ഡല്‍ഹി: മുന്‍ എ ഐ സി സി അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദനയുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയോടെയാണ് സോണിയ ഗാന്ധിയെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്യാന്‍ കഴിയുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
“വയറ്റിലെ ചില പ്രശ്‌നങ്ങൾ കാരണം ഇന്ന് രാവിലെയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നിരുന്നാലും, വലിയ ആശങ്കയൊന്നുമില്ല, നാളെ രാവിലെയോടെ അവരെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്,” സർ ഗംഗാ റാം ആശുപത്രിയിലെ മാനേജ്‌മെന്റ് ബോർഡ് ചെയർമാൻ ഡോ. അജയ് സ്വരൂപ് പറഞ്ഞു.
ഗ്യാസ്ട്രോഎൻട്രോളജി സ്‌പെഷ്യലിസ്റ്റായ ഡോ. സമീരൻ നുണ്ടിയുടെ പരിചരണത്തിലാണ് സോണിയ ഗാന്ധി കഴിയുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ 78 വയസ്സ് തികഞ്ഞ സോണിയ ഗാന്ധി ഫെബ്രുവരി 13 ന് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയിൽ കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനം ഉയർത്തിരുന്നു.
രാജ്യത്ത് ഏകദേശം 14 കോടി ആളുകൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കിയ അവർ സർക്കാരിനോട് ജനസംഖ്യാ സെൻസസ് എത്രയും വേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യസഭയിലെ തന്റെ ആദ്യ സീറോ അവർ ഇടപെടലിൽ, ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകൾ അനുസരിച്ചല്ല, മറിച്ച് 2011 ലെ സെൻസസ് അനുസരിച്ചാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമ (എൻഎഫ്‌എസ്‌എ) പ്രകാരമുള്ള ഗുണഭോക്താക്കളെ കണക്കാക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.