ഹംപിയിലെ വിരൂപാക്ഷക്ഷേത്രം

0
42

ഉത്തര കർണാടകത്തിലെ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന പുരാതന നഗരമാണ് ഹംപി. ഹംപിയിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് വിരൂപാക്ഷക്ഷേത്രം. ഇത് തുംഗഭദ്രാ നദിക്കരയിലാണു സ്ഥിതി ചെയ്യുന്നത്. ഹംപിയിലെ ഏറ്റവും പഴയ ഒരു ക്ഷേത്രമാണിത്.  ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹം ഏഴാം നൂറ്റാണ്ടിലേതാണെന്നു കരുതുന്നു.  പംപാപതി എന്നു വിളിക്കുന്ന ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ.  കല്ലിൽ തീർത്ത അപൂർവങ്ങളായ നിരവിധി ശിൽപങ്ങൾ ഇവിടെ ഉണ്ട്.

പ്രധാനപ്പെട്ട രണ്ടു ഗോപുരങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ട്.  അതിൽ ഒന്ന്, 165 അടി ഉയരമുള്ള ഒരു ഗോപുരം ക്ഷേത്രമുറ്റത്ത് സ്ഥിതി ചെയ്യുന്നു. ബിസ്‌തപ്പയ്യ ഗോപുരം എന്നാണിത് അറിയപ്പെടുന്നത്. 11 നിലകൾ ഉള്ള ഈ ഗോപുരവും വിരൂപാക്ഷ ക്ഷേത്രവും ഏതു കാലത്താണുണ്ടാക്കിയത് എന്നതിനു വ്യക്തമായ തെളിവുകൾ ലഭ്യമല്ല. എന്നാൽ രണ്ടാമത്തെ ഗോപുരം കൃഷ്ണദേവരായർ അദ്ദേഹത്തിന്റെ ഭരണകാലത്ത് പണി തീർത്തതാണ്.  പല പ്രാവശ്യങ്ങളിലായി ഈ ക്ഷേത്രം പുതുക്കിയതായി തെളിവുകൾ ഉണ്ട്, എന്നാൽ ഏറ്റവും അവസാനം അതു പുതുക്കി പണിതത് 1510 – ൽ ശ്രീകൃഷ്ണദേവരായർ ആയിരുന്നു. ക്ഷേത്ര മുറ്റം നിറയെ കല്ലുകൾ പാകിയിരിക്കുന്നു. നടുഭാഗത്തായി ഒരു ചെറിയ കനാൽ ഉണ്ട്. അതിനൂടെ തുംഗഭദ്രാ നദിയിലെ വെള്ളം ഒഴുകുന്നുണ്ട്. അഭയാർത്ഥികളായി എത്തുന്നവർക്ക് താമസിക്കാനുള്ള മറ്റൊരു മന്ദിരം ക്ഷേത്രത്തിൽ ഉണ്ട്. കല്യാണമണ്ഡപം എന്നറിയപ്പെടുന്ന ഫലപൂജാ മണ്ഡപവും ഒരു കിണറും ക്ഷേത്ര മതിൽക്കെട്ടിനകത്തുണ്ട്.

വിശാലമായ രണ്ടു മുറ്റങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. ഏല്ലാം കരിങ്കൽ പാകിയിരിക്കുന്നു. രണ്ടാമത്തെ മുറ്റത്താണ് വിളക്കുമാടവും കൊടിമരവും സ്ഥിതി ചെയ്യുന്നത്. ഈ മുറ്റത്തിന് ഇടതുവശത്തായി ചില ഉപദേവതാ ക്ഷേത്രങ്ങൾകൂടി സ്ഥിതി ചെയ്യുന്നു. അവ പട്ടലേശ്വര, മുക്തിനരസിംഹ, സൂര്യനാരായണ എന്നീ ദേവതകളുടേതാണ്. വലതുവശത്ത് മഹിഷാസുരമർദ്ധിനിയുടേയും ലക്ഷ്മീനരസിംഹസ്വാമിയുടേയും അമ്പലം സ്ഥിതി ചെയ്യുന്നു . കൂടാതെ ഭുവനേശ്വരി ദേവിയുടേയും പംപാദേവിയുടേയും അന്പലങ്ങളും ഇതിനകത്തുണ്ട്.

ഹൊയ്‌സാലാ രാജവാഴ്‌ച കാലത്തുണ്ടായ ഒരു ക്ഷേത്രമാണിത്. ഇതിന്റെ കുറച്ചുഭാഗങ്ങൾ ഹരിഹരൻ ഒന്നാമൻ പുതുക്കിപ്പണിതിട്ടുണ്ട്. പിന്നീട് കൃഷ്ണദേവരായർ ഒരു മണ്ഡപവും പൊതുജനങ്ങൾക്ക് സംമ്മേളിക്കാനുള്ള ഒരു സ്ഥലവും ഇവിടെ കൂട്ടിച്ചേർത്തു.  ഈ ക്ഷേത്രത്തിന്റെ പുഴയോടു തിരിഞ്ഞിരിക്കുന്ന ഭാഗത്തെ ചുമരിന് ഒരു വലിയ തുളയുണ്ട്, ആ തുളയിലൂടെ അമ്പലത്തിനു മുന്നിലുള്ള ഗോപുരത്തിന്റെ ചിത്രം പുറകിലെ ചുവരിൽ തലതിരിഞ്ഞു കാണുന്നു. മറ്റു യാതൊരുവിധ വിദ്യകളും ഇല്ലാതെയാണിത് സാധ്യമാവുന്നത്.

റാണിമന്ദിരത്തിനു വടക്കുകിഴക്കു ഭാഗത്തായി കൊട്ടരവളപ്പിൽ സ്ഥിതിചെയ്യുന്ന ഏക ക്ഷേത്രമാണ് ഹസാരരാമ ക്ഷേത്രം. ഒരു ശ്രീരാമക്ഷേത്രമാണിത്. 15-ആം നൂറ്റാണ്ടിലാണിത് പണികഴിപ്പിച്ചത്. ദ്രാവിഡകലാവിരുതിന്റെ ഒരു മൂർത്തരൂപമാണ് ഈ ക്ഷേത്രം എന്നു പറയാം. ഇപ്പോൾ ഇവിടെപൂജാദികൾ ഒന്നും തന്നെ ചെയ്യുന്നില്ല. കൊത്തുപണികളില്ലാത്ത ഒരു കല്ലുപോലും ഈ ക്ഷേത്രത്തിൽ കണ്ടെത്താനാവില്ല. രാമായണകഥ മൊത്തമായി, രാമജനനം മുതൽ സ്വർഗാരോഹണം വരെ, ഇവിടെ കൊത്തിവെച്ചിരിക്കുന്നു. അമ്പലത്തിനകത്ത് പുറമേ കാണുന്നതിൽ നിന്നും വ്യത്യസ്തമായി കറുപ്പുകലർന്ന ഗ്രാനൈറ്റ് കല്ലുകളിൽ തീർത്ത ശില്പങ്ങളാണുള്ളത്. പുറത്തുനിന്നും കല്പാത്തി വെച്ച് വെള്ളം ഇവിടേക്ക് എത്തിക്കുന്നു. അമ്പലത്തിന്റെ ചുറ്റുമതിൽ വിജയനഗരസാമ്രാജ്യത്തെ അപ്പാടെ ചിത്രീകരിക്കുന്ന വിവിധ കലാരൂപങ്ങളുടെ കൊത്തുപണികളാൽ സമൃദ്ധമാണ്. ഒരു നൃത്തമണ്ഡപവും ഇതിനകത്തുണ്ട്. ഹംപിയിലെ മിക്ക ക്ഷേത്രങ്ങളിലും അമ്പലത്തിനകത്ത് നൃത്തമണ്ഡപം കൂടി കാണാവുന്നതാണ്. ലവകുശന്മാരുടെ രാമായണകഥ വിശദീകരിച്ചു പ്രതിപാദിച്ചതിനു പുറമേ ഭാഗവതപുരാണം മുഴുവനായും ഇവിടെ കൊത്തുപണികളാൽ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here