വിപണിവില കിലോയ്ക്ക് 1200 വരെ, തിപ്പലി കൃഷി എങ്ങനെ? .

0
71

രോഗങ്ങൾ നിവാരണം ചെയ്ത് ശരീരശക്തി വർധിപ്പിക്കുന്ന ഔഷധങ്ങളുടെ ഗണത്തിലാണ് ആയുർവേദത്തിൽ തിപ്പലിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. കൃഷ്ണ, ഉപകുല്യാഃ, പിപ്പലി, വൈദേഹി എന്നീ നാമങ്ങളിലാണ് ആയുർവേദത്തിൽ അറിയപ്പെടുന്നത്. പൈപ്പർ ലോംഗം എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇത് പൈപ്പറേസി എന്ന സസ്യകുടുംബത്തിൽപ്പെടുന്നു

കായ, വേര് എന്നിവയാണ് ഔഷധയോഗ്യമായി ഉപയോഗിക്കുന്നത്. ഇലകൾക്ക് എരിവുരസം ഉണ്ടാകും. കായ പാകമാകുമ്പോൾ കറുത്ത നിറമാകും. കുരുമുളക് ചെടിയോട് സാമ്യമുണ്ടെങ്കിലും.പടർന്നുവളരുന്ന ഈ ചെടി കുരുമുളക് ചെടിയോളം ഉയരത്തിൽ വളരുന്നില്ല.

ആയുർവേദത്തിൽ വളരെയധികം ഉപയോഗിച്ചുവരുന്ന ത്രികടു, പഞ്ചകോലം തുടങ്ങിയ ഔഷധഗണങ്ങളിലെ ഒരു അംഗമാണ് തിപ്പലി. ദഹനശക്തി വർധിപ്പിക്കാനും രക്ത കുറവിനും മുലപ്പാൽ വർധിപ്പിക്കാനും രോഗാണുനാശത്തിനും ഇതിന് കഴിവുണ്ട്. അർശ്ശസ്, മൂത്രാശയകല്ല്, ചുമ, അതിസാരം, വയറിളക്കം ഇവയെ അകറ്റാൻ കഴിവുള്ള ഇതിന് രസായനഗുണം ഉണ്ട്.

ധാരാളം അരിഷ്ഠയോഗങ്ങളിലും ലേഹ്യയോഗങ്ങളിലും പ്രക്ഷേപദ്രവ്യമായി തിപ്പലി ഉപയോഗിക്കുന്നുണ്ട്. ചുക്കില്ലാത്ത കഷായമില്ലെന്നപോലെ തിപ്പലി ഇല്ലാത്ത ചൂർണ്ണയോഗങ്ങങ്ങളും ലേഹ്യയോഗങ്ങളും കുറവാണ്.പൈവ്യാർട്ടിൻ, പൈപ്പറിൻ, എന്നീ ആൽക്കലോയ്ഡുകളും സെസാമിൻ എന്ന ലിഗ്നാൻസുകളും ഡൈഹൈഡ്രോസ്റ്റിഗമാസ്‌റ്ററോൾതുടങ്ങിയ സ്റ്റിറോളുകളും സെസ്‌ക്വിറ്റർപീൻസ് അടങ്ങിയിട്ടുള്ള വൊളറ്റൈൽ ഓയിലുകളും ഇതിൽ അടങ്ങിയിരിക്കുന്നു..

കേരളം, അസം, ബെംഗാൾ, എന്നിവടങ്ങളിൽ തിപ്പലി ധാരളമായി കൃഷിചെയ്യുന്നു. ഇന്ത്യയിലെ ഉഷ്ണമേഖലാ കാടുകളിലും നന്നായി വളരുന്നു. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയും 20-25 ശതമാനം ഭാഗികതണലും ഇതിന് ആവശ്യമാണ്. നീർവാർച്ചയുള്ള, ജലസംഭരണശേഷിയുള്ള വളക്കൂറുള്ള മണ്ണിൽ ഇത് കൃഷി ചെയ്യാം.

മഴക്കാലത്തിന്റെ തുടക്കത്തിൽ തണ്ട്/വള്ളി വെട്ടിയെടുത്ത് തിപ്പലി വളർത്താം. ഒരു വർഷം പ്രായമായ ചെടികളിൽനിന്നു 3-5 മൊട്ടുകൾ ലഭിക്കുന്ന തണ്ട് വെട്ടിയെടുത്തു പ്രജനനം ചെയ്യാം. പോട്ടിങ് മിശ്രിതം നിറച്ച് ഗ്രോബാഗുകളിൽ വള്ളിച്ചെടികൾ വേരൂന്നാം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നട്ട തൈകൾ മെയ് അവസാനത്തോടെ കൃഷിയിടങ്ങളിലേക്ക് മാറ്റാൻ പ്രായമാകും.

വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യത്തിൽ വിളയ്ക്ക് അതിജീവനം ബുദ്ധിമുട്ടാണ്. 3×2.5 മീറ്റർ തടങ്ങൾ തയ്യാറാക്കി 60സെമീX60സെമീ അകലത്തിൽ കുഴിയെടുത്ത് 100ഗ്രം/കുഴി എന്ന തോതിൽ ഉണങ്ങിയ ചാണകം ജൈവവളവുമായിചേർത്ത് മണ്ണുമായി കലർത്തണം ഓരോ കുഴിയിലും വേരുകളുള്ള രണ്ട് ചെടികൾ നടാം. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ ചാലുകളും നിർമ്മിക്കണം.

തിപ്പലിക്ക് കനത്ത വളപ്രയോഗം ആവശ്യമാണ്. വർഷത്തിൽ രണ്ടുമൂന്നുതവണ കള പറിക്കേണ്ടി വരും. വേനൽകാലത്ത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ജലസേചനം നടത്തണം. നടീലിന് ശേഷം 6 മാസം കൊണ്ട് വള്ളികൾ പൂക്കാൻ തുടങ്ങും. കായകൾ പാകമാകാൻ രണ്ടു മാസം എടുക്കും.പൂർണ്ണവളർച്ചയെത്തിയ പഴങ്ങൾ കട്ടിയായി കടുത്ത പച്ചനിറമുള്ളതാകുമ്പോൾ വിളവെടുക്കാം. പൂർണ്ണമായും പാകമായതിന് ശേഷം വിളവെടുക്കുന്നത് എളുപ്പം പൊട്ടാതിരിക്കാൻ സഹായിക്കും. നട്ട് ആദ്യവർഷം ഹെക്ടറിൽനിന്ന് 100-150 കിലോഗ്രാം വരെ വിളവ് കിട്ടും. നാല് വർഷംകൊണ്ട് ഹെക്ടറിന് 0.75-1 ടൺ വരെ എത്തും.

വിളവെടുത്ത കായകൾ പൂർണ്ണമായും ഉണങ്ങുന്നതുവരെ 4-5 ദിവസം വരെ വെയിലത്ത് ഉണക്കണം. ശേഷം ഈർപ്പം പ്രതിരോധിക്കുന്ന പാത്രങ്ങളിൽ സംഭരിക്കാം. വേരുകളും ശേഖരിച്ച് 3-5 സെന്റി മീറ്റർ നീളമുള്ള കഷണങ്ങളാക്കി ഉണക്കി സൂക്ഷിക്കാം. ഒരു ഹെക്ടറിൽനിന്നു ശരാശരി 500 കിലോ വരെ വേരുകൾ ലഭിക്കും.ഉണങ്ങിയ തിപ്പലിയുടെ വിപണിവില ഇപ്പോൾ കിലോയ്ക്ക് 980 ആണ്. ലഭ്യതയ്ക്കനുസരിച്ച് 600-1200 വരെ വിലവ്യത്യാസം ഉണ്ടാകാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here