ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് മിന്നും ജയം. ഗുജറാത്ത് ടൈറ്റൻസിനെ 8 വിക്കറ്റിന് തോൽപ്പിച്ചു. സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻശി വിജയശില്പി. പുറത്താകാതെ 70 റൺസ് എടുത്ത യശസ്വി ജയ്സ്വാളും തിളങ്ങി. മൂന്നാം ജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. ഗുജറാത്തിന്റെ 210 റൺസ് വിജയലക്ഷ്യം 25 പന്ത് ബാക്കി നിൽക്കെയാണ് മറികടന്നത്.
ഗുജറാത്തിനെതിരെ 35 പന്തിൽ 11 സിക്സും 7 ഫോറും ഉൾപ്പടെയാണ് വൈഭവിന്റെ സെഞ്ചുറി നേട്ടം. ഐപിഎൽ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി രാജസ്ഥാന്റെ വൈഭവ് സൂര്യവൻശി. ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി കൂടിയാണിത്. 17 പന്തിൽ സീസണിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി കുറിച്ചതിന് പിന്നാലെയാണ് സെഞ്ചുറി നേട്ടവും. 101 റൺസുമായാണ് താരം മടങ്ങിയത്.
ക്രീസിൽ നലിയുറച്ച് യശസ്വി ജയ്സ്വാളും രാജസ്ഥാന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. 40 പന്തിൽ 2 സിക്സറും 9 ഫോറും ഉൾപ്പെടെ 70 റൺസാണ് താരം നേടിതയത്. സുര്യവൻശിക്ക് പിന്നാലെയെത്തിയ നിതിഷ് റാണക്ക് ടീ സ്കോറിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിയാതെ മടങ്ങി. പിന്നാലെ എത്തിയ ടീം നായകൻ റയാൻ പരാഗ് മികച്ച പ്രകടനം പുറത്തെടുത്തതോടെ രാജസ്ഥാൻ മിന്നും ജയം കരസ്ഥമാക്കുകയായിരുന്നു. 15 പന്തിൽ 2 സിക്സറും 2 ഫോറും ഉൾപ്പെടെ 32 റൺസാണ് പരാഗ് നേടിയത്.
നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 50 പന്തിൽ നാല് സിക്‌സറും അഞ്ചുഫോറുകളും അടക്കം 84 റൺസ് നേടി. ജോസ് ബട്ട്ലർ 26 പന്തിൽ നാല് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 50 റൺസും സായ് സുദർശൻ 30 പന്തിൽ 39 റൺസും നേടി.