പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ സയീദ് അസിം മുനീര്‍ രാജ്യം വിട്ടതായി അഭ്യൂഹം. ജനറല്‍ അസിം മുനീര്‍ കുടുംബസമേതം രാജ്യം വിട്ടു, അതല്ലെങ്കില്‍ രഹസ്യ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറി എന്നാണ് പ്രചാരണം. എവിടെ പാക് കരസേനാ മേധാവി എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയരുന്നു. അസിം ഔട്ട് എന്ന ഹാഷ്ടാഗോടെ എക്‌സിലും അഭ്യൂഹം പ്രചരിക്കുന്നുണ്ട്.
കശ്മീരിലെ പഹല്‍ഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷം മൂര്‍ച്ഛിച്ചിട്ടുണ്ട്. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തുകയും ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ചിരിക്കെ, ജനറല്‍ അസിം മുനീറിനെ പൊതുവേദികളിലൊന്നും കാണാതിരുന്നതോടെയാണ്, പാക് സൈനികമേധാവി രാജ്യം വിട്ടെന്ന അഭ്യൂഹം ശക്തമായത്.
അതിനിടെ പാക് സേനാമേധാവി ജനറൽ അസിം മുനീർ രാജ്യം വിട്ടെന്ന വാര്‍ത്ത നിഷേധിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനൊപ്പം സൈനിക മേധാവി ജനറല്‍ അസിം മുനിര്‍, മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നില്‍ക്കുന്ന ചിത്രം ഷെരീഫിന്റെ ഓഫീസ് പുറത്തു വിട്ടിട്ടുണ്ട്. ഏപ്രില്‍ 26 ന് അബോട്ടാബാദില്‍ നടന്ന പരിപാടിയിലെ ചിത്രമാണിതെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് രണ്ടുദിവസം മുമ്പ്, ജനറല്‍ അസിം മുനീര്‍, കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ പ്രധാന ഞരമ്പ് ആണെന്ന് പ്രസ്താവിച്ചിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും എല്ലാ വശങ്ങളിലും വ്യത്യസ്തരാണ്. നമ്മുടെ മതം വ്യത്യസ്തമാണ്, നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും വ്യത്യസ്തമാണ്, നമ്മുടെ ചിന്തകള്‍ വ്യത്യസ്തമാണ്. അഭിലാഷങ്ങള്‍ വ്യത്യസ്തമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഹിന്ദുക്കളില്‍ നിന്ന് നമ്മള്‍ വ്യത്യസ്തരാണ്. അവിടെയാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ പാകിയത്. പാകിസ്ഥാന്റെ കഥ നിങ്ങളുടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം എന്നും ജനറല്‍ അസിം മുനീര്‍ ആവശ്യപ്പെട്ടിരുന്നു.