700 ഉത്പന്നങ്ങള്‍ക്ക് വില കുറച്ച് അമുല്‍, നെയ്യുടെ വിലയില്‍ നാല്‍പ്പത് രൂപയുടെ കുറവുണ്ടാകും

0
35

 അമുലിന്‍റെ ഉത്പന്നങ്ങള്‍ക്ക് വില കുറച്ചതായി കമ്പനി. 700ലേറെ ഉത്‌പന്നങ്ങള്‍ക്കാണ് വില കുറച്ചിരിക്കുന്നത്. നെയ്യ്, വെണ്ണ,ഐസ്‌ക്രീം,ബേക്കറി വിഭവങ്ങള്‍ തുടങ്ങിയവയ്ക്കാണ് വില കുറച്ചിരിക്കുന്നത്. ചരക്കുസേവന നികുതി നിരക്കിലുണ്ടായ കുറവ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. നാളെ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും.

ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍(ജിസിഎംഎംഎഫ്) ആണ് വിലക്കുറവ് വിവരം പ്രഖ്യാപിച്ചത്. അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാല്‍ വിഭവങ്ങള്‍ വിപണനം ചെയ്യുന്ന സഹകരണ സംഘമാണിത്. ജിഎസ്‌ടി നിരക്കിലുണ്ടായ കുറവിന്‍റെ മുഴുവന്‍ ഫലവും ഉപഭോക്താക്കളിലെത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് സഹകരണ സംഘം വ്യക്തമാക്കി.

വെണ്ണ വില നൂറ് ഗ്രാമിന് 62ല്‍ നിന്ന് 58 ആയി കുറയും. നെയ്യ് വില ലിറ്ററിന് നാല്‍പ്പത് രൂപ കുറഞ്ഞ് 610 ആകും. അമുലിന്‍റെ സംസ്‌കരിച്ച വെണ്ണക്കട്ടി കിലോയ്ക്ക് മുപ്പത് രൂപ കുറഞ്ഞ് 545 രൂപയാകും. ശീതീകരിച്ച പനീറിന് നാളെ മുതല്‍ 00 രൂപയ്ക്ക് പകരം 95 രൂപ നല്‍കിയാല്‍ മതിയാകും.

തങ്ങളുടെ കച്ചവട പങ്കാളികളുമായി വില മാറ്റം സംബന്ധിച്ച് അമുല്‍ നേരത്തെ തന്നെ ആശയവിനിമയം നടത്തിക്കഴിഞ്ഞു. വിതരണക്കാര്‍, അമുല്‍ പാര്‍ലറുകള്‍, രാജ്യമെമ്പാടുമുള്ള ചില്ലറ വില്‍പ്പനക്കാര്‍ തുടങ്ങിയവരുമായി അമുല്‍ വില കുറച്ച കാര്യം ചര്‍ച്ച ചെയ്‌തു.

വിലക്കുറവ് ഉപഭോഗത്തിന് ആക്കം കൂട്ടുമെന്നാണ് കമ്പനി കരുതുന്നത്. പ്രത്യേകിച്ച് ഐസ്‌ക്രീം, നെയ്യ്, വെണ്ണ തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ഇവയുടെ ആളോഹരി ഉപഭോഗം കുറവാണ്. പുതിയ നീക്കത്തിലൂടെ ഇതില്‍ മാറ്റമുണ്ടാകുകയും വലിയ വളര്‍ച്ചാനിരക്കിനുള്ള അവസരം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷയെന്നും വാര്‍ത്താക്കുറിപ്പില്‍ കമ്പനി ചൂണ്ടിക്കാട്ടുന്നു.

ജിസിഎംഎംഎഫിന്‍റെ ഉടമകള്‍ 36 ലക്ഷം കര്‍ഷകരാണ്. ഇവരും ഉപഭോഗം വര്‍ദ്ധിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ഇത് തങ്ങളുടെ ലാഭത്തിലും വര്‍ദ്ധനയുണ്ടാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജിസിഎംഎംഎഫിന്‍റെ വരുമാനത്തില്‍ 11 ശതമാനം വര്‍ദ്ധനയുണ്ടായിരുന്നു. 65,911 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വരുമാനം. എല്ലാ വിഭാഗങ്ങളിലും വര്‍ദ്ധനയുണ്ടായി.

അമുലിന്‍റെ മൊത്തം വരുമാനം 90,000 കോടിയായി ഉയര്‍ന്നു. 2023-24ല്‍ 80000 കോടിയില്‍ നിന്നാണ് ഈ ഉയര്‍ച്ച നേടാനായത്. മദര്‍ ഡെയറിയും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കുറയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here