സൗദി അറേബ്യയെ കൂട്ടുപിടിച്ച് ചൈന മറുനീക്കത്തിന്; ഒപ്പം ഉഗ്രന്‍ സാമ്പത്തിക കെണിയും, വിടാതെ ട്രംപ്

0
10

റിയാദ്/ബീജിങ്: തല്‍ക്കാലം മറ്റുരാജ്യങ്ങളെ വെറുതെവിട്ട് ചൈനയ്ക്ക് മാത്രമായി പണി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക. മറ്റു രാജ്യങ്ങള്‍ക്ക് ചുമത്തിയ അധിക നികുതി 90 ദിവസത്തേക്ക് മരവിപ്പിച്ച ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്കുള്ള ചുങ്കം 125 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു.

ചൈന അതേ നാണയത്തില്‍ അമേരിക്കക്ക് തിരിച്ചടി നല്‍കുമോ എന്നാണ് ചോദ്യം. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്ക ചുമത്തിയ ചുങ്കത്തിന് തുല്യമായ ചുങ്കം ചൈനയും തിരിച്ച് ചുമത്തിയിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ അമേരിക്കയാണ് ചുങ്കപ്പോരില്‍ ഒരടി മുന്നിലുള്ളത്. ചൈന അണിയറയില്‍ മറ്റൊരു നീക്കം നടത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍…

ചൈനയുടെ കറന്‍സിയായ യുവാന്റെ മൂല്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറഞ്ഞു വരികയാണ്. ഡോളറുമായുള്ള മല്‍സരത്തില്‍ യുവാന്‍ താഴെ പോകുന്നത് ചൈനയുടെ സാമ്പത്തിക രംഗത്തിന് കോട്ടം തട്ടിക്കും. ഈ സാഹചര്യത്തില്‍ സുപ്രധാനമായ നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് ചൈനീസ് കേന്ദ്രബാങ്ക്.

ഡോളര്‍ വാങ്ങി സൂക്ഷിക്കുന്നത് കുറയ്ക്കണം എന്നാണ് നിര്‍ദേശം. ലോകരാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ഡോളര്‍ കരുതല്‍ ധനമായി സൂക്ഷിക്കാറുണ്ട്. ലോകത്ത് എല്ലാ രാജ്യങ്ങളുമായും വ്യാപാര ബന്ധമുള്ള രാജ്യമാണ് അമേരിക്ക. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വ്യാപാരം ഡോളറിലാണ് നടക്കുന്നത്. അതാണ് ഡോളര്‍ കരുതല്‍ ധനമായി എല്ലാ രാജ്യങ്ങളും സൂക്ഷിക്കാന്‍ ഒരു കാരണം. പുതിയ സാഹചര്യത്തില്‍ ചൈനീസ് ബാങ്കുകള്‍ ഡോളര്‍ വാങ്ങുന്നത് കുറയ്ക്കണം എന്നാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന മറ്റു പ്രധാന ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ഒരു ലക്ഷം കോടി ഡോളര്‍ ചൈന വൈകാതെ വിറ്റഴിക്കുമെന്നും സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വിപണിയില്‍ ഡോളര്‍ ലഭ്യക വര്‍ധിക്കുകയും ഡോളറിന്റെ മൂല്യം കുറയുകയും ചെയ്യും. അമേരിക്കക്ക് ലഭിക്കുന്ന വലിയ തിരിച്ചടിയാകുമിത്.

അടുത്തിടെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞ വേളയില്‍ ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം ഇന്ത്യ ശക്തിപ്പെടുത്തിയിരുന്നു. സമാനമായ തന്ത്രം തന്നെയാണ് ചൈനയും സ്വീകരിക്കുന്നത്. ലോകത്തെ പ്രധാന ശക്തികള്‍ ഈ തീരുമാനമെടുത്താല്‍ ഡോളര്‍ അപ്രധാന കറന്‍സിയായി മാറും. ഡോളര്‍ സൂചിക 102ലേക്ക് ഇടിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഡീഡോളറൈസേഷന്‍ എന്ന പ്രചാരണവും ശക്തമാണ്. ഡോളര്‍ ഒഴിവാക്കി പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടക്കണം എന്ന അഭിപ്രായത്തിനും കരുത്ത് വര്‍ധിക്കുന്നുണ്ട്. അതേസമയം, സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോയും ചൈനീസ് എണ്ണ കമ്പനിയായ സിനോപെകും ചേര്‍ന്ന് സംയുക്ത സംരഭം വിപുലീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. യാമ്പുവിലെ സംയുക്ത എണ്ണ ശുദ്ധീകരണ കേന്ദ്രം വിപുലീകരിക്കാനാണ് തീരുമാനം. ക്രൂഡ് ഓയില്‍ വില നിയന്ത്രിക്കാന്‍ ഇത് ഉപകരിക്കുമെന്ന് ചൈനയും സൗദിയും കരുതുന്നു. യാമ്പുവിലുള്ള ഈ എണ്ണ ശുദ്ധീകരണ കേന്ദ്രത്തിന്റെ 62.5 ശതമാനം ഓഹരി അരാംകോയ്ക്കാണ്. ബാക്കി സിനോപെകിനും. നിലവില്‍ ഇവിടെ ഓരോ ദിവസവും 4 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ പെട്രോളും ഡീസലുമാക്കി മാറ്റുന്നുണ്ട്. ചൈനയിലെ ഫുജിയാനിലും സമാനമായ ശുദ്ധീകരണ കേന്ദ്രം ഇരുരാജ്യങ്ങളും സംയുക്തമായി നിര്‍മിക്കുന്നുണ്ട്.

എന്നാല്‍ സൗദി അറേബ്യ, ഖത്തര്‍, യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് അമേരിക്ക. ട്രംപ് അടുത്ത മാസം ജിസിസി സന്ദര്‍ശിക്കുമെന്നാണ് വിവരം. സൗദിയുടെ മന്ത്രി അതിന് മുന്നോടിയായി അമേരിക്ക സന്ദര്‍ശിച്ച് പ്രാഥമിക ചര്‍ച്ച നടത്തും. വന്‍ നിക്ഷേപം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നേടുകയാണ് ട്രംപിന്റെ ലക്ഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here