ലോകാരോഗ്യ സംഘടനയിൽ നിന്ന് രാജിവെച്ച് യുഎസ്; പ്രത്യാഘാതങ്ങൾ എന്ത്?

0
17

ലോകാരോഗ്യ സംഘടനയിൽ നിന്നും യുഎസ് പിന്മാറി. ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് യുഎസ് ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറിയത്. എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെയ്ക്കുകയും ചെയ്തു. അമേരിക്കയുടെ പിന്മാറ്റം ലോകാരോഗ്യ സംഘടനയ്ക്ക് വലിയ തിരിച്ചടിയാണ് നൽകുക. ‘ഇതൊരു വലിയ കാര്യമാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത്.

ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടന രോഗങ്ങളെ ചെറുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. പകർച്ചവ്യാധികളിലും ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളിലുമാണ് ലോകാരോഗ്യ സംഘടന ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതിനായി ഭീമയായ തുകയാണ് ഓരോ വർഷവും ലോകാരോഗ്യ സംഘടന നീക്കിവെക്കുന്നത്. അമേരിക്കയുടെ ഈ നീക്കം ലോകാരോഗ്യ സംഘടനയുടെ ഫണ്ടിംഗിൽ നിർണായക കുറവ് രേഖപ്പെടുത്തുമെന്ന് ഉറപ്പാണ്. 2024-25 ബജറ്റ് സൈക്കിളിൽ യുഎസ് സംഭാവനകൾ 662 മില്യൺ ഡോളർ ആയിരുന്നു. അതായത് ഏജൻസിയുടെ മൊത്തം വരുമാനത്തിൻ്റെ 19% അമേരിക്കയുടെ സംഭാവനയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ട്രംപ് ആദ്യതവണ അധികാരത്തിൽ എത്തിയപ്പോൾ കോവിഡ് 19 വൈറസിന്റെ വ്യാപനം തടയാൻ ലോകാരോഗ്യ സംഘടനാ കാര്യമായി പ്രവർത്തിച്ചില്ലെന്ന് വിമർശനം ഉന്നയിച്ചിരുന്നു. കൂടാതെ ചൈനയിലെ വൈറസ് വ്യാപനം ലോകാരോഗ്യ സംഘടന മറച്ചുവെച്ചുവെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ തവണ അധികാരത്തിൽ ഇരുന്നപ്പോൾ തന്നെ ലോകാരോഗ്യ സംഘടനയിൽ നിന്നും രാജിവെക്കാൻ ട്രംപ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ട്രംപിന്റെ ഈ നീക്കത്തെ അഭിഭാഷകരും ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കളും വ്യാപകമായി വിമർശിച്ചു. ഇതിനുപിന്നാലെ ട്രംപ് രാജിവെക്കാനുള്ള നീക്കം ഉപേക്ഷിക്കുകയിയിരുന്നു. 2021 ജനുവരിയിൽ അധികാരമേറ്റ ബൈഡൻ ട്രംപിന്റെ ഈ നീക്കങ്ങൾ പാടെ തള്ളിക്കളഞ്ഞിരുന്നു. പാരീസ് ഉടമ്പടിയിൽ നിന്നും ട്രംപ് പിന്മാറിയിരിക്കുകയാണ്.

അതേസമയം എന്തുകൊണ്ടാണ് ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറുന്നതെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട വാർത്തക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടന വീഴ്ചവരുത്തിയെന്നും അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടും ചെയ്തുവെന്നും യുഎസ് ആവർത്തിച്ച് പറയുന്നു. കൂടാതെ ഭരിച്ച സാമ്പത്തിക സഹായം നൽകേണ്ടി വരുന്നുവെന്നും ചില രാജ്യങ്ങൾക്ക് വലിയ തുക നൽകേണ്ടി വരുന്നില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. 1.4 ബില്യൺ ജനസംഖ്യയുള്ള ചൈനയിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ജനസംഖ്യയുടെ 300 ശതമാനം അധികമാണ്. എന്നിട്ടും ലോകാരോഗ്യ സംഘടനയ്ക്ക് ചൈന സംഭാവന നൽകുന്നത് 90 ശതമാനം കുറവാണ് എന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here