ജിഎസ്‌ടി കുറച്ചതോടെ കാറുകൾക്ക് 8.9 ലക്ഷം രൂപ വരെ വിലക്കുറവ്:

0
41

പ്രമുഖ കമ്പനികളുടെ വിവിധ മോഡലുകൾക്ക് 65,000 മുതൽ 8.9 ലക്ഷം രൂപ വരെ വില കുറയും. സെപ്‌റ്റംബർ 22 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുക.

ഹൈദരാബാദ്: ജിഎസ്‌ടി പരിഷ്‌കരണത്തെ തുടർന്ന് ഇന്ത്യൻ വിപണിയിൽ കാറുകൾക്ക് ഗണ്യമായ വിലക്കുറവുണ്ടായിരിക്കുകയാണ്. എൻട്രി ലെവൽ ഹാച്ച്ബാക്കുകൾ മുതൽ ആഡംബര എസ്‌യുവികൾ വരെയുള്ള എല്ലാ കാറുകളുടെയും ഓൺ-റോഡ് വിലയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഇതോടെ മോഡലുകൾക്കനുസരിച്ച് 65,000 മുതൽ 8.9 ലക്ഷം രൂപ വരെ വിവിധ കമ്പനികളുടെ കാറുകൾക്ക് വില കുറയും.

കാർ വാങ്ങാൻ പദ്ധതിയിടുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് ഇത് സുവർണാവസരമായിരിക്കും. കുടുംബത്തോടോ സുഹൃത്തുക്കളോടോ ഒപ്പം യാത്ര പോവാനാഗ്രഹിക്കുന്ന സാധാരണക്കാരുടെ കാറെന്ന സ്വപ്‌നം പൂവണിയിക്കാൻ പരിഷ്‌കരിച്ച ജിഎസ്‌ടി നിരക്ക് സഹായിക്കുമെന്നതിൽ സംശയമില്ല. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹ്യുണ്ടായ്, സ്കോഡ, റെനോ, ടൊയോട്ട, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ കാർ നിർമ്മാതാക്കൾ അവരുടെ തെരഞ്ഞെടുത്ത മോഡലുകളുടെ വില കുറച്ചിട്ടുണ്ട്.

2025 സെപ്‌റ്റംബർ 22 മുതലായിരിക്കും പരിഷ്‌കരിച്ച ജിഎസ്‌ടി നിരക്കുകൾ നടപ്പാക്കുക. ഓരോ കമ്പനികളുടെയും വിവിധ മോഡലുകൾക്ക് എത്ര രൂപ വരെ വില കുറയുമെന്ന് പരിശോധിക്കാം.

ടാറ്റ മോട്ടോഴ്‌സ്

ജിഎസ്‌ടി പരിഷ്‌കരണത്തെത്തുടർന്ന് ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാഹനങ്ങൾക്ക് 1.45 ലക്ഷം രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ടിയാഗോ, ആൾട്രോസ് തുടങ്ങിയ ജനപ്രിയ ഹാച്ച്ബാക്കുകളുടെ വില കമ്പനി ഇപ്പോൾ യഥാക്രമം 75,000 രൂപയും 1.10 ലക്ഷം രൂപയും കുറച്ചിട്ടുണ്ട്. പഞ്ച്, നെക്‌സോൺ പോലുള്ള സബ്‌കോംപാക്റ്റ് എസ്‌യുവികൾക്ക് ഇപ്പോൾ യഥാക്രമം 85,000 രൂപയും 1.55 ലക്ഷം രൂപയും കുറച്ചിട്ടുണ്ട്. കൂപ്പെ എസ്‌യുവി മോഡലായ ടാറ്റ കർവ്വിന് 65,000 രൂപയും പ്രീമിയം എസ്‌യുവി മോഡലുകളായ ഹാരിയർ, സഫാരി എന്നിവയ്ക്ക് ഇപ്പോൾ യഥാക്രമം 1.40 ലക്ഷം രൂപയും 1.45 ലക്ഷം രൂപയും വിലക്കുറവുണ്ട്.

മഹീന്ദ്ര

ജിഎസ്‌ടി 2.0 പ്രാബല്യത്തിൽ വരുന്നതോടെ മഹീന്ദ്രയുടെ ബൊലേറോ നിയോയ്ക്ക് 1.27 ലക്ഷം രൂപ വില കുറയും. സബ്-കോംപാക്റ്റ് എസ്‌യുവിയായ XUV 3XOയുടെ പെട്രോൾ വേരിയന്‍റിന് 1.40 ലക്ഷം രൂപയും, ഡീസൽ വേരിയന്‍റിന് 1.56 ലക്ഷം രൂപയും വില കുറയും. 3 ഡോർ ഥാറിന് ഇപ്പോൾ 1.35 ലക്ഷം രൂപ വരെ വിലക്കുറവുണ്ട്. അതേസമയം ഥാർ റോക്‌സ്എക്‌സിന് ഇപ്പോൾ 1.33 ലക്ഷം രൂപ വിലക്കുറവ് ലഭിക്കും. സ്‌കോർപിയോ ക്ലാസിക്, സ്‌കോർപിയോ എൻ തുടങ്ങിയ എസ്‌യുവി മോഡലുകൾക്ക് ഇപ്പോൾ 1.01 ലക്ഷം രൂപയും 1.45 ലക്ഷം രൂപയും വരെ ആയിരിക്കും വില കുറയുക. പ്രീമിയം എസ്‌യുവിയായ XUV700ന് 1.43 ലക്ഷം രൂപ വിലക്കുറവുണ്ടായിരിക്കും.

ഹ്യുണ്ടായ്

ദക്ഷിണ കൊറിയൻ കാർ നിർമ്മാതാവായ ഹ്യുണ്ടായ് അയോണിക് 5, ക്രെറ്റ ഇലക്ട്രിക് എന്നിവ ഒഴികെയുള്ള മുഴുവൻ മോഡലുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാൻഡ് i10 നിയോസ്, i20, i20 N ലൈൻ തുടങ്ങിയ ഹാച്ച്ബാക്ക് മോഡലുകൾക്ക് യഥാക്രമം 73,808 രൂപ, 98,053 രൂപ, 1.08 ലക്ഷം രൂപ എന്നിങ്ങനെയാണ് വിലക്കുറവ്. ഹ്യുണ്ടായ് ഓറയ്‌ക്ക് 78,465 രൂപ കുറവാണ്. അതേസമയം വെർണയുടെ വിലയിൽ 60,640 രൂപയും കുറവുണ്ട്.

എക്‌സ്‌റ്റർ, വെന്യു, വെന്യു എൻ ലൈൻ തുടങ്ങിയ സബ്-കോംപാക്റ്റ് എസ്‌യുവി മോഡലുകളുടെ വിലയിൽ കമ്പനി യഥാക്രമം 89,209 രൂപ, 1.23 ലക്ഷം രൂപ, 1.19 ലക്ഷം രൂപ എന്നിങ്ങനെ കുറവ് വരുത്തിയിട്ടുണ്ട്. ഹ്യുണ്ടായിയുടെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയായ ക്രെറ്റയ്‌ക്കും സ്‌പോർട്ടി ക്രെറ്റ എൻ ലൈനിനും ഇപ്പോൾ യഥാക്രമം 72,145 രൂപ, 71,762 രൂപയാണ് വിലക്കുറവ്. അൽകാസർ, ട്യൂസൺ തുടങ്ങിയ പ്രീമിയം എസ്‌യുവികൾക്ക് യഥാക്രമം 75,376 രൂപയും 2.4 ലക്ഷം രൂപയും വില കുറയും.

സ്കോഡ

സ്കോഡയുടെ വാഹനങ്ങൾക്ക് നിലവിൽ കമ്പനി ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജിഎസ്‌ടി കൂടെ കുറയുന്നതോടെ സ്‌കോഡയുടെ കാറുകൾ വാങ്ങാൻ നിൽക്കുന്നവർക്ക് ഇരട്ട ധമാക്കയായിരിക്കും. സ്‌കോഡ കോഡിയാകിന് ഉത്സവകാല ഓഫറും ജിഎസ്‌ടി വിലക്കുറവും ഉൾപ്പെടെ ആകെ 5.8 ലക്ഷം രൂപയുടെ കിഴിവ് ലഭിക്കും.

റെനോ

പുതുക്കിയ ജിഎസ്‌ടി നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ 96,395 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ മോഡലിന്‍റെയും വിലയിൽ എത്ര രൂപ വരെ മാറ്റം വരുമെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഏറ്റവും വില കുറയുക കൈഗറിനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ടൊയോട്ട

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ഫോർച്യൂണറിന് 3.49 ലക്ഷം രൂപ വരെ വില കുറച്ചിട്ടുണ്ട്. ലെജൻഡറിന് 3.34 ലക്ഷം രൂപ കിഴിവ് ലഭിക്കും. ഇന്നോവ ക്രിസ്റ്റയ്ക്ക് 1.80 ലക്ഷം രൂപയും ഇന്നോവ ഹൈക്രോസിന് 1.15 ലക്ഷം രൂപയും വിലക്കുറവുണ്ടാവും.

ബിഎംഡബ്ല്യു

ജർമ്മൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയിൽ തങ്ങളുടെ വാഹനങ്ങളുടെ വില 8.9 ലക്ഷം രൂപ വരെ കുറച്ചിരിക്കുകയാണ്. 2 സീരിസ് ഗ്രാൻ കൂപ്പെയ്ക്ക് ഇപ്പോൾ 45.3 ലക്ഷം രൂപയും 3 സീരീസ് ലോങ് വീൽബേസിന് (LWB) 60.5 ലക്ഷം രൂപയും 5 സീരീസ് LWB യ്ക്ക് 72.4 ലക്ഷം രൂപയുമാണ് പുതിയ വില. X1, X5, ഫ്ലാഗ്ഷിപ്പ് മോഡലായ X7 എന്നിവയ്ക്ക് യഥാക്രമം 50.6 ലക്ഷം രൂപ, 93.7 ലക്ഷം രൂപ, 1.2 കോടി രൂപ എന്നിങ്ങനെയാണ് വില

മെഴ്‌സിഡസ്-ബെൻസ്

മെഴ്‌സിഡസ്-ബെൻസിന്‍റെ വിവിധ മോഡലുകളുടെ വില 2.6 ലക്ഷം മുതൽ 11 ലക്ഷം രൂപ കുറഞ്ഞിട്ടുണ്ട്. എസ്-ക്ലാസ് എസ് 450 4മാറ്റിക് ഇപ്പോൾ 1.88 കോടി രൂപയാണ് വില. ജിഎൽഎസ് 450ഡി എഎംജി ലൈനിന്‍റെ വില 10 ലക്ഷം രൂപ കുറഞ്ഞിട്ടുണ്ട്. 1.34 കോടിയാണ് ഇതിന്‍റെ പുതിയ വില. വിശദമായി പരിശോധിക്കാം.

എംജി മോട്ടോർസ്

ചൈനീസ് വാഹന നിർമ്മാതാക്കളായ എംജി മോട്ടോർ തങ്ങളുടെ ജനപ്രിയ എസ്‌യുവി മോഡലുകളായ ഹെക്‌ടർ, ഗ്ലോസ്റ്റർ, ആസ്റ്റർ എന്നിവയുടെ വില ജിഎസ്‌ടി പരിഷ്‌കരണത്തിന് ശേഷം ഇന്ത്യയിൽ കുറച്ചിട്ടുണ്ട്. എൻട്രി ലെവൽ കോംപാക്റ്റ് എസ്‌യുവിയായ ആസ്റ്ററിന് ഇപ്പോൾ 54,000 രൂപ വിലക്കുറവുണ്ട്. കമ്പനിയുടെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയായ ഹെക്‌ടറിന് 1.49 ലക്ഷം രൂപ വിലക്കുറവും പ്രീമിയം എസ്‌യുവിയായ ഗ്ലോസ്റ്ററിന് ഇപ്പോൾ 3.04 ലക്ഷം രൂപ വിലക്കുറവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here