സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസവും മഴ ലഭിയ്ക്കുമെന്നാണ് പ്രവചനം. വിവിധയിടങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ- വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ ലഭിയ്ക്കുക എന്നാണ് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അപ്രതീക്ഷിതമായ കൂടുതൽ മഴ പ്രതീക്ഷിക്കാം.
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചു
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യുനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure Area) മാറി. അടുത്ത 24 മണിക്കൂർ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 24 മണിക്കൂറിൽ വടക്കു -വടക്കു കിഴക്ക് ദിശയിൽ സഞ്ചരിച്ചു ശക്തി കുറയാൻ സാധ്യത.
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 08/04/2025 (ഇന്ന്) മുതൽ 11/04/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.