ചോറിനിവന്‍ പകരക്കാരന്‍; ക്വിനോവയ്‌ക്ക് ഗുണങ്ങളേറെ

0
64

തെക്കേ അമേരിക്കക്കാരുടെ പ്രധാന ഭക്ഷണമായ കുഞ്ഞൻ ധാന്യം ‘ക്വിനോവ’യാണ് ഇപ്പോൾ മലയാളികളുടെ ചർച്ചാവിഷയം.

ചെമ്പാവു പുന്നെല്ലിൻ ചോറെ’ന്ന് പാടിയും പറഞ്ഞും കഴിച്ചും ശീലിച്ച മലയാളികൾ ചോറില്ലാതെയുള്ള ഭക്ഷണ ക്രമത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. അതിൻ്റെ ഭാഗമായി ഓട്‌സും മില്ലറ്റും മറ്റ് ധാന്യങ്ങളും മലയാളികളുടെ മീൽസിൽ ഇടം പിടിച്ചു. ശരീര ഭാരം കുറയ്ക്കാൻ അഗ്രഹിക്കുന്നവരും ആരോഗ്യ സംരക്ഷകരും ഡയറ്റീഷ്യന്മാരും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്ന പ്രധാന ഭക്ഷ്യ വിഭവമായിരുന്നു ഓട്‌സ്.

എന്നാൽ ഇതിന് പകരക്കാരനായി ഏറെ പോഷക സമ്പന്നമായ ഒരു ഭക്ഷ്യ വിഭവം മലയാളികളുടെ തീൻമേശകളിലേക്ക് എത്തിയിരിക്കുകയാണ്. തെക്കേ അമേരിക്കക്കാരുടെ പ്രധാന ഭക്ഷണമായ കുഞ്ഞൻ ധാന്യം ‘ക്വിനോവ’യാണിത്.

എന്താണ് ക്വിനോവ?

പോഷകാഹാരങ്ങളുടെ കവലറയാണ് ക്വിനോവ. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ക്വിനോവയിൽ കാർബോഹൈഡ്രേറ്റ്, ഫൈബർ, ഫോളേറ്റ്, വിറ്റാമിൻ ബി 6, വിറ്റാമിൻ ഇ, ഇരുമ്പ്, സിങ്ക്, മാംഗനീസ്, മഗ്‌നീഷ്യം, പൊട്ടാസിയം, ഫോസ്‌ഫറസ് തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ആൻ്റിഓക്‌സിഡൻ്റുകളായ ക്യുവർസെറ്റിൻ, കെയിംഫെറോൾ എന്നിവ ധാരാളമായി ക്വിനോവയിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലുണ്ടാകുന്ന വീക്കത്തെ തടയാൻ സഹായിക്കുന്നു.

ക്ഷതങ്ങളിൽ നിന്ന് ശരീര കോശങ്ങളെ സംരക്ഷിക്കുന്നു. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും രക്ത സമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്ന ക്വെര്‍സെറ്റിന്‍, കെംപ്‌ഫെറോൾ എന്നീ ഘടകങ്ങളും ക്വിനോവയലിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഒമേഗ -3 ഫാറ്റി ആസിഡുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുള്ളതിനാൽ ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാൻ ക്വിനോവ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിലൂടെ പ്രമേഹ രോഗികൾക്കും ഉപയോഗപ്രദമാകും. ക്വിനോവ കഴിക്കുന്നതു മൂലം വിശപ്പ് നിയന്ത്രിക്കാനാവുകയും ഭക്ഷണത്തിനോടുള്ള അമിത ആസക്തി കുറയുകയും ചെയ്യുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കുടൽ രോഗങ്ങളെ പ്രതിരോധിക്കാനും ക്വിനോവ കഴിക്കുന്നതിലൂടെ സാധിക്കുന്നു.

ക്വിനോവയുടെ പ്രത്യേകതകൾ

ദഹന സംബന്ധമായ അസുഖത്തെ അകറ്റി നിർത്താൻ ക്വിനോവ സഹായിക്കുന്നു. ദഹനക്കേട്, മലബന്ധം, ബ്ലോട്ടിങ്ങ് തുടങ്ങിയവ തടയാൻ ക്വിനോവയ്ക്ക് സാധിക്കുന്നു. ഫ്ളവനോയിഡ് (സസ്യങ്ങളിൽ കാണപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റ് സംയുക്തങ്ങൾ) കൂടുതൽ അടങ്ങിയ ക്വിനോവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ക്യാൻസർ പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതായി പഠനങ്ങൾ പറയുന്നു. മഗ്നീഷ്യം ധാരാളമായി ക്വിനോവയിലുള്ളതിനാൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

എങ്ങനെ പാകം ചെയ്യാം?

കഞ്ഞിയായോ മറ്റ് വിഭവങ്ങളായോ ക്വിനോവ കഴിക്കാം. അതിനായി ഒരു കപ്പ് ക്വിനോവ ഒരു മണിക്കൂർ നേരം വെള്ളത്തിൽ കുതിരാനായി വയ്ക്കുക. ശേഷം രണ്ട് കപ്പ് വെള്ളം ചേർത്ത് വേവിക്കുക. ഇക്കൂട്ടത്തിൽ വിവിധങ്ങളായ പച്ചക്കറികളും ചേർക്കാം. ഉപ്പും കുരുമുളകും ചേർത്ത് ഇളക്കി മാറ്റിവയ്ക്കാം.

ക്വിനോവയ്ക്ക് പാർശ്വ ഫലങ്ങളുണ്ടോ?

ക്വിനോവയുടെ പുറം പാളിയിലടങ്ങിയിട്ടുള്ള ‘സാപോനിൻ’ എന്ന രാസവസ്‌തു ചിലരിൽ അലർജി ഉണ്ടാക്കാൻ സാധ്യതയുണ്ട്. ചുവന്ന പാടുകൾ, ഛർദി, വയറിളക്കം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സിക്കാതെ ഉടനടി വൈദ്യസഹായം തേടുക. ദഹന ശക്തി കുറഞ്ഞവർക്ക് ക്വിനോവ കാരണം ബ്ലോട്ടിങ് പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനങ്ങൾ രേഖപ്പെടുത്തുന്നു. ആയതിനാൽ പാകം ചെയ്യുന്നതിന് മുൻപ് ഒരു മണിക്കൂർ വെള്ളത്തിൽ കുതിരാനായി വയ്ക്കുക. ഇത് ദഹന പ്രശ്‌നങ്ങളെ ഒഴിവാക്കാൻ സാധിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here