സൗജന്യകിറ്റില്‍ നല്‍കുന്ന സാധനങ്ങള്‍ക്ക് വാങ്ങിയ വിലയേക്കാള്‍ ഇരുപത് ശതമാനം വരെ വിലകൂട്ടി ബില്ലടിക്കണമെന്ന് ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോയുടെ നിര്‍ദേശം. കിറ്റിന്റെ മറവില്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ വേണ്ടിയാണിതെന്നാണ് ആക്ഷേപം. എന്നാല്‍ അധികചെലവ് കണ്ടെത്താനാണ് ബില്ലില്‍ വില കൂട്ടി രേഖപ്പെടുത്തുന്നതെന്നാണ് സപ്ലൈകോയുടെ വിശദീകരണം.
സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ ഓണക്കിറ്റിന്റ ഏകദേശ ചെലവാണിത്. ഇതില്‍ ഒരുകിലോ ശര്‍ക്കരയ്ക്ക് കണക്കാക്കിയിരിക്കുന്ന വില 83 രൂപ. കഴിഞ്ഞ ദിവസം കിറ്റില്‍ വിതരണം ചെയ്ത ശര്‍ക്കയുടെ പായ്ക്കറ്റിലെ എം.ആര്‍.പിയും 83 രൂപ തന്നെ. എന്നാല്‍ 50 രൂപയ്ക്കാണ് സപ്ലൈകോ ശര്‍ക്കര വാങ്ങിയതെന്ന് ടെന്‍ഡര്‍ രേഖകള്‍ വെളിപ്പെടുത്തുന്നു. പക്ഷെ ആ വില ബില്ലില്‍ രേഖപ്പെടുത്തരുതെന്നാണ് മാര്‍ക്കറ്റിങ് മാനേജരുടെ നിര്‍ദേശം. പകരം വാങ്ങിയ വിലയുടെ പതിനൊന്ന് ശതമാനം മാര്‍ജിന്‍ കൂടി ഇട്ടേ ബില്ലടിക്കാവു. അതായത് ശര്‍ക്കരയുടെ വില്‍പന വില 55 രൂപയായിരിക്കണം ബില്ലില്‍. ഇങ്ങനെ ബില്ലടിച്ചാല്‍ 88 ലക്ഷം കിലോ ശര്‍ക്കരയ്ക്ക് സപ്ലൈകോയ്ക്ക് അധികമായി കിട്ടുന്നത് നാലേമുക്കാല്‍ കോടിയോളം രൂപ.
പപ്പടം, വെര്‍മിസില്ലി, തുണിസഞ്ചി എന്നിവയ്ക്കും 20 ശതമാനം വരെ മാര്‍ജിന്‍ ഈടാക്കണമെന്നാണ് ആവശ്യം. പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പടെ കിറ്റിന് ചെലവായ തുക അതേപടി സര്‍ക്കാര്‍ അനുവദിക്കുമ്പോള്‍ എന്തിനാണ് സപ്ലൈകോ അധികലാഭം ഈടാക്കുന്നതെന്നാണ് ചോദ്യം ഉയരുന്നത്.
ഇതിന് സപ്ലൈകോ നൽകുന്ന വിശദീകരണം ഇവയാണ്. കിറ്റ് റേഷന്‍ കടകളിലേക്ക് എത്തിക്കുന്നതിനടക്കമുള്ള അധിക ചെലവ് സപ്ലൈകോയാണ് വഹിക്കേണ്ടത്. മാത്രമല്ല, ബാക്കിവരുന്ന കിറ്റിലെ സാധനങ്ങള്‍ സപ്ലൈകോ ഔട്ട് ലറ്റുകള്‍ വഴി പിന്നീട് വിറ്റഴിക്കണമെങ്കില്‍ വില്‍പന വില മുന്‍കൂട്ടി രേഖപ്പെടുത്തിയേ പറ്റു. ഈ രണ്ട് കാരണങ്ങളാലാണ് വില കൂട്ടി അടിക്കുന്നതെന്നും അല്ലാതെ ലാഭമെടുക്കാനല്ലെന്നും സപ്ലൈകോ പറയുന്നു.