മലയാളികളുടെ പുതുവർഷമായ ചിങ്ങം ഒന്നു മുതൽ മുതൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാർഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ രൂപീകരിക്കും. ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് കർഷക ദിനത്തിന്റെയും ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കാർഷകർക്കായുള്ള മൊബൈൽ ആപ്പിന്റെയും വെബ് പോർട്ടലിന്റേയും ലോഞ്ചിംഗും മുഖ്യമന്ത്രി നിർവഹിക്കും.
ഇന്ത്യയിൽ ആദ്യമായാണ് സംസ്ഥാന കൃഷി വകുപ്പും കാർഷിക സർവകലാശാലയും ചേർന്ന് കാർഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തിൽ ഒരു സ്ഥിരം സംവിധാനം ആരംഭിക്കുന്നത്. ബ്ലോക്ക് തലത്തിനുപുറമേ, കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലും കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ പ്രവർത്തിക്കും.
ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെയും കർഷക ദിനത്തിന്റേയും ഉദ്ഘാടന ചടങ്ങുകൾ തൃശൂർ ഒല്ലൂക്കര ബ്ലോക്കിലാണ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഗവ: ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ പ്രതാപൻ എം.പി, തൃശൂർ കോർപറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ: ആർ. ചന്ദ്രബാബു, കാര്ഷികോത്പാദന കമ്മീഷണർ ഇഷിതാ റോയ്, കൃഷി ഡയറക്ടർ ഡോ: കെ. വാസുകി എന്നിവർ നേരിട്ടും/ഓൺലൈൻ വഴിയും പങ്കെടുക്കും.
കാർഷിക വിജ്ഞാനവ്യാപന രംഗത്ത് ഒരു സുപ്രധാന കണ്ണിയായിരിക്കും ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ. വിജ്ഞാന വ്യാപനത്തിനായി നിലവിൽ കാർഷിക സർവ്വകലാശാല, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ സംസ്ഥാനത്ത് നിലവിലുണ്ട്. ജില്ലാതലത്തിൽ കൃഷി വിജ്ഞാന കേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ കൃഷി ഭവനുകളുമാണ് നിലവിലുള്ളത്. ഇത് കൂടുതൽ ശക്തിപ്പെടുത്താനാണ് ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ എന്ന ആശയം കൃഷി വകുപ്പ് കൊണ്ടുവന്നതെന്ന് കൃഷിമന്ത്രി പറഞ്ഞു.