34ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഇന്ന്

0
5

ഖത്തറില്‍ വായനയുടെ മഹോത്സവത്തിന് ഇന്ന് തിരി തെളിയും.ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡി.ഇ.സി.സി) നടക്കുന്ന 34ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള 17 വരെ നീണ്ടു നില്‍ക്കും.

അതിഥിരാജ്യമായ പലസ്തീന്‍ ഉള്‍പ്പെടെ 43 രാജ്യങ്ങളില്‍നിന്നായി 552 പ്രസാധകരാണ് ഇത്തവണ പുസ്തക മേളക്കെത്തുന്നത്. ഫലസ്തീനില്‍നിന്ന് 11 പ്രസാധകരും മേഖലയിലെ ഏറ്റവും വലിയ പുസ്തകമേളയില്‍ ദോഹ പുസ്തകോത്സവത്തിനെത്തുന്നുണ്ട്. ഇതോടൊപ്പം നിരവധി അന്താരാഷ്ട്ര പ്രസാധകരും ആദ്യമായി പങ്കെടുക്കാനെത്തും.രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച ഉച്ച മൂന്ന് മുതല്‍ രാത്രി 10 വരെയുമായിരിക്കും. 1,66,000ത്തോളം വിവിധ പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ഇത്തവണത്തെ സവിശേഷത. വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, നയതന്ത്ര സ്ഥാപനങ്ങള്‍ എന്നിവയും അണിനിരക്കും.

പത്തു ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന പുസ്തക മേളയോടനുബന്ധിച്ച് സാംസ്‌കാരിക, കലാപരിപാടികള്‍, സെമിനാര്‍, പ്രഭാഷണങ്ങള്‍, ശില്‍പശാല എന്നിവയും അരങ്ങേറും. സംഘാടകരായ ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം മികച്ച പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കുമായി ദോഹ അന്താരാഷ്ട്ര പുസ്തകമേള പുരസ്‌കാരവും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശിക, അന്താരാഷ്ട്ര പ്രസാധകര്‍, ബാല സാഹിത്യ പ്രസാധകര്‍, ക്രിയേറ്റിവ് റൈറ്റര്‍, യുവ ഖത്തരി എഴുത്തുകാരന്‍ എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

മലയാളത്തിന്റെ ഏക സാന്നിധ്യമായി ഐ.പി.എച്ച് ബുക്‌സ് ഇത്തവണയുമുണ്ടാകും..കഴിഞ്ഞ 12 വര്‍ഷങ്ങളായി മലയാള പുസ്തകങ്ങളുമായി ദോഹ ബുക്ക് ഫെയറില്‍ സജീവമായി പങ്കെടുക്കുന്ന ഐ.പി.എച്ച് 600ലധികം മലയാള പുസ്തകങ്ങളുമായാണ് ഇത്തവണയെത്തുന്നത്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പുറമെ ഡി.സി, മാതൃഭൂമി, പ്രതീക്ഷ, ബുക്ക് പ്ലസ്, ഒലിവ്, അദര്‍ ബുക്‌സ്, മാധ്യമം ബുക്‌സ്, യുവത ബുക്‌സ് തുടങ്ങി നിരവധി പ്രസാധകരുടെ പുസ്തകങ്ങളും പവലിയന്‍ ഒരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here