പാകിസ്ഥാൻ്റെ എണ്ണ ശേഖരം വികസിപ്പിക്കാൻ സാഹായിക്കുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

0
69

പാകിസ്ഥാൻ ഇന്ത്യയ്ക്ക്‌ എണ്ണ വിൽക്കുന്ന കാലം വരും”, പുതിയ കരാറിൽ ഒപ്പു വച്ച് ട്രംപ്, ഇന്ത്യയ്‌ക്ക് തിരിച്ചടി

ന്യൂയോർക്ക്: പാകിസ്ഥാൻ്റെ എണ്ണ ശേഖരം വികസിപ്പിക്കാൻ സാഹായിക്കുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതിനായി വ്യാപാര കരാറിൽ ഒപ്പുവച്ചതായും ട്രംപ് അറിയിച്ചു. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യക്ക് 25 ശതമാനം താരിഫും റഷ്യൻ സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങുന്നതിന് അധിക പിഴ ചുമത്തുമെന്ന പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് പുതിയ കരാറിൽ ഒപ്പുവച്ചകാര്യം സമൂഹ മാധ്യമം വഴി അറിയിച്ചത്. “പാകിസ്ഥാൻ എന്ന രാജ്യവുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു, അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വൻതോതിലുള്ള എണ്ണ ശേഖരം വികസിപ്പിക്കുന്നതിൽ ഒരുമിച്ച് പ്രവർത്തിക്കും,” ട്രംപ് കുറിച്ചു.

ഭാവിയിൽ എപ്പോഴെങ്കിലും ഇന്ത്യക്ക് പാകിസ്ഥാൻ എണ്ണ വിൽക്കുന്ന സാഹചര്യമുണ്ടായേക്കാമെന്നും ട്രംപ് പറഞ്ഞു. ഈ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്ന എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് തങ്ങളെന്നും ട്രംപ് കൂട്ടിചേർത്തു. വ്യാപാര കരാറുകളിൽ വൈറ്റ് ഹൗസ് വളരെ തിരക്കിലാണെന്നും ദക്ഷിണ കൊറിയൻ വ്യാപാര പ്രതിനിധി സംഘവുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

മറ്റ് രാജ്യങ്ങളും താരിഫ് കുറക്കുന്നതിനുള്ള വാഗ്‌ദാനങ്ങൾ നൽക്കുന്നുണ്ടെന്നും ഇതെല്ലാം രാജ്യത്തിൻ്റെ വ്യാപാര കമ്മി വളരെ വലിയ രീതിയിൽ കുറയ്ക്കാ‌ൻ സഹായിക്കുമെന്നും ട്രംപ് പോസ്‌റ്റിൽ പറയുന്നുണ്ട്. ഉചിതമായ സമയത്ത് ഒരു പൂർണ റിപ്പോർട്ട് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്‌ച പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. യുഎസ്-പാകിസ്ഥാൻ വ്യാപാര കരാർ ശക്തിപ്പെടുത്തുമെന്നും ഇരുരാജ്യങ്ങളും അറിയിച്ചിരുന്നു.

ധാതുക്കളിലും ഖനനത്തിലും സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് രണ്ട് ഉദ്യോഗസ്ഥരും ചർച്ച ചെയ്തതായി ഇരു സർക്കാരുകളുടെയും പ്രസ്‌താവനകൾ പറയുന്നു. പാകിസ്ഥാനെ നാറ്റോ ഇതര സഖ്യകക്ഷിയായാണ് യുഎസ് കാണുന്നത്. ഏഷ്യയിലെ അമേരിക്കയുടെ വലിയ തന്ത്രപരമായ താൽപ്പര്യങ്ങളുമായി, പ്രത്യേകിച്ച് ചൈനീസ് സ്വാധീനത്തെ ചെറുക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

അതേസമയം, എണ്ണ ശേഖരം വികസിപ്പിക്കാനുള്ള പാക്-അമേരിക്ക കരാര്‍ ഇന്ത്യയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്‌റ്റ് ഒന്ന് മുതല്‍ ഇന്ത്യയ്‌ക്ക് അധിക താരിഫ് ചുമത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു.‘ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും അവരുടെ തീരുവ വളരെ ഉയർന്നതാണ്. വർഷങ്ങളായി അവരുമായി താരതമ്യേന കുറഞ്ഞ വ്യാപാരമേ നാം നടത്തിയിട്ടുള്ളു. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളിൽ ഒന്നാണ് ഇന്ത്യയുടേത്. കൂടാതെ മറ്റു ഏതൊരു രാജ്യത്തേക്കാളും കൂടുതൽ വ്യാപാര തടസ്സങ്ങളും അവർക്കുണ്ട്.

ഇന്ത്യയുടെ സൈനിക ഉപകരണങ്ങളുടെ വലിയൊരു ഭാഗം അവർ ഇപ്പോഴും റഷ്യയിൽ നിന്നാണു വാങ്ങുന്നത്. യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നത്. ഈ സമയത്തും ചൈനയ്‌ക്കൊപ്പം റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യയാണ്. ഇതൊന്നും മികച്ച കാര്യങ്ങളല്ല. അതിനാൽ, ഓഗസ്റ്റ് 1 മുതൽ ഇന്ത്യ 25% തീരുവയും റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും നൽകേണ്ടി വരും’ ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here