ദുബായ്: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഔദ്യോഗികമായി ക്ഷണിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കര്‍ ഇതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ കത്ത് ശെയ്ഖ് ഹംദാന് കൈമാറി. ഇന്നലെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയ്ശങ്കര്‍ ക്ഷണക്കത്ത് നല്‍കിയത്. ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കനാണ് പ്രധാനമന്ത്രി ശെയ്ഖ് ദുബായ് കിരീടാവകാശിയെ ക്ഷണിച്ചിരിക്കുന്നത്.
ഡോ. ജയ്ശങ്കറിനെയും അദ്ദേഹത്തിൻ്റെ കൂടെയുള്ള പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്ത ശെയ്ഖ് ഹംദാന്‍, യുഎഇയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ അനുസ്മരിച്ചു. ഇരു രാജ്യങ്ങളിലും തമ്മിലുള്ള ബന്ധം സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക, വികസന മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, അവ കൂടുതല്‍ ശക്തമാക്കേണ്ടതിൻ്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.
യുഎഇ പ്രസിഡൻ്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെയും നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ വലിയ പുരോഗതി കൈവരിക്കാനായതായും ശെയ്ഖ് ഹംദാന്‍ പറഞ്ഞു. ഇരു നേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍, ഇരു രാജ്യങ്ങളുടെയും ഭാവി അഭിലാഷങ്ങള്‍ക്ക് അനുസൃതമായി നിര്‍ണായക മേഖലകളില്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഉഭയകക്ഷി വ്യാപാരം കൂടുതല്‍ വ്യാപിപ്പിക്കുകയും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നിക്ഷേപ അവസരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) കൂടുതല്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍ കൈക്കൊള്ളാനും ഇരു നേതാക്കളും തീരുമാനിച്ചു.