മുസാഫർനഗർ: കലിംഗ ഉത്കൽ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് റെയിൽവേ ഉദ്യോഗസ്ഥർക്ക് മുസാഫർനഗർ കോടതി സമൻസ് അയച്ചു. ഒക്ടോബർ 17നു കോടതിയിൽ ഹാജരാകാനാണു നിർദേശം. സീനിയർ സെക്ഷൻ എൻജിനിയർ ഇന്ദ്രജിത് സിംഗ് ഉൾപ്പെടെ അഞ്ചുപേരെ പ്രതികളാക്കി റെയിൽവേ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കഴിഞ്ഞമാസം കുറ്റപത്രം സമർപ്പിച്ചിരുന്നു.
23 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടകാരണമെന്നു കുറ്റപത്രത്തിൽ പറയുന്നു. നോട്ടീസ് ലഭിച്ചവരിൽ സർവീസിൽനിന്നു പിരിച്ചുവിട്ട ഉദ്യോഗസ്ഥരുമുണ്ട്.
2017 ഓഗസ്റ്റ് 19ന് ഒഡീഷയിലെ പുരിയിൽനിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്കുള്ള യാത്രാമധ്യേ ഖടൗലി ടൗണിനുസമീപം കലിംഗ ഉത്കൽ എക്പ്രസ് ട്രെയിനിന്റെ 14 കോച്ചുകൾ പാളം തെറ്റിയാണ് അപകടമുണ്ടായത്. നൂറോളം പേർക്കു പരിക്കേറ്റിരുന്നു.