കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളത്തിൻ്റെ ഭാഗമായതോടെ ഇടുക്കി ജില്ലക്ക് നഷ്‌ടപ്പെട്ട വടാട്ടുപാറ വെള്ളച്ചാട്ടം ഇന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.
ഇടുക്കി: ഹൈറേഞ്ച് ടൂറിസത്തിന് പേര് കേട്ട നാട്. മലകളും കുന്നുകളും വശ്യമനോഹാരിത ഒരുക്കുന്ന ഹരിത ഭൂമി. വെള്ളച്ചാട്ടങ്ങള്‍ വിസ്‌മയം തീർക്കുന്ന ഇടുക്കിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരിക്കൽ വടാട്ടുപാറ വെള്ളച്ചാട്ടം. എന്നാൽ ഇന്ന് ഇവള്‍ എറണാകുളത്തിന് സ്വന്തം.
കാൽ നൂറ്റാണ്ടിനും മുകളിലായി ഇടുക്കിയുടെ അമൂല്യ സ്വത്തായിരുന്ന വടാട്ടുപാറ വെള്ളച്ചാട്ടം എറണാകുളത്തിൻ്റേതായിട്ട്. കൃത്യമായി പറഞ്ഞാൽ 1997 ലാണ് ഈ കൈമാറ്റം. വടാട്ടുപാറ സ്ഥിതി ചെയ്യുന്ന കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയുടെ ഭാഗമായതോടെയാണ് ഇടുക്കിയ്‌ക്ക് ഈ കാനനസുന്ദരിയെ നഷ്‌ടമാകുന്നത്.
1972ൽ ജില്ല രൂപം കൊണ്ട അന്നുമുതൽ ഇടുക്കിയുടെ ഭാഗമായിരുന്നു കുട്ടമ്പുഴ പഞ്ചായത്ത്. നിരവധി വെള്ളച്ചാട്ടങ്ങളും വിനോദസഞ്ചാര മേഖലകളും ഉണ്ടെങ്കിലും, ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം സ്ഥിതി ചെയ്യുന്ന ഇടുക്കിയുടെ തീരാ നഷ്‌ടമാണ് വടാട്ടുപാറ വെള്ളച്ചാട്ടം. അത്രയ്‌ക്കും നയന മനോഹരമാണ് ഈ വെള്ളച്ചാട്ടം.
മണ്‍സൂണ്‍ പിറന്നതോടെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പ്രദേശം. നിരന്ന പാറയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പിന്നീട് ഒരു കുത്തൊഴുക്കായി താഴേക്ക് പതിക്കുന്നു. വഴുക്കലുള്ള പാറയിലൂടെ സാഹസികമായി വെള്ളത്തിലേക്ക് ചാടുന്ന സഞ്ചാരികളെയും ഇവിടെ കാണാം.
കുടുംബസമേതവും സുഹൃത്തുക്കളുമൊത്തും നിരവധി പേരാണ് വെള്ളച്ചാട്ടം സന്ദർശിക്കാൻ ഇവിടെ എത്തുന്നത്. വെള്ളച്ചാട്ടത്തിൻ്റെ അടുത്ത് നിന്നാൽ വനവും കോടമഞ്ഞും മലനിരകളും ഒന്നിച്ച് ആസ്വദിക്കാം. ഇനി കാടിൻ്റെ വന്യത ആസ്വദിച്ച് ഒരു കുളി പാസാക്കണോ? അതിനും നേരെ വടാട്ടുപാറയിലേക്ക് വിട്ടാൽ മതി.
വനത്തിലൂടെ മാത്രം കിലോമീറ്ററോളം ഒഴുകുന്നു എന്നത് വടാട്ടുപാറ വെള്ളച്ചാട്ടത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. വനത്തിൽ ഉത്ഭവിച്ച് വനത്തിലൂടെ മാത്രം ഒഴുകി പെരിയാറ്റിൽ എത്തുന്നു. മഴക്കാലമായാൽ ദേശവാസികൾ ഇവിടെ മീൻപിടിക്കാൻ ഇറങ്ങും, ഇതവരുടെ ഒരു വരുമാനമാർഗ്ഗമാണ്. പരൽ ഉൾപ്പെടെയുള്ള ചെറുമീനുകളെയാണ് കൂട വെച്ച് പിടിക്കുന്നത്.
സഞ്ചാരികളെ കാത്ത് കൊച്ചു കൊച്ചു കച്ചവട സ്ഥാപനങ്ങളും ഇവിടെയുണ്ട്. ജൂൺ മാസം മുതൽ ശക്തി പ്രാപിക്കുന്ന വെള്ളച്ചാട്ടം വേനലാവുമ്പോൾ നേരിയ തോതിൽ ആകും. തികച്ചും സൗജന്യമായി വെള്ളച്ചാട്ടം സന്ദർശിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. മലയാളികൾക്ക് പുറമെ അന്യസംസ്ഥാനക്കാരും ഇവിടെയെത്തുന്നുണ്ട്.
എങ്ങനെ എത്താം?
കോതമംഗലത്തുനിന്ന് ഏകദേശം 20 കിലോമീറ്റർ ദൂരെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഭൂതത്താൻകെട്ടിനും ഇടമലയാറിനും ഇടയിലെ വനാതിർത്തിയിലാണ് വടാട്ടുപാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഭൂതത്താൻകെട്ട് ഡാം വഴി വനത്തിലൂടെ യാത്ര ചെയ്‌താലാണ് വടാട്ടുപാറ വെള്ളച്ചാട്ടത്തിലെത്താൻ കഴിയുക. വനത്താലും മലനിരകളാലും ചുറ്റപ്പെട്ട സ്ഥലമാണിത്.
വനത്തിലൂടെ സഞ്ചരിച്ചാണ് ഇവിടെ എത്തേണ്ടതെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ എല്ലാവർക്കും എത്താൻ കഴിയുന്നൊരു സ്ഥലമാണ്. സോഷ്യൽ മീഡിയ വഴിയും സുഹൃത്തുക്കൾ മുഖേനയുമാണ് ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് അറിഞ്ഞതെന്നും അതിമനോഹരമായ ഇവിടേക്ക് എല്ലാവരും വരണമെന്നുമാണ് ഇവിടെ വന്നു മടങ്ങുന്ന സഞ്ചാരികൾക്ക് പറയാനുള്ളത്.








