ഇന്ത്യയിൽ നൂറ്റാണ്ടുകളായി പരിശീലിച്ചു വരുന്ന ഒന്നാണ് സൂര്യ നമസ്‌കാരം. കഠിനമായ 12 യോഗാസനങ്ങളുടെ ഒരു ശ്രേണിയാണിത്. പതിവായി സൂര്യനമസ്‌കാരം ചെയ്യുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അസാധാരണമാം വിധം മെച്ചപ്പെടുത്തും. എന്നാൽ സൂര്യനമസ്‌കാരം ഒരു ശാരീരിക വ്യായാമം മാത്രമല്ലെന്ന് യോഗ പരിശീലകയായ രശ്‌മി കൗശിക് പറയുന്നു.
ശരീരം, മനസ്, ആത്മാവ് എന്നിവയെ സമന്വയിപ്പിക്കാൻ രൂപകൽപ്പന ചെയ്‌ത ഒരു സമ്പൂർണ പരിശീലനമാണിത്. ചരിത്രപരമായി ജീവൻ, ഊർജം, പ്രകാശം എന്നിവയുടെ പുരാതന പ്രതീകമായ സൂര്യനോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു ഈ പരിശീലനം. എന്നാൽ ദിനചര്യകൾ പലപ്പോഴും നമ്മെ പ്രകൃതിയിൽ നിന്ന് വിച്ഛേദിക്കുന്ന ആധുനിക ലോകത്ത്, സൂര്യനമസ്‌കാരത്തിൻ്റെ പ്രാധാന്യം വളരെ വലുതാണ്.
ശാസ്‌ത്രം പറയുന്ന ആരോഗ്യ ഗുണങ്ങൾ: സൂര്യനമസ്‌കാരം കൃത്യമായ ക്രമത്തിൽ ചെയ്യുന്ന ഒരു കൂട്ടം വ്യായാമങ്ങൾ പോലെതന്നെയാണ്. പിഎംസി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമഗ്ര പഠനമനുസരിച്ച് സ്ഥിരമായി വ്യായാമം പോലെ സൂര്യനമസ്‌കാരം ചെയ്യുകയാണെങ്കിൽ ഹൃദയ ആരോഗ്യം, ശ്വസന പ്രക്രിയ, പേശികളുടെ ശക്തി എന്നിവ ഗണ്യമായി മെച്ചപ്പെടുന്നു. എല്ലാ പ്രധാന പേശികളെയും സജ്ജമാക്കുകയും ഓക്‌സിജൻ്റെ അളവ് വർധിപ്പിക്കുകയും മൊത്തത്തിലുള്ള ഊർജം നിലനിർത്തുവാനും സാധിക്കുന്നു.
സൂര്യനമസ്‌കാരത്തിലെ ഘടനാപരമായ ശ്വസനം പാരസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുന്നു. ഇത് സമ്മർദ്ദത്തെ ചെറുക്കുകയും ഹൃദയമിടിപ്പ് നിയന്ത്രിക്കുകയും ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു. പതിവായി സൂര്യനമസ്‌കാരം ചെയ്യുന്ന ആളുകളിൽ കോർട്ടിസോളിൻ്റെ അളവ് കുറയുകയും ഇത് മെച്ചപ്പെട്ട മാനസിക നില കൈവരിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങൾ പറയുന്നു.
സൂര്യനമസ്‌കാരം ചെയ്യുന്നതുകൊണ്ട് ഇനിയുമുണ്ട് ഗുണങ്ങളെന്ന് രശ്‌മി കൗശിക് പറയുന്നു:
- ദഹനത്തെ ഉത്തേജിപ്പിക്കുന്നു
- ഹോർമോൺ വ്യതിയാനം ഇല്ലാതാക്കുന്നു
- ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
- രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
- രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
- അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
- മെച്ചപ്പെട്ട ശാരീരിക ആരോഗ്യം ലഭിക്കും
-
ആരോഗ്യത്തോടൊപ്പം ആത്മീയതും:
-
പേശികൾക്കും മൈറ്റോകോൺഡ്രിയയ്ക്കും അപ്പുറം സൂര്യനമസ്‌കാരം നിങ്ങളെ കൂടുതൽ ആത്മീയമാക്കുന്നു. സൂര്യനമസ്‌കാരം ചെയ്യുന്ന സമയത്ത് ഒരു ആസനത്തിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുമ്പോൾ ശരീരത്തിൻ്റെ ഊർജ കേന്ദ്രങ്ങളായ ചക്രങ്ങൾ സാവധാനം ഉത്തേജിപ്പിക്കപ്പെടുന്നു. ഇതുവഴി നിങ്ങൾക്ക് ശരീരത്തിനും മനസിനും ഇടയിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കാൻ കഴിയുന്നു.
-
സൂര്യനമസ്‌കാരത്തെക്കുറിച്ച് പറയുമ്പോൾ നമ്മൾ എത്തിപ്പെടുന്നത് ചരിത്രത്തിലും പാരമ്പര്യങ്ങളിലുമാണ്. ഊർജസ്വലമായ ഒരു സംവിധാനമെന്ന നിലയിൽ ശരീരത്തെക്കുറിച്ചുള്ള പുരാതന ധാരണയിലേക്ക് ഇത് കടന്നുവരുന്നു. ഏറ്റവും പ്രധാനപ്പെട്ട നേട്ടം എന്ന് പറയുന്നത് ആത്മീയ ബന്ധമാണ്.
-
സൂര്യൻ ഒരു പ്രപഞ്ച സത്തയാണ്. നാഗരികതകളിലുടനീളം മിഥ്യയും ആദരവും ഏറ്റുവാങ്ങിയ ഒരു ശാശ്വത ശക്തി. ഉദയസൂര്യനോ അസ്‌തമയസൂര്യനോ ഒപ്പം ഓരോ ആസനത്തിലൂടെയും നീങ്ങുമ്പോൾ വ്യക്തിപരമായ ഉത്കണ്‌ഠകളേക്കാളും ദൈനംദിന സമ്മർദ്ദങ്ങളേക്കാളും വളരെ വലുതായ ഒരു പ്രപഞ്ചത്തിൻ്റെ ഭാഗമാകുന്നതിൻ്റെ ഘട്ടങ്ങൾ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നു. ഇത് നിങ്ങളിൽ ശാന്തമായ മാനസികാവസ്ഥ, വർത്തമാന നിമിഷത്തെക്കുറിച്ചുള്ള അവബോധം എന്നിവ വളർത്തുന്നു.
പൊണ്ണത്തടി, രക്തസമ്മർദ്ദം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ ജനങ്ങളെ അലട്ടിക്കൊണ്ടിരിക്കുമ്പോള്‍ സൂര്യനമസ്‌കാരം ഒരു ഫിറ്റ്‌നസ് ദിനചര്യയായി മാത്രമല്ല, ഒരു പ്രതിരോധ ആരോഗ്യ സംരക്ഷണ പരിശീലനമായും ഉയർന്നുവരുന്നു. അതുകൊണ്ട് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് സൂര്യനമസ്‌കാരം പരിശീലിക്കുന്നത് ഉത്തമമാണ്.







