തിരുവനന്തപുരം : പണം നൽകാതെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്ന് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ? ഇന്ത്യൻ റെയിൽവേ പണം നൽകാതെ ടിക്കറ്റ് തരുമോ എന്നാകുമല്ലേ ഇതുകേൾക്കുമ്പോൾ നിങ്ങളുടെ മനസിൽ ഉയരുന്ന ചോദ്യം. പക്ഷേ സംഭവം ശരിയാണ്. പണം അടക്കാതെ തന്നെ ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കാൻ കഴിയുന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കിയശേഷം പണം നൽകുന്ന ‘ബുക്ക് നൗ, പേ ലേറ്റർ’ സംവിധാനമാണ് നിലവിൽ വന്നത്.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻ്റ് ടൂറിസം കോർപറേഷനാണ് (ഐആർസിടിസി) വഴിയാണ് ബുക്ക് നൗ, പേ ലേറ്റർ പദ്ധതി റെയൽവേ നടപ്പിലാക്കുന്നത്. രണ്ടുവർഷംമുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും കഴിഞ്ഞ 26 മുതലാണ് നടപ്പാക്കിത്തുടങ്ങിയത്. പദ്ധതിയിലൂടെ ഐആർസിടിസിയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അക്കൗണ്ടിൽ പണമില്ലെങ്കിലും ടിക്കറ്റ് ലഭിക്കും.
ഐആർസിടിസി വെബ്സൈറ്റിലോ ആപ്പിലോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മാത്രമാണ് ‘ബുക്ക് നൗ, പേ ലേറ്റർ’ ഉപയോഗപ്പെടുത്താൻ കഴിയുക. ടിക്കറ്റ് സെലക്ട് ചെയ്‌തശേഷം ‘ബുക്ക് നൗ പേ ലേറ്റർ’ ഓപ്‌ഷൻ തെരഞ്ഞെടുത്താൽ 14 ദിവസംകഴിഞ്ഞ് പണമടച്ചാൽ മതി. എന്നാൽ ഈ സമയപരിധിക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ 3.5 ശതമാനം സേവന നിരക്ക് (പലിശ) ബാധകമാകും.
യാത്രക്കാർക്ക് ബുക്കിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനും, പേയ്‌മെൻ്റുമായി ബന്ധപ്പെട്ട കാലതാമസം ഇല്ലാതാക്കുന്നതിനും, എളുപ്പത്തിൽ തന്നെ ടിക്കറ്റ് ലഭിക്കുന്നതിനുമാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. യാത്രക്കാർക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിൽ ഉൾപ്പെടെ പുതിയ സംവിധാനം കൊണ്ടുവന്നത്.
എന്നാൽ ഐ ആർ സി ടി സി വഴി ടിക്കറ്റെടുക്കുമ്പോൾ കാലതാമസം നേരിടുന്നതിനാൽ പുതിയ സംവിധാനം എത്രമാത്രം സൗകര്യപ്രദമാകുമെന്ന് പറയാൻ കഴിയില്ലെന്നാണ് യാത്രക്കാരുടെ പ്രതികരണം. അർഥശാസ്‌ത്ര ഫിൻടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഐആർസിടിസി പദ്ധതി നടപ്പിലാക്കുന്നത്.