കൊച്ചി മാതൃകയില്‍ മുബൈയില്‍ വാട്ടര്‍ മെട്രോ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ലഭിച്ചു.
കൊച്ചി മാതൃകയില്‍ മുംബൈയില്‍ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയിട്ട് മഹാരാഷ്‌ട്ര. വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ടെന്‍ഡര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ലഭിച്ചു. ടെന്‍ഡറിങ് നടപടികളിലൂടെ 4.4 കോടി രൂപയുടെ കരാര്‍ മഹാരാഷ്ട്ര ഗവണ്‍മെൻ്റില്‍ നിന്ന് കൊച്ചി മെട്രോ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനത്തിന് ലഭിക്കും.
കരാര്‍ ലഭിച്ചതോടെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനത്തില്‍ ദേശീയതലത്തില്‍ തന്നെ സുപ്രധാനമായ ഒരു ചുവടുവയ്‌പ്പ് നടത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. മുംബൈ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കരാര്‍. വയ് തര്‍ണ, വസായ്, മനോരി, താനേ, പനവേല്‍,കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോര്‍ട്ടാണ് നല്‍കിയത്.
റെക്കോര്‍ഡ് വേഗത്തിലാണ് കെഎംആര്‍എല്ലിൻ്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡിപിആര്‍ തയ്യാറാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. റെക്കോർഡ് വേഗത്തില്‍ സമര്‍പ്പിച്ചതോടെ കെഎംആര്‍എല്‍ മാനേജിങ് ഡയറക്‌ടര്‍ ലോക്‌നാഥ് ബെഹ്‌റ തങ്ങള്‍ക്ക് നേരിട്ട വെല്ലുവിളികളെക്കുറിച്ച് വെളിപ്പെടുത്തി.
കനാലും കായലും കടലും പോർട്ട് വാട്ടറും ഉള്‍പ്പെടുന്ന മേഖലയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കുക എന്ന ഏറെ വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് കൊച്ചി മെട്രോ ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാട്ടർ മെട്രോ മുംബൈയിൽ റോഡ്, റെയിൽ, ജലപാത എന്നിവയെ ബന്ധിപ്പിച്ച് ഇൻ്റർമോഡൽ കണക്‌ടിവിറ്റി ഉറപ്പാക്കി ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കും.
2026ൽ പദ്ധതി നിർമ്മാണം ആരംഭിക്കാൻ മഹാരാഷ്ട്ര സർക്കാരിന് കഴിയും. അതേസമയം, ഡിപിആർ ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് ലോക്‌നാഥ് ബെഹ്റ പറഞ്ഞു. 250 കിലോമീറ്റര്‍ നീണ്ട ജലപാതകളില്‍ 29 ടെര്‍മിനലുകളും പത്ത് റൂട്ടുകളും ഉള്‍പ്പെടുത്തി മഹാരാഷ്ട്രയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള പഠനം കെഎംആര്‍എല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തിന് മുന്നില്‍ വലിയ വികസന സാധ്യതകളാണ് ഉയര്‍ത്തുന്നത്.
കൊച്ചി മെട്രോയ്ക്ക് അധിക ടിക്കറ്റിതര വരുമാനത്തിനും ഇത് വഴി തുറന്നു കഴിഞ്ഞു. കൊച്ചി മെട്രോയുടെ നിലിവിലെ പദ്ധതി നിര്‍വണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്‌ധര്‍ തന്നെയാണ് മുംബൈ വാട്ടര്‍ മെട്രോ കണ്‍സള്‍ട്ടന്‍സിയുടെയും ഭാഗമാകുന്നത്.
കൊച്ചി മാതൃക രാജ്യമാകെ വ്യാപിപ്പിക്കാനുള്ള സേവനത്തില്‍ ഇവരും പങ്കാളികളാണ്. കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെ നിര്‍ദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും കേന്ദ്രപ്രദേശങ്ങളിലെയും 18 വ്യത്യസ്‌ത നഗരങ്ങളിലും വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യത പഠനവും കെഎംആര്‍എല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
“പട്‌ന, ശ്രീനഗര്‍ എന്നിവിടങ്ങളിലെ സാധ്യത പഠന റിപ്പോര്‍ട്ട് ഇതിനകം സമര്‍പ്പിച്ച് കഴിഞ്ഞു. അഹമ്മദാബാദ്, ഗുവാഹത്തി എന്നിവിടങ്ങളിലെ റിപ്പോര്‍ട്ട് ഈ മാസം നല്‍കുമെന്ന്” കൊച്ചി മെട്രോ വാട്ടർ ട്രാൻസ്പോർട്ട് വിഭാഗം ചീഫ് ജനറൽ മാനേജർ ഷാജി പി ജനാർദ്ദനൻ പറഞ്ഞു.
ഇന്‍ലാന്‍ഡ് വാട്ടര്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈ സാധ്യത പഠനങ്ങള്‍ വിലയിരുത്തി സാധ്യതയുള്ള സ്ഥലങ്ങളില്‍ അധികം താമസിയാതെ ഡിപിആര്‍ പഠനത്തിലേക്ക് കടക്കും. ഇത്തരം കേന്ദ്രങ്ങളിലെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനും പദ്ധതി നടത്തിപ്പിനുമുള്ള ചുമതല ലഭിക്കുകയും ചെയ്‌താല്‍ സുസ്ഥിര നഗര ജലഗതാഗത മേഖലയില്‍ രാജ്യാന്തര ബ്രാന്‍ഡായി വളരാനുള്ള സാധ്യതകളാണ് കെഎംആര്‍എല്ലിന് മുന്നില്‍ തെളിയുക.








