മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം ;ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ ഇടക്കാല ഉത്തരവിറക്കാൻ ഹൈക്കോടതി

0
9

മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതത്തള്ളുന്നതിൽ ഇടക്കാല ഉത്തരവിറക്കാൻ ഹൈക്കോടതി. കോടതി നിർദ്ദേശിച്ചാൽ ആവശ്യം പരിഗണിക്കാമെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

വായ്‌പ എഴുതിത്തള്ളുന്ന കാര്യത്തിൽ റിസർവ് ബാങ്ക് മാർഗ നിർദ്ദേശമനുസരിച്ച് തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രി പങ്കെടുത്ത SLBC യോഗം ശിപാർശ ചെയ്തതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.റിസർവ് ബാങ്ക് മാർഗനിർദ്ദേശമനുസരിച്ച് വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്നായിരുന്നു വാദം. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കാനാവില്ല,വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചനാധികാരമാണ് സുപ്രിംകോടതിയുടെ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മൊറട്ടോറിയം മാത്രമാണ് പരിഗണിക്കാൻ ആവുകയെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

സംസ്ഥാന സർക്കാർ ഇതിനെതിരെ രംഗത്തെത്തി.ബാങ്ക് വായ്പ എഴുതിത്തള്ളണമെന്നാണ് SLBC യോഗത്തിന്റെ ശിപാര്‍ശയെന്ന് സംസ്ഥാനം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.മുഖ്യമന്ത്രി പങ്കെടുത്ത രണ്ട് SLBC യോഗത്തിന്റെ രേഖകള്‍ സര്‍ക്കാര്‍ ഹാജരാക്കുകയും ചെയ്തു.മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വായ്‌പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടി.ഇതോടെയാണ് കേന്ദ്രം നിലപാട് മയപ്പെടുത്തിയത്.

കൊവിഡ് കാലവും വയനാട്ടിലെ ദുരന്ത സാഹചര്യവും വ്യത്യസ്തമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ജനങ്ങളുടെ ഉപജീവനമാർഗ്ഗം നഷ്ടപ്പെടുത്തിയ ദുരന്തമാണ് വയനാട്ടിലേതെന്ന് ഓർമ്മപ്പെടുത്തി.വായ്പ എഴുതിത്തള്ളാന്‍ കേരള ബാങ്ക് തീരുമാനമെടുത്തു.സമാന തീരുമാനമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here