എന്നും യുവത്വമുള്ള ചർമം നിലനിർത്താൻ എന്തും പരീക്ഷിക്കാൻ മടിയില്ലാത്തവരാണ് നമ്മളിൽ പലരും. ചിലർ വിലപിടിപ്പുള്ള സൗന്ദര്യ വർധക ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ മറ്റു ചില അധികം പണച്ചെലവില്ലാത്തതും തികച്ചും പ്രകൃതിദത്തവുമായ വഴികളാണ് തെരഞ്ഞെടുക്കുന്നത്. അത്തരത്തിൽ ഒന്നാണ് ഐസ് ക്യൂബ് മസാജ്. പതിവായി ഐസ് ക്യൂബുകൾ കൊണ്ട് മസാജ് ചെയ്യുന്നത് ചർമത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ചർമത്തിന് പുതുമയേകാനും ഉന്മേഷം നൽകാനും ഇത് സഹായിക്കും. മുഖത്തെ വീക്കം ഇല്ലാതാക്കാനുള്ള ഉടനടി പരിഹാര മാർഗം കൂടിയാണിത്. അത്തരത്തിൽ പതിവായി ഐസ് ക്യൂബുകൾ ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുന്നത് കൊണ്ടുള്ള മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
രക്തയോട്ടം വർധിപ്പിക്കും
മുഖത്ത് ഐസ് ക്യൂബുകൾ ഉപയോഗിച്ച് മസാജ് ചെയ്യുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങും. ഈ സമയത്ത് ചർമത്തിന്‍റെ താപനില സന്തുലിതമാക്കനായി ഈ ഭാഗത്തേക്ക് കൂടുതൽ രക്തം പമ്പ് ചെയ്യും. ഇത് മുഖത്തേക്കുള്ള രക്തയോട്ടം വർധിക്കാൻ സഹായിക്കും. ചർമത്തിന്‍റെ തിളക്കം നിലനിർത്താനും മൊത്തത്തിലുള്ള ചർമാരോഗ്യത്തെ പിന്തുണയ്ക്കാനും ഇത് ഫലം ചെയ്യും.
വീക്കം കുറയ്ക്കും
ഉറങ്ങി എഴുന്നേറ്റത്തിന് ശേഷമുള്ള വീക്കം, കണ്ണിനും ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങൾ, വീർത്ത കവിൾ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫലപ്രദമായ ഒരു മാർഗമാണ് ഐസ് മസാജ്. ഐസിന്‍റെ തണുത്ത സ്വഭാവം വീക്കം കുറയ്ക്കുകയും മുഖം സാധാരണ സ്ഥിതിയിലേക്ക് കൊണ്ടുവരാനും സഹായിക്കും.
ചർമത്തെ ദൃഢമാക്കും
തണുപ്പ് ചർമത്തെ മുറുക്കമുള്ളതാക്കാൻ സഹായിക്കും. ഇത് ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും അകലവർധക്യം തടയാനും ഗുണം ചെയ്യും. ചർമത്തിലെ സെബം ഉത്‌പാദനം, വലിയ സുഷിരങ്ങൾ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.
മുഖക്കുരു നിയന്ത്രിക്കാൻ
ചർമത്തിലെ തുറന്ന സുഷിരങ്ങൾ ചുരുക്കാനും മുഖക്കുരു മൂലമുണ്ടാകുന്ന വീക്കം, വേദന എന്നിവ കുറയ്ക്കാനും ഐസ് ക്യൂബ് മസാജ് സഹായിക്കും. പതിവായി ഈ രീതിയിൽ മസാജ് ചെയ്യുന്നത് ചര്‍മസുഷിരങ്ങള്‍ ചുരുക്കും. ഇത് സുഷിരങ്ങളിൽ അഴുക്കുകളും പൊടിയും അടിഞ്ഞുകൂടുന്നത് തടഞ്ഞ് മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.
മുഖത്തെ ക്ഷീണം അകറ്റും
മുഖത്തെ ക്ഷീണം തത്ക്ഷണം അകറ്റാൻ മികച്ച തെരഞ്ഞെടുപ്പാണ് ഐസ് മസാജ്. ചർമ കോശങ്ങൾക്ക് ഊർജ്ജം നൽകാൻ ഇത് സഹായിക്കും. വെയിലേറ്റ് ചർമത്തിലുണ്ടാകുന്ന ക്ഷീണം അകറ്റാനും ചർമത്തെ ചെറുപ്പമായി നിലനിർത്താനും ബെസ്റ്റാണിത്.
ഐസ് ക്യൂബ് മസാജ് എല്ലാവർക്കും അനുയോജ്യമാണോ ?
എല്ലാത്തരം ചർമക്കാർക്കും ഐസ് ക്യൂബ് മസാജ് സുരക്ഷിതമല്ല. സെൻസിറ്റീവായതും വരണ്ടതുമായ ചർമമുള്ളവരും റോസേഷ്യ പോലുള്ള ചില വാസ്‌കുലാർ ഡിസോർഡേഴ്‌സ്, ചർമത്തിൽ തുറന്ന മുറിവുകൾ എന്നിവ ഉള്ളവരും ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം ചർമക്കാർ ഐസ് മസാജ് ചെയ്യുന്നത് ചുവപ്പ്, വീക്കം, പ്രകോപനം എന്നിവ വഷളാകാൻ കാരണമായേക്കാം.
ശരിയായി ഉപയോഗിക്കേണ്ട രീതി
ഐസ് ക്യൂബുകൾ ചർമത്തിൽ നേരിട്ട് പ്രയോഗിക്കുന്നതിന് പകരം നേർത്ത തുണിയിൽ പൊതിഞ്ഞ ശേഷം ഉപയോഗിക്കാം. മുഖത്തിന്‍റെ എല്ലാ ഭാഗത്തും വൃത്താകൃതിയിൽ മൃദുവായി വേണം മസാജ് ചെയ്യാൻ. ഒന്നോ രണ്ടോ സെക്കൻഡിൽ കൂടുതൽ ഒരേ ഭാഗത്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. ദിവസവും രണ്ട് മിനിറ്റ് നേരം ഐസ് മസാജ് ചെയ്യുന്നത് മികച്ച ഫലങ്ങൾ നൽകും.






