കർണാടക മുൻ ഡിജിപി ഓംപ്രകാശിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പല്ലവിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്വത്ത് തർക്കമാണ് ക്രൂര കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. മകൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇരുവരും തമ്മിൽ സ്വത്ത് തർക്കം നിലനിന്നരുന്നു. ഇന്നലെ വൈകിട്ട് നാലരയോടു കൂടിയാണ് ഓംപ്രകാശിനെ പല്ലവി കുത്തിക്കൊലപ്പടുത്തിയത്.
ഇന്നലെ ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് ഓംപ്രകാശിനെ കൊലപ്പെടുത്തിയത്. പത്ത് തവണ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഓംപ്രകാശ് കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സുഹൃത്തുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ഓംപ്രകാശിന്റെ സ്വത്തുക്കൾ മകന്റെയും സഹോദരിയുടെയും പേരിൽ എഴുതിവെച്ചിരുന്നത്. മകളുടെയും ഭാര്യയുടെയും പേരിൽ സ്വത്തുക്കൾ നൽകിയിരുന്നില്ല. ഇതിൽ ഇരുവരും തമ്മിൽ ദിവസവും തർക്കം നടന്നിരുന്നു.
ഓംപ്രകാശ് തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി പല്ലവിയും പല്ലവി തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി ഓംപ്രകാശും നിരവധി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് ഇരുവരും തമ്മിൽ നടന്ന രൂക്ഷ തർക്കം കൊലപാതകത്തിൽ കലാശിച്ചത്. താൻ ആ രാക്ഷസനെ കൊന്നു എന്നായിരുന്നു പല്ലവി കൃത്യം നടത്തിയതിന് ശേഷം സുഹൃത്തിനെ ഫോൺ വിളിച്ചറിയിച്ചത്. ഇതിന് പിന്നാലെ സുഹൃത്തുക്കൾ വീട്ടിൽ എത്തുകയും ശേഷം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് പല്ലവിയെയും മകളെയും വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്.
നിലവിൽ മകൾ കൊലപാതകത്തിൽ പങ്കാളിയായിട്ടില്ലെന്നാണ് പറയുന്നതെങ്കിലും വീട്ടിൽ നിന്ന് രക്തക്കറ പുരണ്ട രണ്ട് കത്തികൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഓം പ്രകാശിന്റെ വയറിലും കഴുത്തിലും കുത്തേറ്റ മുറിവുകൾ കണ്ടെത്തി. കർണാടക കേഡറിൽ നിന്നുള്ള 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2015 മുതൽ 2017 ൽ വിരമിക്കുന്നതുവരെ ഡിജിപിയും ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) ആയും സേവനമനുഷ്ഠിച്ചു.