ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് റെഡ് അലെർട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നതെങ്കിലും ഉച്ചയോടെ ഓറഞ്ച് അലെർട്ട് ആയി
കാസർകോട്: റെഡ് അലെർട്ട് മുന്നറിയിപ്പിലും വടക്കൻ കേരളത്തിൽ തെളിഞ്ഞ ആകാശം. ഒടുവിൽ റെഡ് അലെർട്ട് പിൻവലിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ ഓറഞ്ച് അലെർട്ടിൽ വടക്കൻ കേരളത്തിൽ മഴ പെയ്തെങ്കിലും ഇന്ന് രാവിലെ മുതൽ ആകാശത്ത് കാർമേഘങ്ങൾ പോലും രൂപപ്പെട്ടില്ല. തമിഴ്നാടിനും കേരളത്തിലും ഇടയിൽ രൂപം കൊണ്ട ചക്രവാതച്ചുഴി വടക്കൻ കേരളം തൊടാതെ കർണാടകയിലേക്ക് നീങ്ങി. കോലാപൂർ, ഹുബ്ലി എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.
മഴ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിൽ കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. ചക്രവാതച്ചുഴി കേരളത്തിൻ്റെ വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് റെഡ് അലെർട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നതെങ്കിലും ഉച്ചയോടെ ഓറഞ്ച് അലെർട്ട് ആയി. എന്നാൽ ഒറ്റപ്പെട്ട ഇടങ്ങളിൽ അതി തീവ്ര മഴയാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാപകമായി മഴ ഉണ്ടാകില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. നാളെയോടെ മഴ ദുർബലമാകുമെന്നും എന്നാൽ വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാകുന്നു.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലെര്‍ട്ടും ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ നാളെയും ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ മറ്റന്നാളും മഞ്ഞ അലെര്‍ട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന നിര്‍ദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
മഴയ്ക്ക് കാരണമായത് ചക്രവാതച്ചുഴി
തെക്കു പടിഞ്ഞാറൻ കാറ്റ് (മൺസൂൺ) ദുർബലമായെങ്കിലും തമിഴ്നാടിനും കേരളത്തിനും ഇടയിൽ രൂപപ്പെട്ട ചക്രവാതച്ചുഴി കാരണമാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായത്. ഇത് കർണാടകയിലേക്ക് കടന്നു.
തെക്ക്- പടിഞ്ഞാറൻ മൺസൂൺ നിലവിൽ വടക്കേ ഇന്ത്യൽ സജീവമാണ്. ഇതിൻ്റെ ഫലമായി ഹിമാലയൻ താഴ്‌വരകളിലും ഉത്തർ പ്രദേശ്, ബീഹാർ, നേപ്പാളിനോട് സമീപത്തുള്ള സ്ഥലങ്ങളിലും ശക്തമായ മഴ തുടരുകയാണ്. തെക്കേ ഇന്ത്യയിൽ മൺസൂൺ ദുർബലമാകുന്നത്തോടെ സാധാരണ ഉണ്ടാകുന്ന പ്രതിഭാസമാണ് കേരളത്തിലും തമിഴ്നാടിനും ഇടയിലുള്ള ചക്രവാതച്ചുഴി. ഇതാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് കാരണമായത്.






