കണ്ണൂര്‍: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനായി സംഘടിപ്പിക്കുന്ന ‘റൺ പാലക്കയം തട്ട് ഇരിക്കൂർ ടൂറിസം’ രാജ്യാന്തര മിനി മാരത്തണിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഡിടിപിസിയും ഇരിക്കൂർ ടൂറിസം ആൻഡ് ഇന്നൊവേഷൻ കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 13-ന് രാവിലെ ആറ് മണിക്ക് പയ്യാവൂരിൽ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനത്തിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ സമ്മാനദാനം നിർവഹിക്കും.
രാജ്യാന്തര പങ്കാളിത്തം
12.5 കിലോമീറ്റർ ദൈർഘ്യമുള്ള മിനി മാരത്തണിൽ എത്യോപ്യ, നേപ്പാൾ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും മധ്യപ്രദേശ്, രാജസ്ഥാൻ, ചണ്ഡീഗഡ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിരവധി കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ടെന്ന് ഇരിക്കൂര്‍ എംഎല്‍എ അഡ്വ. സജീവ് ജോസഫ് പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള മത്സരാർഥികളും വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കും. ജനപ്രതിനിധികൾ, സാമൂഹിക-കലാ-കായിക രംഗത്തെ പ്രമുഖർ എന്നിവരും മാരത്തണിൽ അണിനിരക്കും.
വിവിധ വിഭാഗങ്ങൾ, സമ്മാനങ്ങൾ
എല്ലാ വിഭാഗം ആളുകൾക്കും പങ്കെടുക്കാൻ സാധിക്കുന്ന നാല് കിലോമീറ്റർ ‘റൺ ഫോർ ഫൺ’ മാരത്തണിൻ്റെ ഭാഗമായി നടക്കും. സ്ത്രീ, പുരുഷൻ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളിലായി 18-35 വയസ്സ്, 36-45 വയസ്സ്, 46 വയസ്സിനു മുകളിൽ എന്നിങ്ങനെ വിവിധ പ്രായ വിഭാഗങ്ങളിലായി വിജയികളെ തിരഞ്ഞെടുക്കും. 2.5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളാണ് വിജയികൾക്ക് നൽകുന്നത്. മത്സരം പൂർത്തിയാക്കുന്ന എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. 60 വയസ്സിന് മുകളിലുള്ളവർക്ക് ക്യാഷ് പ്രൈസും ലഭിക്കും.
സുരക്ഷയും ക്രമീകരണങ്ങളും
മത്സരാർത്ഥികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനായി എൻസിസി, എസ്പിസി, യുവജന സംഘടനകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200-ഓളം വോളന്റിയർമാർ രംഗത്തുണ്ടാകും. ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യവും, റൂട്ടിൽ 2 കിലോമീറ്റർ ഇടവിട്ട് വാട്ടർ പോയിൻ്റുകളും ഫസ്റ്റ് എയ്ഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൊലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും സേവനവും ലഭ്യമാക്കും.
മാരത്തണില്‍ പങ്കെടുക്കാനെത്തുന്ന കായിക താരങ്ങള്‍ക്ക് പയ്യാവൂരില്‍ എത്തിച്ചേരുന്നതിന് റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും താമസ സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായി പയ്യാവൂരില്‍ സെപ്റ്റംബര്‍ 12 ന് രാവിലെ 10 മണി മുതല്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിക്കും. മത്സരത്തിനു ശേഷം മാരത്തണിൻ്റെ ഭാഗമായ മുഴുവന്‍ പേര്‍ക്കും ഭക്ഷണവും കായിക താരങ്ങള്‍ക്ക് പുലിക്കുരുമ്പയില്‍ നിന്ന് പയ്യാവൂരില്‍ എത്തിച്ചേരാനുളള വാഹന സൗകര്യവും ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു.
ഇരിക്കൂറിൻ്റെ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന ഈ രാജ്യാന്തര മാരത്തണിലൂടെ പാലക്കയം തട്ട്, പൈതല്‍മല, കാഞ്ഞിരക്കൊല്ലി, കലാങ്കി, തിരുനെറ്റിക്കല്ല് തുടങ്ങിയ അനന്തമായ ടൂറിസം സാധ്യതകളെയും മാമാനികുന്ന് ദേവി ക്ഷേത്രം, നിലാമുറ്റം പളളി, ചെമ്പേരി ബസലിക്ക, വിളക്കന്നുര്‍ ദിവ്യ കാരുണ്യ അത്ഭുത ദേവാലയം, പയ്യാവൂര്‍ ശിവക്ഷേത്രം, കുന്നത്തൂര്‍പാടി മുത്തപ്പ ക്ഷേത്രം, ശ്രീകണ്ഠാപുരം പഴയങ്ങാടി മാലിക് ദീനാര്‍ മക്മ്പറ, മടമ്പം ഫെറോന ചര്‍ച്ച് തുടങ്ങിയ തീര്‍ഥാടന ടൂറിസവും ലോകത്തിൻ്റെ മുന്നിലെത്തിക്കാനാകുമെന്ന് അഡ്വ. സജീവ് ജോസഫ് എം എല്‍ എ പറഞ്ഞു.






