പി.വി അൻവറിനെതിരെ സി.പി.എമ്മിൻ്റെ ഫ്ലക്സ് ബോർഡ്

0
37

പി.വി.അൻവര്‍ എംഎല്‍എയ്ക്കെതിരെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഎം. അൻവറിൻ്റെ എടവണ്ണ ഒതായിയിലെ വീടിനു മുന്നിലാണ് സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്’ എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡാണ് സ്ഥാപിച്ചത്. പിണറായി വിജയന്‍റെയും എം.വി. ഗോവിന്ദന്‍റെയും ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, പി.വി.അൻവറിനെ പിന്തുണച്ച് മലപ്പുറം തുവ്വൂരിൽ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നു.  പി.വി. അൻവര്‍ എംഎല്‍എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് ഫ്ലക്സ് ബോര്‍ഡ്. ലീഡര്‍ കെ. കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ഉയർന്നത്. പി.വി. അൻവറിന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്സ് ബോര്‍ഡിലെഴുതിയിരിക്കുന്നത്.

ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പിണറായി ഭരണത്തെ വിമര്‍ശിച്ച അന്‍വര്‍ എട്ട് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിൻ്റെ സംഭാവന പൊതുപ്രവര്‍ത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതാണെന്ന് കൂട്ടിച്ചേര്‍ത്തു. സഖാക്കള്‍ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥയെന്നും കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നും അന്‍വര്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കൊപ്പം പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് പി വി അന്‍വര്‍ ഉന്നയിച്ചത്. പി ശശി കാട്ടുകള്ളനാണെന്നും പി ശശിയാണ് മുഖ്യമന്ത്രിയെ കേരള ജനതയ്ക്ക് മുന്നില്‍ വികൃതമാക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. പി ശശിയും എഡിജിപി അജിത് കുമാറും ചതിക്കുമെന്ന് മുഖ്യമന്ത്രിയോട് താന്‍ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയും താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ കേട്ടഭാവം നടിച്ചില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയി. അതിന് കാരണക്കാരന്‍ പി ശശിയാണ്. കേരളീയ ജനസമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.

എന്നാല്‍ അന്‍വര്‍ ഉന്നയിച്ച ആക്ഷേപങ്ങളെ തളളിപ്പറയാനാണ് പാര്‍ട്ടിയില്‍ തീരുമാനം. അന്‍വറിനെതിരെ എന്ത് നടപടി സ്വീകരിക്കാമെന്ന് നേതൃത്വം അലോചിക്കും. കേന്ദ്ര കമ്മിറ്റി യോഗത്തിന് മുന്‍പ് കേരളത്തില്‍ നിന്നുളള നേതാക്കള്‍ കൂടിയാലോചന നടത്തും. ഇനിയും അന്‍വറിനെ പിന്തുണച്ച് പോകാനാവില്ലെന്ന വികാരത്തിലാണ് സംസ്ഥാന നേതൃത്വം. ഇന്ന് വൈകുന്നേരം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയുമടക്കം പേരെടുത്ത് പറഞ്ഞാണ് അന്‍വര്‍ വിമര്‍ശിച്ചത്. ഇതോടെ അന്‍വറിനെ കൈവിടാതെ രക്ഷയില്ലെന്ന നിലപാടിലാണ് സിപിഐഎം. അന്‍വറിൻ്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഐഎം നേതാക്കള്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here