രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. കോടിക്കണക്കിന് കർഷകർക്ക് പ്രയോജനകരമായ പദ്ധതിയുടെ 12-ാം ഗഡു ഈ മാസം വിതരണം ചെയ്തേക്കും.കിസാൻ സമ്മാൻ നിധി പദ്ധതിയനുസരിച്ച് വര്‍ഷം തോറും 6,000 രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് നൽകുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്. 2019 -ലാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ 12-ാം ഗഡുവാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കാൻ പോകുന്നത്.
പദ്ധതിയുടെ 12-ാം ഗഡു ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 12-ാം ഗഡു ഈ മാസം അവസാനത്തോടെ കർഷകർക്ക് ലഭ്യമാകും.
വിവരങ്ങളുടെ മികച്ച സുതാര്യത ഉറപ്പാക്കാനായി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് പഞ്ചായത്തുകളിൽ പരസ്യമായി പ്രദർശിപ്പിക്കും. കിസാൻ സമ്മാൻ നിധി പദ്ധതി വിഹിതത്തിന് അർഹരായ കർഷകർക്ക് അവരുടെ ഗുണഭോക്തൃ നില ഓൺലൈനായി പരിശോധിക്കാനും സാധിക്കുന്നതാണ്. ഇതിനുപുറമെ, പദ്ധതിയുടെ ഭാഗമായ എല്ലാം കർഷകർക്കും അവരുടെ ഗുണഭോക്തൃ നില അറിയിച്ച് മെസേജുകളും ലഭിക്കും.