കെനിയയിൽ വൻ പ്രതിഷേധം;

0
74

നെയ്റോബി: കടുത്ത എതിർപ്പിനിടെ നികുതി ഉയർത്താനുള്ള വിവാദ ധന ബിൽ പാർലമെൻ്റ് പാസാക്കിയതോടെ കെനിയൻ തലസ്ഥാനമായ നെയ്റോബിയും മറ്റ് നഗരങ്ങളും സംഘർഷഭരിതം. നെയ്റോബിയിലെ ഗവർണറുടെ ഓഫീസിനും പാർലമെൻ്റ് കോംപ്ലക്സിനും പ്രതിഷേധക്കാർ തീയിട്ടു. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി.

പോലീസ് നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.രാജ്യത്ത് ജീവിതച്ചെലവ് രൂക്ഷമായതിനിടെ നികുതി കൂടി ഉയ‍ർത്താനുള്ള സർക്കാർ തീരുമാനമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. പോലീസിൻ്റെ കനത്ത സുരക്ഷയിലാണ് പാർലമെൻ്റ് ഇന്ന് സമ്മേളിച്ചത്.

ബില്ലിന്മേലുള്ള ച‍ർച്ച ആരംഭിച്ചതോടെ പോലീസ്, പാർലമെൻ്റിനും പ്രസിഡൻ്റിന്റെ ഓഫീസും വസതിയും ഉൾക്കൊള്ളുന്ന സ്റ്റേറ്റ് ഹൗസിനും സുരക്ഷ ശക്തമാക്കിയിരുന്നു. ബില്ല് പാസാക്കി സഭ പിരിഞ്ഞെങ്കിലും പ്രതിഷേധക്കാ‍ർ കെട്ടിടത്തിന് പുറത്ത് സംഘടിച്ചു.

പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെ പ്രതിഷേധക്കാർ പോലീസിനുനേരെ കല്ലേറ് നടത്തി.ബാരിക്കേഡുകൾ മറികടന്ന് ഇരച്ചുകയറിയ പ്രതിഷേധക്കാർ നെയ്റോബിയിലെ ഗവർണറുടെ ഓഫീസിനും പാർലമെൻ്റ് കോംപ്ലക്സിൻ്റെ ഒരു ഭാഗത്തും തീയിട്ടു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ വാർത്താ മാധ്യമങ്ങൾ പുറത്തുവിട്ടു.

സിറ്റി ഹാളിൽ പടർന്ന തീ നിയന്ത്രണവിധേയമാക്കാനായി പോലീസ് ജലപീരങ്കി പ്രയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം പോലീസ് പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധം കൂടുതൽ അക്രമാസക്തമായി.

 

പോലീസ് നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. 50 ഓളം പേർക്ക് പരിക്കേറ്റതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുണ്ട്.

പോലീസ് നാല് പേർക്ക് നേരെ വെടിയുതിർത്തതായും ഒരാൾ കൊല്ലപ്പെട്ടതായും കെനിയൻ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. സംഭവത്തെ കമ്മീഷൻ ശക്തമായി അപലപിച്ചു. അതേസമയം പ്രസിഡൻ്റ് വില്യം റുട്ടോ രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here