളിലും നീന്തൽക്കുളങ്ങളിലും മലിനീകരണനിയന്ത്രണ നിർദേശങ്ങളുമായി സർക്കാർ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. പൊതു-സ്വകാര്യ നീന്തൽ കുളങ്ങളുടെ ഉപയോഗവും മലിനമായ കുളങ്ങളിലും തടാകങ്ങളിലും ഒഴുക്കുകുറഞ്ഞ തോടുകളിലും കുളിക്കുന്നതാണ് രോഗബാധയ്ക്കുള്ള കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന പൊതുജനാരോഗ്യ ഓഫിസര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു
സുപ്രധാന നിർദേശങ്ങൾ ഇങ്ങനെ..
- റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലനകേന്ദ്രങ്ങൾ എന്നിവയുടെ നടത്തിപ്പുകാർ അതതിടങ്ങളിലെ വെള്ളം ദിവസവും ക്ലോറിനേറ്റ് ചെയ്യണം. ഇതിനായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. പഞ്ചായത്ത് ആരോഗ്യ ഉദ്യോഗസ്ഥർ വരുമ്പോൾ ഹാജരാക്കണം
- കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികളിൽ ക്ലോറിനേഷൻ നടത്തണം.
- ജലവിതരണ ശൃംഖലകളിലെ ശുദ്ധീകരണത്തിന് ജല അതോറിറ്റിയും ജലനിധിയും പോലെ ബന്ധപ്പെട്ട ഏജൻസികൾ ശ്രദ്ധിക്കണം.
- അമീബയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന കുടിവെള്ള വിതരണശൃംഖലകളിലെ വെള്ളം ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കാൻ പാടില്ല.
- ജലസ്രോതസുകളിലേക്ക് മാലിന്യം ഒഴുകിയെത്തുന്നതും ഖരമാലിന്യം തള്ളുന്നതും തടയണം.
പ്രതിരോധ മാർഗങ്ങൾ
- മലിനമായതോ കെട്ടികിടക്കുന്നതോ ആയ ജലാശയങ്ങളുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കുക
- പായൽ നിറഞ്ഞതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ ജലാശയങ്ങളിൽ കുളിക്കുകയോ മുഖം കഴുകുകയോ അരുത്
- പതിവായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കാതിരിക്കുക
- ക്ലോറിനേറ്റ് ചെയ്തതും നന്നായി പരിപാലിക്കുന്നതുമായ വെള്ളത്തിൽ മാത്രം നീന്തുക
- കുളിക്കുമ്പോഴോ കളിക്കുമ്പോ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കുക
- തലയ്ക്ക് ക്ഷതമേറ്റവരോ മൂക്കിലോ തലയിലോ ശസ്ത്രക്രിയക്ക് വിധേയമായാവരോ കുളിക്കാനും മുഖം കഴുകാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പ് വരുത്തുക
- ചെവിയിൽ പഴുപ്പുള്ള ആളുകൾ കെട്ടികിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണം
- നീന്തുമ്പോൾ മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കാം
- മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്.
- തല വെള്ളത്തിൽ മുക്കി വച്ചു കൊണ്ട് മുഖം കഴുകാതിരിക്കുക.
ചികിത്സ
അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടണം. 24 മണിക്കൂറിനുള്ളിൽ തന്നെ രോഗം കൃത്യമായി കണ്ടെത്താൻ സാധിക്കുന്ന പിസിആർ പോലുള്ള നൂതന പരിശോധനകൾ നിലവിലുണ്ട്. ഈ രോഗത്തിനായുള്ള ഫലപ്രദമായ മരുന്നോ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ല എന്നത് വെല്ലുവിളിയാണ്. ഫംഗസ് അണുബാധകൾക്കുള്ള ആന്റി ഫംഗൽ, ആന്റി മൈക്രോബയൽ മരുന്നുകൾ ഉപയോഗിച്ചാണ് അമീബിക് മസ്തിഷ്ക ജ്വര രോഗികളെ ചികിത്സിക്കുന്നത്.








